1470-490

Dangerouse Biography

സൂരജ്. സി.ആര്‍

സ്‌പെഷ്യല്‍ ഡെസ്‌ക്: ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജര്‍മനി എന്ന സ്വപ്നത്തിനും വേണ്ടി കൊടുംപാതകങ്ങളിലൂടെ ലോകത്തെ വിറപ്പിച്ച ഭരണാധികാരിയായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍.

ലോകം കണ്ട ഏറ്റവും നിഷ്ഠൂരരായ ഏകാധിപതികളിലൊരാളായും ക്രൂരതയുടെ പര്യായമായും ചരിത്രം ഹിറ്റ്‌ലറെ വിലയിരുത്തുന്നു.

ജൂതരോടും കമ്യൂണിസ്റ്റുകളോടുമുള്ള അന്ധമായ വിരോധമായിരുന്നു ഹിറ്റ്‌ലറുടെ രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ മുഖമുദ്ര. ഹിറ്റ്‌ലറുടെ കാലത്തെ കുപ്രസിദ്ധമായ ‘കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പു’കളില്‍ ലക്ഷകണക്കിന് ജൂതരും കമ്യൂണിസ്റ്റുകളും മറ്റു രാഷ്ട്രീയ എതിരാളികളും ചിട്ടയോടെ കൊലചെയ്യപ്പെട്ടു. നാസികള്‍ക്ക് അനഭിമതരായവരെ മുഴുവന്‍ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇല്ലാതാക്കി. ഈ കൂട്ടക്കുരുതികളാണ് ‘ഹോളോകോസ്റ്റ് ‘ എന്ന പേരില്‍ അറിയപ്പെടുന്നത്.

ഓസ്ട്രിയയില്‍ ജര്‍മന്‍ അതിര്‍ത്തിക്കു സമീപമുള്ള ലിന്‍സ് പ്രവിശ്യയില്‍ ജനനം.
കുട്ടിക്കാലത്ത് മാതാപിതാക്കള്‍ മരിച്ചതിനാല്‍ താത്പ്പര്യപ്രകാരം ചിത്രകല പഠിക്കാന്‍ വിയന്നയിലെത്തി. വിയന്ന സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ രണ്ടുവട്ടം പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതോടെ അവിടെ ചിത്രങ്ങള്‍ വരച്ചുവിറ്റ് ജീവിതമാര്‍ഗം കണ്ടെത്തി. ഈ സമയത്താണ് ജൂതവിരുദ്ധആര്യമേധാവിത്ത ആശയങ്ങളുമായി അടുക്കുന്നത്.

1914ല്‍ ജര്‍മനി ഒന്നാം ലോകയുദ്ധത്തില്‍ പ്രവേശിച്ചപ്പോള്‍ ജര്‍മന്‍ സൈന്യത്തില്‍ ചേര്‍ന്നു. യുദ്ധാനന്തരം ജര്‍മന്‍ സൈന്യത്തിലെ ചാരനായി. അതിന്റെ ഭാഗമായി ദേശീയവാദി കക്ഷിയായ ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ടിയില്‍ അംഗത്വമെടുത്തു. പാര്‍ട്ടി സ്ഥാപകന്‍ ആന്റണ്‍ ഡ്രെക്‌സ്‌ലറുടെ സെമിറ്റിക് വിരുദ്ധ, ദേശീയ, മാര്‍ക്‌സിസ്റ്റ് വിരുദ്ധ ആശയങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

1920ല്‍ സൈന്യം വിട്ട് മുഴുവന്‍സമയ പാര്‍ടി പ്രവര്‍ത്തകനായി. പാര്‍ടിയുടെ പേര് നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മന്‍ വര്‍ക്കേഴ്‌സ് പാര്‍ടി (നാസി) എന്നാക്കി.

1921ല്‍ ഡ്രെക്‌സ്‌ലറിന് പകരം നാസി പാര്‍ട്ടി ചെയര്‍മാനായി. തുടര്‍ന്ന് ഒന്നാം ലോകമഹായുദ്ധത്തിലെ (19141918) പരാജയം ജര്‍മന്‍ ദേശീയ ബോധത്തിന് ഏല്‍പ്പിച്ച ആഘാതം മുതലെടുക്കാനായി ഹിറ്റ്‌ലറുടെ ശ്രമം. അതിന് തീവ്രമായ, അതിരുകവിഞ്ഞ രാജ്യസ്‌നേഹവും ദേശീയ ബോധവും തന്റെ വ്യക്തിപ്രഭാവത്തിലൂടെയും പ്രസംഗപാടവത്തിലൂടെയും ഉപയോഗപ്പെടുത്തി.

ഹിറ്റ്‌ലര്‍ നാസി പാര്‍ട്ടി ബാനര്‍ രൂപകല്‍പ്പന ചെയ്യുകയും സ്വസ്തിക ചിഹ്നം സ്വീകരിച്ച് ചുവന്ന പശ്ചാത്തലത്തില്‍ ഒരു വെളുത്ത സര്‍ക്കിളില്‍ സ്ഥാപിക്കുകയും ചെയ്തു. വെര്‍സൈല്‍ ഉടമ്പടി, എതിരാളികളായ രാഷ്ട്രീയക്കാര്‍, മാര്‍ക്‌സിസ്റ്റുകള്‍, ജൂതന്മാര്‍ എന്നിവര്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങളില്‍ അദ്ദേഹം പെട്ടെന്നുതന്നെ കുപ്രസിദ്ധി നേടി.

1923 നവംബര്‍ 8ന് മ്യൂണിക്കിലെ ഒരു വലിയ ബിയര്‍ ഹാളില്‍ ബവേറിയന്‍ പ്രധാനമന്ത്രി ഗുസ്താവ് കഹറിനെ ഉള്‍പ്പെടുത്തി നടത്തിയ പൊതുയോഗത്തില്‍ ദേശീയ വിപ്ലവം ആരംഭിച്ചതായി ഹിറ്റ്‌ലര്‍ പ്രഖ്യാപിക്കുകയും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ കലാപം നിരവധി മരണങ്ങള്‍ക്ക് കാരണമായി. ബിയര്‍ ഹാള്‍ പുഷ് എന്നറിയപ്പെടുന്ന ഈ അട്ടിമറി പരാജയപ്പെട്ടതോടെ ജയിലിലായി.

1924ല്‍ ജയില്‍ മോചിതനായി നാമാവശേഷമായ പാര്‍ടിയെ പുനരുജ്ജീവിപ്പിച്ചു. തെരെഞ്ഞെടുപ്പുകളില്‍ പാര്‍ടി നേട്ടമുണ്ടാക്കി. വന്‍ സാമ്പത്തിക മാന്ദ്യം ജര്‍മനിയെ ഉലച്ചപ്പോള്‍, മധ്യവര്‍ഗം നാസി കക്ഷിയില്‍ പ്രതീക്ഷയര്‍പ്പിച്ചു. ഭൂരിപക്ഷമില്ലെങ്കിലും പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

1932ല്‍ ജര്‍മന്‍ പൗരത്വമെടുത്തു.
1933ല്‍ ചില രാഷ്ട്രീയ ചരടുവലികളുടെ ഭാഗമായി ജര്‍മന്‍ ചാന്‍സലറായി. ജൂലൈ 14ന് ഹിറ്റ്‌ലറുടെ നാസി പാര്‍ട്ടി ജര്‍മ്മനിയിലെ ഏക നിയമ രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കപ്പെട്ടു. അതേ വര്‍ഷം ഒക്ടോബറില്‍ ജര്‍മ്മനി ലീഗ് ഓഫ് നേഷന്‍സില്‍ നിന്ന് പിന്മാറാന്‍ ഹിറ്റ്‌ലര്‍ ഉത്തരവിട്ടു .

1934ല്‍ പ്രസിഡന്റ് ഹിന്‍ഡന്‍ബര്‍ഗ് അന്തരിച്ചപ്പോള്‍ ഇരു പദവികളും സംയോജിപ്പിച്ച് ഹിറ്റ്‌ലര്‍ ‘ഫ്യുറര്‍’ ആയി സ്വയം അവരോധിച്ചു. ഏകാധിപത്യവാഴ്ച ആരംഭിച്ച ഹിറ്റ്‌ലര്‍ തന്റെ പ്രചാരണ വിഭാഗം തലവനായ ‘ജോസഫ് ഗീബല്‍സി’ന്റെ സഹായത്തോടെ മാധ്യമങ്ങളെ മുഴുവന്‍ നിയന്ത്രണത്തിലാക്കി. ജര്‍മനിയുടെയും തന്റെയും നിലനില്‍പ്പിനും നന്മയ്ക്കും ഭീഷണിയെന്നു വിശ്വസിച്ച സകലരെയും കൊന്നൊടുക്കി.

വിശാല ജര്‍മനി എന്ന ഹിറ്റ്‌ലറുടെ സ്വപ്നം രണ്ടാം ലോകമഹായുദ്ധത്തിന് വഴിവച്ചു. 1938 ല്‍ ഓസ്ട്രിയയും 1939 ല്‍ ചെക്കോസ്ലോവാക്യയും കീഴടക്കി.1939 ല്‍ പോളണ്ടിനെ ആക്രമിച്ചപ്പോള്‍ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിക്കു നേരെ യുദ്ധം പ്രഖ്യാപിച്ചു.1941 ജൂണ്‍ 22ന് സോവിയറ്റ് റഷ്യയെ അക്രമിച്ചതോടെയാണ് ഹിറ്റ്‌ലറുടെ നാശം ആരംഭിച്ചത്. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ചെമ്പട ജര്‍മനിയെ തോല്‍പ്പിച്ചു.

Volume 2, Page 40, Picture 1, Nazi leader Adolf Hitler waves to the crowd as he is given the Nazi salute by thousands of supporters (Photo by Popperfoto/Getty Images)

1945ല്‍ കമ്യൂണിസ്റ്റ് ചെമ്പട സ്വന്തം വാതില്‍ക്കലെത്തിയതോടെ ഹിറ്റ്‌ലര്‍ ഭാര്യ ഈവാ ബ്രൗണിനൊപ്പം ആത്മഹത്യ ചെയ്തു. ഹിറ്റ്‌ലര്‍ മുന്‍കൂട്ടി നിശ്ചയിച്ചപ്രകരം, അദ്ദേഹത്തിന്റെ വിശ്വസ്തരായ ജനറല്‍മാര്‍ രണ്ടു ജഡങ്ങളും പെട്രോളൊഴിച്ചു കത്തിച്ചു.

ഹിറ്റ്‌ലറുടെ ആത്മകഥയാണ്
‘മെയ്ന്‍ കാംഫ് ‘ (എന്റെ പോരാട്ടം).
1923ല്‍ ബവേറിയയിലെ ജയിലില്‍ വച്ചായിരുന്നു ഇത് എഴുതിയത്.
ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജര്‍മ്മനി എന്ന സ്വപ്നത്തിനും കൂടി നടത്തിയ കൊടുംപാതകങ്ങളിലൂടെ ഹിറ്റ്‌ലര്‍ നടത്തിയ നയപ്രഖ്യാപനമായ ഇത് ലോകത്തിലെ ഏറ്റവും അപകടംപിടിപ്പിച്ച ആത്മകഥയായി കരുതുന്നു.

Comments are closed.