1470-490

സ്വകാര്യ ചികിത്സാ കൊള്ളയ്ക്ക് മൂക്കുകയർ

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ചികിത്സാ കൊള്ളയ്ക്ക് മൂക്കുകയറിട്ട് സർക്കാർ. ചികിത്സാ നിരക്ക് സർക്കാർ നിജപ്പെടുത്തി വിജ്ഞാപനം ഇറങ്ങി. ജനറൽ വാർഡുകൾക്ക് എല്ലാ ചെലവുകളും ഉൾപ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ. ഒരു ദിവസം ജനറൽ വാർഡിൽ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.
കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഉൾപ്പെടുത്തിയത്. രജിസ്ട്രേഷൻ, കിടക്ക, നേഴ്സിങ് ചാർജ് തുടങ്ങിയവ അടക്കമുള്ളവ ഉൾപ്പെടെ 2645 രൂപ മാത്രമേ ജനറൽ വാർഡുകളിൽ ഈടാക്കാവൂ .
സിടി സ്കാൻ അടക്കമുള്ള പരിശോധനകൾക്ക് അധിക ചാർജ് ഈടാക്കാം.
ഏതെങ്കിലും കാരണവശാൽ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാൽ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികൾക്ക് പരാതി നൽകാം. നേരിട്ടോ ഇ-മെയിൽ വഴിയോ പരാതി നൽകാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയിൽനിന്ന് ഈടാക്കും.
സർക്കാർ നിശ്ചയിച്ച നിരക്കിൽ കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികൾ കോടതിയിൽ വ്യക്തമാക്കി. സിടി സ്കാൻ അടക്കമുള്ളവയക്ക് 4000-5000 രൂപയാകും. മൂന്ന് ഷിഫ്റ്റ് ആയാണ് നഴ്സുമാർ ജോലിചെയ്യുന്നത്. എട്ട് മണിക്കൂറിൽ കൂടുതൽ ഒരു പിപിഇ കിറ്റ് ധരിക്കാൻ സാധിക്കില്ല. സ്വകാര്യ ആശുപത്രികളുടെ ഭാഗത്തുനിന്നുള്ള ഇത്തരം കാര്യങ്ങൾ പരിഗണിച്ചുകൊണ്ടുവേണം വിധി പറയാനെന്നും അവർ കോടതിയെ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689