1470-490

സൈക്കിള്‍ കിടുവാണ്, സൈക്ലിങ് പൊളിയാണ്

ടി.പി. ഷൈജു

കോഴിക്കോട്:ഒരു കാലത്ത് വേഗതയുടെ വാഹനമായിരുന്നു. സൈക്കിള്‍. കാല്‍നട മാത്രം സാധ്യമായിരുന്ന കാലത്ത് യാത്രാ രംഗത്തെ വലിയ മാറ്റം തന്നെയായിരുന്നു സൈക്കിള്‍. പിന്നീട് യന്ത്രവത്കൃത വാഹനങ്ങളുടെ വരവോടെ സൈക്കിളെന്ന സാധാരണക്കാരന്റെ വാഹനത്തിന്റെ പൊലിമ കുറഞ്ഞു. 19ാം നൂറ്റാണ്ടില്‍ യൂറോപ്പിലാണ് ആദ്യമായി സൈക്കിള്‍ നിര്‍മിച്ചത്. 20ാം നൂറ്റാണ്ടോടെ ലോകമാകെ വ്യാപിച്ചു. എന്നാല്‍ 21 ാം നൂറ്റാണ്ടില്‍ സൈക്കിളിന് രചിക്കാനുള്ളത് പുതിയ ചരിത്രമാണ്. ഏന്തി വലിച്ചു ചവിട്ടു പോകുന്ന സൈക്കിളെന്ന സങ്കല്‍പ്പമൊക്കെ പാടെ മാറി. യന്ത്രവത്കൃത വാഹനങ്ങളെ വിട്ട് ലോകം ഇന്ന് സൈക്കിളിനു ചുറ്റും ചുറ്റിത്തിരിയാനൊരുങ്ങുകയാണ്. കാരണം സൈക്കിള്‍ ഇന്നൊരു വാഹനം മാത്രമല്ല ആരോഗ്യസംരക്ഷകന്‍ കൂടിയാണ്.സാധാരണ കുട്ടികള്‍ ഉപയോഗിക്കുന്ന സൈക്കിള്‍ മുതല്‍ ലക്ഷങ്ങള്‍ വില വരുന്ന ലക്ഷ്വറി സൈക്കിള്‍ വരെ ഇന്നു വിപണിയിലുണ്ട്. പുതിയ കാലത്ത് സൈക്കിള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കാനുണ്ട് ചില ശാസ്ത്രീയ കാര്യങ്ങള്‍. കുട്ടികള്‍ക്ക് സാധാരണ സൈക്കിള്‍ തന്നെ മതി. എന്നാല്‍ 18 വയസിനു ശേഷമുള്ളവര്‍ സാധാരണ സൈക്കിള്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്നു പറയുന്നു ഈ മേഖലയിലെ വിദഗദര്‍. സൈക്കിള്‍ സവാരി കൊണ്ട് പ്രധാനമായും ബുദ്ധിമുട്ടുണ്ടാവുന്നത് നമ്മുടെ ലിഗ്മെന്റിനാണ്. 18 വയസു വരെയുള്ളവര്‍ക്ക് ലിഗ്മെന്റിന് പരുക്കേറ്റാലും ശരീരം സ്വയം പരിഹരിക്കും. എന്നാല്‍ 18 വയസിനു ശേഷം പരുക്കേറ്റാല്‍ ഭേദമാകുക എളുപ്പമല്ല. അതുകൊണ്ടു തന്നെ ഗിയര്‍ സൈക്കിള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. 15,000 മുതല്‍ മുകളിലേയ്ക്ക് ലഭ്യമാണ് ഗിയര്‍ സൈക്കിളുകള്‍. അമിതമായി സ്‌ട്രെയ്ന്‍ ചെയ്യേണ്ടതില്ലെന്നതാണ് ഗിയര്‍ സൈക്കിളിന്റെ പ്രത്യേക. അതുകൊണ്ടു തന്നെ ലിഗ്മെന്റും മുട്ടുമെല്ലാം സുരക്ഷിതമാണ്. ഏറ്റവും ഭാരം കുറഞ്ഞ സൈക്കിളാണ് ഏറ്റവും സുരക്ഷിതം. മൂന്നു വിധം ഗിയര്‍ സൈക്കിളാണ് വിപണയിലുള്ളത്. എംടിബി (മൗണ്ടെയ്ന്‍ ടെറെയ്ന്‍ ബൈക്ക്), ഹൈബ്രിഡ്, റോഡ് ബൈക്ക് എന്നിങ്ങനെയാണത്. എംടിബി സൈക്കിള്‍ ഒരു ഓഫ് റോഡ് സൈക്കിളാണ്.

പേരു പോലെ തന്നെ മലയോരങ്ങളിലേയ്‌ക്കൊക്കെ അനായാസേന സവാരി നടത്താന്‍ സാധിക്കുന്നത്. കട്ടിയുള്ള ടയറുകളാണ് എംടിബിയുടെ പ്രത്യേകതകളിലൊന്ന്. റോഡ് ബൈക്കെന്നാല്‍ പേരു പോലെ തന്നെ റോഡിലൂടെ സുഗമായി യാത്ര ചെയ്യാന്‍ സാധിക്കുന്ന സൈക്കിളാണ് റോഡ് ബൈക്ക്. ചെറിയ ടയറുകളാണ് ഇവയ്ക്ക്. എംടിബിയുടെയും റോഡ് ബൈക്കിന്റെ ഒരു സങ്കരയിനമാണ് ഹൈബ്രിഡ് സൈക്കിള്‍. രണ്ടിന്റെയും ഗുണവും ദോഷവുമുള്ള സൈക്കിള്‍. യൂറോപ്യന്‍സൊക്കെ ഓഫിസ് സവാരിക്കായി ഉപയോഗിക്കുന്നത് ഹൈബ്രിഡ് സൈക്കിളുകളാണ്. സ്റ്റീലിലും അലൂമിനിയം അലോയിലും കാര്‍ബണ്‍ ഫൈബറിലുമുള്ള ഫ്രെയ്മുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇതില്‍ അലൂമിനിയം അലോയ് ഫ്രെയിമാണ് സാമ്പത്തികമായി ലാഭമുള്ളത്. ലൈറ്റ് വെയ്റ്റുമാണ്. കാര്‍ബണ്‍ ഫൈബറിലേയ്ക്ക് പോകുമ്പോള്‍ വിലയല്‍പ്പം കൂടും. ഒരു ലക്ഷത്തിനു മുകളില്‍ വരുന്ന സൈക്കിളുകളാണ് കാര്‍ബണ്‍ ഫൈബര്‍ ഫ്രെയിമുകളുള്ളവ. സെക്കിള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഓരോരുത്തരും അവരവരുടെ ഉയരത്തിനനുസരിച്ചുള്ളവ വാങ്ങാന്‍ ശ്രദ്ധിക്കണം. അങ്ങനെയല്ലാതെ വാങ്ങിയാല്‍ ആരോഗ്യപരമായി ഒരുപാട് ബുദ്ധിമുട്ടുകളുണ്ടാകും. അതുകൊണ്ടു തന്നെ സൈക്കിളിന്റെ പൊക്കം വളരെ പ്രധാനമാണ്. വില കൂടുന്നതിനനുസരിച്ച് സൈക്കിളിന്റെ ഗുണം കൂടുമെന്നതു ശരിയാണ്. 15,000 മുതല്‍ 12 ലക്ഷം രൂപ വരെയുള്ള സൈക്കിളുകളുണ്ട് വിപണിയില്‍. കാര്‍ബണ്‍ വിഭാഗത്തില്‍പ്പെടുന്ന സൈക്കിളുകളാണ് വിലയില്‍ മുന്‍പന്‍. സൈക്കിളിന്റെ പാര്‍ട്‌സുകളിലെ ഗുണമേന്‍മയാണ് സൈക്കിളിന്റെ വില കൂടുന്നതിനും പിന്നില്‍.

സൈക്കിളോടിക്കുന്നവരെ സംബന്ധിച്ച് ഓരോ ഗ്രാമിനും പ്രധാന്യമുണ്ട്. ഗ്രാം കുറയുന്നതോടെ അത്രയും കംഫര്‍ട്ടബിളായിരിക്കും. 6.5 മുതല്‍ 7.5 കിലോ ഗ്രാം വരെയാണ് വില കൂടിയ സൈക്കിളുകളുടെ ഭാരം. അതേസമയം അലൂമിനിയം സൈക്കിളുകള്‍ക്ക് 15 കിലോ വരെ വരും. ഗിയര്‍ മാറ്റുമ്പോഴും വേണം ശ്രദ്ധ. പിന്നിലും മുന്നിലും ഗിയറുണ്ട്. മുന്‍പില്‍ മൂന്നെണ്ണവും പിന്നില്‍ ഏഴു മുതല്‍ പത്തുവരെയും ഗിയറുകളുണ്ടാവും. ഷിമാനോയുടേതാണ് ഗിയറുകള്‍. ഇരുപതോളം വറൈറ്റികളുണ്ട് ഷിമോനയുടെ ഗിയറുകളില്‍.
യന്ത്രവാഹനങ്ങള്‍ വ്യാപകമായതോടെ സൈക്കിളിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്നിടത്തു നിന്നാണ് സൈക്കിളിന്റെ ജനപ്രീതി കൂടിയത്. നമ്മുടെ ജീവിത ശൈലിയാണ് സൈക്കിളിന്റെ പ്രസക്തി കൂട്ടിയത്. ഹാര്‍ട്ട് പേഷ്യന്റിനു വരെ സ്വിമ്മിങ്ങല്ല സൈക്കിളിങാണ് ഡോക്റ്റര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഏറ്റവും നല്ല വ്യായാമ മാര്‍ഗമാണിതെന്നു യുവ ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. മാത്രമല്ല ദീര്‍ഘദൂര യാത്രയ്ക്കു പോലും സൈക്കിളാണ് ന്യൂജനറേഷന്‍ ഉപയോഗിക്കുന്നത്. കോഴിക്കോട് നിന്നു ഊട്ടിയിലേക്ക് സൈക്കിള്‍ സവാരി നടത്തുന്ന സംഘങ്ങള്‍ വരെയുണ്ട്.
സൈക്കിള്‍ കമ്പനികളുടെ ബാഹുല്യമുണ്ട് ഇന്നു ലോകത്ത് 20,000 കമ്പനികളാണ് ലോകത്ത് സൈക്കിള്‍ നിര്‍മാണ രംഗത്തുള്ളത്. ഇന്ത്യന്‍ ബ്രാന്‍ഡിന് പുറമെ 50ഓളം വിദേശ കമ്പനികളുടെ സൈക്കിളുകള്‍ കേരളത്തില്‍ ലഭ്യമാണ്. ഇതു കൂടാതെ പാര്‍ട്‌സുകള്‍ വാങ്ങി ഇവിടെ അസംബിള്‍ ചെയ്യുന്ന രീതിയുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇരുനൂറു ശതമാനത്തോളം വര്‍ധനവുണ്ടെന്നാണ് സൈക്കിള്‍ ഷോപ്പ് ഉടമകള്‍ പറയുന്നത്. കേരളത്തില്‍ 15,000 മുതല്‍ ഗിയര്‍ സൈക്കിള്‍ ലഭ്യമാണ്. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് സ്വന്തമാക്കുന്നതിനും എളുപ്പമാണ്. കേരളത്തില്‍ പരമാവധി രണ്ടു മൂന്നു ലക്ഷം രൂപയുടെ സൈക്കിളുകള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. 12 ലക്ഷം രൂപയുടെ സൈക്കിളുകള്‍ വളരെ കുറച്ചു പേരെ ഉപയോഗിക്കുന്നുള്ളൂ. കേരളത്തില്‍ സൈക്കിള്‍ ക്രെയ്‌സുള്ളവര്‍ കൂടുതലും പാര്‍ട്‌സുകള്‍ വാങ്ങി അസംബ്ള്‍ ചെയ്യുന്നവരാണ്. ചുരം കയറുന്നതിന് ഇത്തരം സൈക്കിളുകള്‍ക്ക് അനായാസേന കഴിയുമെന്നു പറയുന്നു സവാരിക്കാര്‍.
സൈക്കിള്‍ സവാരിയെന്നത് വെറുമൊരു വ്യായാമം മാത്രമല്ല. പലരും ഇതൊരു അഭിനിവേശമായി കൊണ്ടു നടക്കുകയാണ്. സൈക്കിളില്‍ ഇന്ത്യ ചുറ്റിയവരും ഇന്ത്യയ്ക്കു പുറത്തേയ്ക്ക് പോയവരുമെല്ലാമുണ്ട് കോഴിക്കോട്ട്. പനാമ സൈക്കിള്‍സിലെ അര്‍ഷാദ് നോര്‍ത്ത് ഈസ്റ്റിലൊക്കെ പോയി വന്നയാളാണ്. ഒരു വ്യായാമം എന്നതിലപ്പുറം മനസിനും സുഖം നല്‍കുന്നതാണ് സൈക്ലിങെന്നാണ് അര്‍ഷാദ് പറയുന്നത്. അത് അനുഭവിച്ചറിഞ്ഞതിന്റെ നേര്‍സാക്ഷ്യമുണ്ട് തനിക്കെന്നും അര്‍ഷാദ്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689