1470-490

ചരിത്രത്തിനു മുന്‍പേ നടന്ന രാജാവ്

വില്‍ഫ്രഡ് രാജ് ഡേവിഡ്

ഹിസ്റ്ററി ഡെസ്‌ക്: ഒഡീഷയില്‍ ഭൂബനേശ്വറിനടുത്ത് ഉദയഗിരി കുന്നിലെ ഹാഥിഗുംഭ എന്ന ഗുഹയുടെ ചിത്രമാണിത്. ബി.സി. രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മാണം തുടങ്ങിയ ഈ ഗുഹ ഇരുന്നൂറ് വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയായത്. ഈ ഗുഹയും ഗുഹയ്ക്കുള്ളിലെ ശിലാ ശാസനവും ഉള്ളതു കൊണ്ട് മാത്രമാണ് നമുക്ക് പുരാതന ഇന്ത്യാ ചരിത്രത്തിലെ ഒരു മഹാനായ രാജാവിന്റെ വിവരങ്ങള്‍ ലഭിക്കുന്നത്. ഖരവേല എന്നാണ് ഈ രാജാവിന്റെ പേര്.

ഉദയഗിരി ഖണ്ഡഗിരി മലകളില്‍ ധാരാളം ഗുഹകള്‍ പണി കഴിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ബി.സി. അവസാനത്തെ രണ്ട് നൂറ്റാണ്ടുകളിലെ.നിര്‍മ്മിതികളാണെന്ന് കരുതപ്പെടുന്നു. ജൈനമത സന്യാസിമാര്‍ക്ക് വിശ്രമത്തിനും ധ്യാനത്തിനുമാണ് ഇവ പണി കഴിപ്പിക്കപ്പെട്ടത്. ജൈനമതത്തിന്റെ തളര്‍ച്ചയ്ക്ക് ശേഷം ഈ പ്രദേശം അവഗണിക്കപ്പട്ടിരുന്നു. 1815നുശേഷം ഈ സ്ഥലം സന്ദര്‍ശിച്ച ആന്‍ഡ്രൂ സ്റ്റിര്‍ലിങ് (Andrew Stirling) എന്ന ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്‍ ഈ ഗുഹകള്‍ കണ്ടെത്തി. ഇവയെപ്പറ്റി പഠിച്ചു.

വാസ്തു ശില്‍പ്പപരമായ പ്രാധാന്യം ഏറ്റവും അധികമുള്ളത് റാണി ഗുംഭ എന്ന ഗുഹയ്ക്കാണ്. ഒരു പാറയെ തുരന്ന് രണ്ടു നിലയില്‍ പണി കഴിപ്പിച്ച ഇത് വിപുലമായ സ്ഥലസൗകര്യം ഉള്ളതായിരുന്നു. മിക്ക ഗുഹകളും മനോഹരങ്ങളായ ശിലാ ശില്‍പ്പങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു.

ആനഗുഹ

ഗവേഷകരുടെ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന ഏഴ് ഗുഹകളുടെ കവാടങ്ങളില്‍ ഏഴ് മൃഗങ്ങളുടെ ശില്‍പ്പങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. ഇതിലൊന്നാണ് ഹാഥിഗുംഭ. ഹാഥീഗുഭ എന്നാണ് ശരിയായ ഉച്ചാരണം. ആനയുടെ ഗുഹ എന്നാണ് ഇതിന്റെ അര്‍ഥം. ഇതിനുള്ളില്‍ കൊത്തിവയ്ക്കപ്പെട്ട ലിഖിതമാണ് ചരിത്ര പ്രാധാന്യം കൊണ്ട് പൊന്നിനെക്കാള്‍ വിലയുള്ളതെന്ന് കരുതപ്പെടുന്നത്. പതിനേഴ് വരികളുള്ള ഈ ലിഖിതത്തില്‍ ഖരവേല എന്ന കലിംഗ രാജാവിന്റെ ഭരണത്തിലെ പന്ത്രണ്ടാം വര്‍ഷം വരെയുള്ള നേട്ടങ്ങളാണ് കുറിച്ചിട്ടുള്ളത്. ബ്രഹ്മി ലിപിയിലുള്ള ഈ ലിഖിതത്തിന്റെ ഭാഷ പ്രാകൃതമാണ്. ഇത് വായിക്കാന്‍ കഴിയാതിരുന്ന ആന്‍ഡ്രൂ സ്റ്റിര്‍ലിങ്, ഇതിലെ അക്ഷരങ്ങള്‍ വരച്ചെടുത്ത് 1820ല്‍ Asiatic Researches പതിനഞ്ചാം വോള്യത്തില്‍ പ്രസിദ്ധീകരിച്ചു. ഇതറിഞ്ഞ ജയിംസ് പ്രിന്‍സെപ് സ്ഥലത്തെത്തി വിശദമായ പഠനങ്ങള്‍ നടത്തുകയും ഈ ലിപികള്‍ വായിച്ചെടുക്കുകയും ചെയ്തു. ഈ വിവരങ്ങള്‍ കൂടെ ഉള്‍പ്പെടുത്തി സ്റ്റിര്‍ലിങ് An Account, Geographical, Statistical and Historical of Orissa or Cuttack എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു. മറ്റനേകം ചരിത്ര ഗവേഷകരും ഇവിടെ പഠനങ്ങള്‍ നടത്തി.

ശിലാ ശാസനത്തിലെ വിവരങ്ങള്‍

ഛേദ അഥവാ ഛേദി എന്നാണ് ഖരവേലയുടെ രാജവംശത്തിന്റെ പേര്. ‘ദ’ എന്ന അക്ഷരത്തിന്റെ മുകളില്‍ തേയ്മാനം സംഭവിച്ചിട്ടുള്ളത് കൊണ്ട് ആ അക്ഷരം കൃത്യമായി വായിക്കാന്‍ പ്രയാസമാണ്. ഛേദി എന്ന് തന്നെയാണ് ഭൂരിപക്ഷം ചരിത്രകാരന്മാരും പറയുന്നത്.

ഖരവേല എന്ന രാജാവിന്റെ ഭരണത്തിന്റെ പതിമൂന്നാം വര്‍ഷത്തിലാണ് ഹാഥിഗുഭ എന്ന ഗുഹയില്‍ തന്റെ ഭരണനേട്ടങ്ങള്‍ കൊത്തി വച്ചത്. ആദ്യ പന്ത്രണ്ട് വര്‍ഷങ്ങളിലെ കാര്യങ്ങളാണ് ഇതിലുള്ളത്. കലിംഗ നഗരിയിലെ കോട്ടയുടെ കേടുപാടുകള്‍ തീര്‍ത്തത്, ജലസംഭരണികള്‍ നിര്‍മ്മിച്ചത്, ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത് തുടങ്ങിയവയാണ് ഇവയില്‍ ചിലത്. ഭരണത്തിന്റെ ഏഴാം വര്‍ഷം തനിക്ക് ഒരു മകന്‍ ജനിച്ച വിവരവും പറയുന്നു.

ഒരു പോരാളി എന്ന നിലയില്‍ ഖരവേലയുടെ കഴിവുകള്‍ പുകഴ്ത്തുന്ന പരാമര്‍ശങ്ങളും ഹാദിഗുഭ ലിഖിതത്തില്‍ ഉണ്ട്. ശതകര്‍ണിയെ (ശതവാഹന രാജാവാകാം) ധിക്കരിച്ച് പടിഞ്ഞാറേക്ക് പടയോട്ടം നടത്തിയത്, പാടലീപുത്രത്തെ സുംഗ രാജാവായ ബൃഹസ്പദി മിത്രനെ തോല്‍പ്പിച്ചത്, ഉത്തരേന്ത്യ ആക്രമിച്ച് മുന്‍കാലത്ത് മഗധരാജാക്കന്മാര്‍ തട്ടിക്കൊണ്ടു പോയിരുന്ന ജൈന തീര്‍ത്ഥങ്കരന്മാരുടെ വിഗ്രഹങ്ങള്‍ വീണ്ടെടുത്തത് എന്നിവയാണ് ഇതില്‍ പ്രധാനം. കൂടാതെ, മഗധയിലെ പ്രധാന നഗരമായ രാജഗൃഹയില്‍ നിന്ന് യവന രാജാവായ ‘ദിമിതി’യെ തുരത്തിയ കാര്യവും വിവരിക്കുന്നു. അലക്‌സാണ്ടറുടെ പടനായകന്മാരുടെ പിന്‍ഗാമികളില്‍പെട്ട ദിമിത്രി എന്ന ഇന്‍ഡോഗ്രീക്ക് രാജാവിനെപ്പറ്റിയാവാം ഇത്. യവന എന്ന വാക്ക് വിദേശികള്‍ എന്ന പൊതുവായ അര്‍ത്ഥത്തില്‍ എടുത്താല്‍ കുഷാനന്മാരില്‍ ഒരാളായ വിമക (വിമാ കാഡ്ഫിസസ്) ആകാം.

ഏതായാലും ഖരവേലയുടെ സൈനിക നേട്ടങ്ങള്‍ വെള്ളം തൊടാതെ വിഴുങ്ങാന്‍ ചരിത്രകാരന്മാര്‍ തയ്യാറല്ല: പ്രത്യേകിച്ചും യവന രാജാവിനെ തുരത്തിയ കാര്യത്തില്‍.

കാലഗണന

ഈ ഗുഹാലിഖിതത്തില്‍ ശതകര്‍ണി രാജാവിനെപ്പറ്റി പറയുന്നു; ഒപ്പം ബൃഹസ്പദിമിത്ര എന്ന സുംഗ രാജാവിനെ പറ്റിയും. ബൃഹസ്പദിമിത്ര ജീവിച്ചിരുന്നത് ബി.സി. രണ്ടാം നൂറ്റാണ്ടിലാണെന്ന് ഏതാണ്ട് തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശതകര്‍ണി എന്ന പേരില്‍ പ്രശസ്തനായ ശതവാഹന രാജാവ് ഗൗതമീപുത്ര ശതകര്‍ണി ജീവിച്ചിരുന്നത് ഏഡി ഒന്നാം നൂറ്റാണ്ടിലോ രണ്ടാം നൂറ്റാണ്ടിലോ ആണ്. എന്നാല്‍ ശതവാഹന രാജവംശം ബി.സി. രണ്ടാം നൂറ്റാണ്ട് മുതല്‍ക്കേ നിലവിലുണ്ട്. ശതവാഹന രാജവംശത്തിലെ രണ്ടാമത്തെ രാജാവായ ശതകര്‍ണി I ആണ് ഖരവേല പറയുന്ന ശതകര്‍ണി എന്ന കാര്യത്തില്‍ ഇന്ന് ഏതാണ്ട് അഭിപ്രായ ഐക്യമുണ്ട്. അങ്ങനെ, ഖരവേല ജീവിച്ചിരുന്നത് ബി.സി. രണ്ടാം നൂറ്റാണ്ടില്‍ ആയിരുന്നെന്ന് കണക്കു കൂട്ടാം.

പ്രാധാന്യം

ഹാഥിഗുഭയിലെ ഈ ശിലാ ലിഖിതം ചരിത്രത്തിലെ ഒരു അമൂല്യ നിധിയാണ്. രണ്ടു നൂറ്റാണ്ട് മുമ്പ് ഈ ഗുഹകള്‍ കണ്ടെത്തി ഈ ലിഖിതം വായിക്കുന്നത് വരെ ഖരവേല എന്ന രാജാവിനെ പറ്റിയോ, ഛേദി രാജവംശത്തെ പറ്റിയോ ആരും കേട്ടിട്ടു കൂടെ ഉണ്ടായിരുന്നില്ല. ഇപ്പോഴും ഈ രാജാവിന്റെ മറ്റു വിവരങ്ങള്‍, പന്ത്രണ്ടാം വര്‍ഷത്തിനു ശേഷമുള്ള ചരിത്രം, പിതാവ്, രാജവംശത്തിലെ മറ്റു രാജാക്കന്മാര്‍ തുടങ്ങി ഒരു വിവരവും ലഭ്യമല്ല. ആ ഗുഹയില്‍ ഇങ്ങനെ ഒരു ലിഖിതം എഴുതി വയ്ക്കാതിരുന്നെങ്കില്‍ നമ്മള്‍ അതിന്റെ പൈതൃകം നമുക്ക് അറിയാവുന്ന അക്കാലത്തെ മറ്റേതെങ്കിലും രാജവംശത്തിന് ചാര്‍ത്തിക്കൊടുക്കുമായിരുന്നു. ചരിത്രത്തില്‍ എത്രയോ തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ടാവാം.

പുരാതന ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു ചരിത്ര പുരുഷന്‍ നേരിട്ട്, സമയാനുക്രമമായി (chronological order) ചരിത്രം വിവരിക്കുന്ന അത്യപൂര്‍വ്വ രേഖയാണ് ഹാഥിഗുഭ ശിലാ ലിഖിതം. ഇത്തരം രേഖകളില്‍ വരാവുന്ന അതിശയോക്തിയും അടിസ്ഥാനമില്ലാത്ത അവകാശവാദവുമൊക്കെ ഇവിടെയും സംഭവിച്ചിരിക്കാം. എന്നാല്‍ അവയുടെ സമകാലീനത (contemporanetiy) നിസ്തര്‍ക്കമാണ്. ശ്രീബുദ്ധന്റെ ചരിത്രം പോലും എഴുതപ്പെട്ടത് ആ മഹാത്മാവ് ജീവിച്ചിരുന്നതിന്റെ ഏകദേശം ആറ് നൂറ്റാണ്ടിനു ശേഷം മാത്രമാണ് എന്ന വസ്തുത മനസ്സിലാക്കിയാലേ ഇതിന്റെ മൂല്യം നമുക്ക് അറിയാനാവൂ.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098