1470-490

ബോബ് മാർലി: പ്രതിരോധത്തിൻ്റെ സംഗീതം

സി.ആർ. സുരേഷ്

ഫീച്ചർ ഡെസ്ക്:”ഒരു സ്നേഹം, ഒരു ഹൃദയം. നമുക്ക് ഒത്തുചേരാം, എല്ലാം ശരിയാകും”
മൂന്നാം ലോകത്തുനിന്ന് ലോകം കീഴടക്കിയ ആദ്യ സംഗീതകാരനായിരുന്നു ബോബ് മാർലി. ലോകസമാധാനത്തെയും സ്നേഹത്തെയും സമത്വത്തെയും പ്രതീക്ഷയെയും ഐക്യത്തെയും കറുത്ത വർഗ്ഗക്കാർക്ക് അധികാരം കൈമാറുന്നതിനെയും സംബന്ധിച്ച ‘റാസ്റ്റ്ഫേറിയൻ’ വിശ്വാസത്തിന്റെ പ്രതീകമാണ് അമേരിക്കൻ, ആഫ്രിക്കൻ, ജമൈക്കൻ ശൈലികളുടെ സമ്മേളിതരൂപമായ ബോബ് മാർലിയുടെ സംഗീതം.

ജമൈക്കയിലെ ഒരു ജനത അനുഭവിച്ചുകൊണ്ടിരുന്ന അടിമത്തത്തിന്റെയും ദുരന്തങ്ങളുടെയും നേർക്കുള്ള പ്രതിഷേധത്തിന്റെ സ്വരമായിരുന്നു അത്.

പ്രതിരോധത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും സംഗീതമാണ് ബോബ് മാർലിയെ ലോകത്തിന് മുന്നിൽ പോരാളിയാക്കിയത്. കലയെങ്ങിനെയാണ് വ്യവസ്ഥിതികളോട് കലഹിക്കുവാനും പ്രതിരോധിക്കുവാനുമുള്ള മാർഗമായിത്തീരുന്നതെന്ന് ബോബ് മാർലിയുടെ ഗാനങ്ങൾ നമുക്ക് പറഞ്ഞുതരുന്നു.

യുദ്ധവിരുദ്ധപ്രസ്‌ഥാനത്തിനും സാമൂഹിക അസമത്വങ്ങൾക്കെതിരായ പോരാട്ടത്തിനും മാർലിയുടെ പാട്ട് കൂട്ടായിട്ടുണ്ട്.

ജമൈക്കയിലെ സെയ്ന്റ് ആൻ-ൽ ജനനം.
കറുത്ത വർഗക്കാരിയായ അമ്മക്കും വെള്ളക്കാരനായ അച്ഛനും ജനിച്ചതിന്റെ പേരിൽ പരിഹാസമേറ്റു വാങ്ങിയ ബോബ് മാർലി, തന്നെ ഒരു കറുത്ത ആഫ്രിക്കൻ വംശജനായി കണ്ടാൽ മതിയെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് തന്റെ സമരത്തിന് തുടക്കം കുറിച്ചു.

പതിനാല് വയസ്സിൽ സ്കൂളിൽ പഠിക്കുമ്പോൾ തന്റെ അർധസഹോദരനോടൊപ്പം സംഗീതപരിപാടികൾ അവതരിപ്പിക്കാനാരംഭിച്ചു.

ബണ്ണി വെയ്ലർ, പീറ്റർ റ്റോഷ് എന്നീ സംഗീതത്രയങ്ങൾ ചേർന്ന് ‘ദ വെയ്ലേഴ്സ്’ എന്ന സംഗീതട്രൂപ്പ് രൂപവത്കരിച്ചു.

1930-ൽ ജമൈക്കയിൽ ആരംഭിച്ച റസ്തഫാരിയിസമെന്ന ആത്മീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായി. ‘പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക’ എന്നതായിരുന്നു റസ്തഫാരിയുടെ പ്രധാന ലക്ഷ്യം.

‘ബഫല്ലോ സോൾജിയർ’, ‘ഗെറ്റ് അപ് സ്റ്റാൻഡ് അപ്’, ‘ത്രീ ലിറ്റിൽ ബേഡ്സ്’ എന്നിവയെല്ലാം ബോബ് മാർലിയുടെ എക്കാലത്തെയും ഹിറ്റുകളാണ്. മരണശേഷം പുറത്തിറങ്ങിയ ‘ലെജൻഡ്’ എന്ന ആൽബത്തിന്റെ കോടിക്കണക്കിനു കോപ്പികളാണ് വിറ്റുപോയത്.

2013-ൽ ഇറങ്ങിയ മലയാള ചലച്ചിത്രം ഹണീ ബീയി’ൽ അദ്ദേഹത്തിന്റെ “ഗഞ്ച ഗൺ” എന്ന ഗാനം ഉപയോഗിച്ചിട്ടുണ്ട്.

1999-ൽ ടൈം മാസിക അദ്ദേഹത്തിന്റെ ‘എക്‌സോഡസ്’ എന്ന ആൽബം ഇരുപതാം നൂറ്റാണ്ടിലെ മികച്ച ആൽബമായി തെരഞ്ഞെടുത്തു. 2001-ൽ ഗ്രാമി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടികൊടുത്തു.

Comments are closed.