1470-490

ഗൗരിയമ്മ ചോദിച്ചു-മാഷ് എപ്പോ മടങ്ങിപ്പോകും

തിരുവനന്തപുരം: ഒരു കാര്യം തീരുമാനിച്ചാല്‍ അതെങ്ങനെയും നടപ്പാക്കുകയെന്ന നിശ്ചയാര്‍ഢ്യമുള്ള നേതാവായിരുന്നു ഗൗരിയമ്മ. അതിന് മുന്നില്‍ ചുവപ്പു നാടകള്‍ വരെ പൊട്ടിച്ചെറിയപ്പെട്ട ചരിത്രമുണ്ട്. ഉദ്യോഗസ്ഥരുടെ തടസവാദങ്ങളെ തള്ളി തീരുമാനമെടുക്കുന്നതില്‍ പ്രധാനി തന്നെയായിരുന്നു ഗൗരിയമ്മ. അതില്‍ മറക്കാനാവാത്ത സംഭവമാണ് തിരുവനന്തപുരത്ത് ആശാന്റെ പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട സംഭവം. തലസ്ഥാനത്ത് ആശാന്റെ പ്രതിമ വേണമെന്ന ആവശ്യവുമായി ജോസഫ് മുണ്ടശേരിയും സംഘവും മന്ത്രിയായിരിക്കെ ഗൗരിയമ്മയെ കാണാന്‍ ചെന്നു. സര്‍വകലാശാലക്കു മുന്നില്‍ സ്ഥലവും അവര്‍ കണ്ടുവെച്ചു. അപേക്ഷ റവന്യു മന്ത്രിയുടെ മുന്നില്‍. പക്ഷേ, സ്ഥലം അനുവദിക്കല്‍ അത്ര എളുപ്പമായിരുന്നില്ല. വിശദാന്വേഷണത്തിന്റെ രൂപത്തില്‍ ഉടക്കുകള്‍ മാത്രമായിരുന്നു മുന്നില്‍. തുടര്‍ന്ന് മുണ്ടശേരി ഒരുനാള്‍ ഉച്ചതിരിഞ്ഞ് മന്ത്രിയുടെ മുറിയിലേയ്ക്കു പാഞ്ഞ്് ചെന്നു. തന്റെ രോഷം അറിയിച്ചു. ഒപ്പം പരിഭവവും.
എല്ലാം കേട്ട ഗൗരിയമ്മ ഒന്നേ ചോദിച്ചുളളൂ’മാഷ് എപ്പോ മടങ്ങിപ്പോകും?’ ‘വൈകുന്നേരത്തെ മലബാര്‍ എക്‌സ്പ്രസില്‍’എന്ന് മറുപടി. മുണ്ടശേരി ഇറങ്ങിയയുടന്‍ ഗൗരിയമ്മ ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരെ വിളിച്ചു വരുത്തി പ്രതിമ സ്ഥാപിക്കാന്‍ സ്ഥലമനുവദിക്കാനുളള ബുദ്ധിമുട്ട് ആരാഞ്ഞു. ഓരോരോ തടസങ്ങള്‍ അവര്‍ നിരത്തി. മന്ത്രി ഫയലെടുപ്പിച്ചു. വാമൊഴിയായി പറഞ്ഞ തടസങ്ങള്‍ ഫയലില്‍ എഴുതാന്‍ ആവശ്യപ്പെട്ടു.

എതിര്‍പ്പുകള്‍ ഓരോരുത്തരായി എഴുതി. ശേഷം ഫയല്‍ മന്ത്രിയ്ക്ക്. അവരുടെ വക രണ്ടേ രണ്ടു വാക്ക് ഓവര്‍ റൂള്‍ഡ്. സ്ഥലം അനുവദിച്ചുള്ള ഉത്തരവ് വൈകുന്നേരത്തെ മലബാര്‍ എക്‌സ്പ്രസില്‍ പോകുന്ന മുണ്ടശേരിയുടെ കൈവശം നല്‍കണമെന്ന് കര്‍ശന നിര്‍ദേശവും. അങ്ങനെ ആശാന്‍ പ്രതിമ യാഥാര്‍ഥ്യമായി. അതായിരുന്നു, ഗൗരിയമ്മ. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. അടുത്തറിഞ്ഞവര്‍ക്കും കേട്ടറിഞ്ഞവര്‍ക്കും ഇച്ഛാശക്തിയുടെയും കാര്‍ക്കശ്യത്തിന്റെയും ആള്‍രൂപമായിരുന്നു ആ ധീര വ്യക്തിത്വം.

അതിരുകളില്ലാത്ത സ്വാതന്ത്ര്യബോധമാണ് അതിന്റെ അടിത്തറ. പൊതുരംഗത്തും ഗാര്‍ഹികജീവിതത്തിലും സ്ത്രീകള്‍ ദയാരഹിതമായി അടിച്ചമര്‍ത്തപ്പെട്ട കാലത്താണ് ഗൗരിയമ്മ രാഷ്ട്രീയത്തിലിറങ്ങിയത്. ഒരുതരം വിവേചനത്തിനും കീഴ്‌പ്പെടാതെ തലയുയര്‍ത്തി അവര്‍ പൊതുമണ്ഡലത്തില്‍ നിലയുറപ്പിച്ചു. ശ്വാസമുള്ളിടത്തോളം സ്ത്രീയെ അപമാനിക്കുന്നതിനെതിരെ അണിനിരക്കുമെന്ന ആ വാക്കുകളില്‍ തലകുനിക്കാതെ ജീവിച്ച ദശാബ്ദങ്ങളുടെ ഉള്‍ക്കരുത്തുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689