1470-490

ഞാന്‍ നുജൂദ് ,വയസ്സ് 10 വി /വാഹ മോചിത

നൗഫൽ കർത്താർ

ജഡ്ജി- ”നിനക്ക് എന്താണ് വേണ്ടത്?
നുജൂദ് : ”എനിക്ക് വിവാഹമോചനം വേണം”
ജഡ്ജി : ”നിനക്ക് എത്ര വയസ്സാണ്?” നുജൂദ് : ”പത്ത് വയസ്സ് “
“ജഡ്ജി :നീ ഇപ്പോഴും കന്യകയാണോ? “
നുജൂദ് -”അല്ല രക്തമൊലിക്കുകയുണ്ടായി”

(”ഞാന്‍ നുജൂദ് ,വയസ്സ് 10 വിവാഹ മോചിത”)

   നുജൂദ് -എന്‍റെ കുഞ്ഞി പെങ്ങള്‍ ,അവളുടെ ജീവിതത്തിന്‍റെ കഥയായ ''ഞാന്‍ നുജൂദ്'' ഈ പോസ്റ്റിലൂടെ നിങ്ങളെ പരിചയപ്പെടുത്താന്‍ ടൈപ്പ് ചെയ്യുമ്പോളും എന്‍റെ കണ്ണിലൂടെ പൊഴിഞ്ഞ  കണ്ണീരിന്‍റെ ഉപ്പുരസം മാറിയിട്ടില്ല.എന്‍റെ നുജൂദ്അനാഥയല്ല എന്നാല്‍  രാജകുമാരിയുമല്ല. അച്ഛനമ്മമാരും സഹോദരങ്ങളും ബന്ധുജനങ്ങളും കളിക്കൂട്ടുകരുമൊക്കെയുള്ള ഒരു സുന്ദരിപ്പെണ്ണ്. ഒളിച്ചുകളിക്കാനും ചോക്ലേറ്റ് തിന്നാനുംചിത്രം വരയ്ക്കാനുമൊക്കെ ആഗ്രഹമുള്ള ഒരു ഗ്രാമീണ പെണ്‍കുട്ടി,അവള്‍ ചിരിക്കുമ്പോള്‍ അവളുടെ നുണക്കുഴി കാണാന്‍ എന്തു ചന്തമാണന്നോ.....

എന്നാല്‍ അവള്‍ക്ക് , എന്‍റെ നുജൂദിന് ഒമ്പത് വയസ്സുള്ളപ്പോള്‍ അവളുടെ ചിരിമാഞ്ഞു അതെ അവളുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നു.വളരെ ചെറിയ പ്രായത്തില്‍ വിവാഹിതയാകുകയും പത്താം വയസ്സില്‍ വിവാഹ മോചിതയാകുകയും ചെയ്ത യമനിലെ നുജൂദ് അലിയുടെ ജീവിത കഥയാണിത്.സ്വന്തം ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെട്ട് തന്‍റെ അനുഭവങ്ങള്‍ ലോകത്തോടും നിയമത്തോടും വിളിച്ചു പറഞ്ഞ ധൈര്യശാലിയായ ഒരു പെണ്‍കുട്ടിയുടെ പൊള്ളുന്ന, കണ്ണീരണിയിക്കുന്ന ജീവിത കഥ.

യമനിലെ യാഥാസ്ഥിക കുടുബത്തിൽ അലി മുഹമ്മദ് – ഷോയ ദമ്പതികളുടെ പതിനഞ്ചാമത്തെ സന്തതിയായിരുന്നു നുജൂദ് അലി ജനിച്ച് വീണത്.വീട്ടിലെ ദാരിദ്ര്യവും മറ്റുംമൂലം തന്‍റെ ഒൻപതാമത്തെ വയസ്സിൽ, വിവാഹ ജീവിതം എന്തെന്ന് അറിയാത്ത ബാല്യത്തില്‍ തന്നേക്കാൾ മൂന്നിരട്ടി വയസ്സുള്ള ഫൈസ് അലി താമർ എന്ന മുപ്പത്തിയൊന്നു വയസ്സുകാരന്റെ
ഭാര്യ ആകേണ്ടി വന്നു ആ ബാലികയ്ക്ക്.
ആദ്യ രാത്രിയിൽ തന്നെ ക്രൂരമായ പീഠനത്തിന് അവളിരയായി. പല രാത്രികളിലും അയാളെ ഭയന്ന് അവൾ ഒളിച്ചിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയും ശാരീരികമായി ആക്രമിച്ചും അവളെ ക്രൂരമായി പീഡിപ്പിച്ചു.2008 ഏപ്രിൽ 2 ന് വിവാഹം കഴിഞ്ഞ് രണ്ടുമാസങ്ങൾക്കുശേഷം അവൾ അവിടെ നിന്ന് രക്ഷപ്പെട്ടോടി,തുടര്‍ന്ന് തന്‍റെ പിതാവിന്റെ രണ്ടാം ഭാര്യയുടെ നിര്‍ദേശപ്രകാരം അവൾ നേരെ കോടതിയിലേയ്ക്ക്… സംഭവ ബഹുലമായ നുജൂദിന്‍റെ ജീവിതം കൂടുതല്‍ അറിയാന്‍ പുസ്തകം വായിക്കുമല്ലോ….

നുജൂദിന്റെ കഥ ശുഭപ്രതീക്ഷയുടെ ഒരു സന്ദേശം കൂടി നല്കുന്നുണ്ട് .പുരാതനമായി നിലനിന്നിരുന്ന വലിയൊരു വിലക്കിന്‍റെ ചങ്ങല പൊട്ടിച്ചെറിഞ്ഞവള്‍ .
അറേബ്യ എന്ന ഉപഭൂഖണ്ഡത്തില്‍ ഒന്നാകെ മാറ്റത്തിന്‍റെ അലയൊലികള്‍ സൃഷ്ടിച്ചവള്‍.ബാലവിവാഹം ഒരാചാരമായി, ഒരു സംസ്ക്കാരമായി കൊണ്ടുനടന്ന , അടുത്ത കാലംവരെ അതിനൊരു മാറ്റമുണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കാതിരുന്ന ഒരിടത്താണ് അവള്‍ വിപ്ലവം സൃഷ്ടിച്ചത്.നുജൂദ് കാണിച്ചഅവിശ്വസനീയമായ ആ ധൈര്യം അറേബ്യന്‍ സ്ത്രീകള്‍ക്ക് കരുത്ത് നല്‍കിയിരിക്കുന്നു.സ്വന്തം ഭര്‍ത്താക്കന്മാര്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ അവര്‍ പഠിച്ചു.

നുജൂദില്‍ നിന്നും പ്രചോദനംകൊണ്ട്
ഏറ്റവും അപരിഷ്കൃതമായ ദാമ്പത്യബന്ധനത്തില്‍നിന്നും മോചനം നേടാന്‍ നിയമപരമായ പോരാട്ടത്തിനൊരുങ്ങി പല അറേബ്യന്‍ പെണ്‍കുട്ടികളും മുന്നോട്ട് വന്നു.നുജൂദിന്‍റെ പോരാട്ടത്തിന്‍റെ ഫലമായി.2009 ഫെബ്രുവരിയില്‍ യമന്‍ പാര്‍ലമെന്റ് പുതിയ നിയമം കൊണ്ടുവന്നു. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിവാഹ പ്രായം നിയമപരമായി പതിനേഴ് വയസ്സാക്കി ഉയര്‍ത്തി. നമ്മുടെയും ലോകം മുഴുവനുമുള്ള പെണ്‍കുഞ്ഞുങ്ങള്‍ക്കും പ്രതികരിക്കാനും പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ഊര്‍ജ്ജവും സന്ദേശമാണ് നുജൂദ് നല്കുന്നത്….

പുസ്തകം – ഞാന്‍ നുജൂദ് ,വയസ്സ് 10 വിവാഹ മോചിത.
എഴുത്ത് – ഡെല്‍ഫിന്‍ മിനോയി
വിവര്‍ത്തനം -രമാ മേനോന്‍
പ്രസാധനം -ഒലീവ് പബ്ലിക്കേഷന്‍
കോഴിക്കോട്.

Comments are closed.

x

COVID-19

India
Confirmed: 43,531,650Deaths: 525,242