1470-490

പൊളിറ്റിക്കൽ കിങ്ങ് ലയർ

ഹിസ്റ്ററി ഡെസ്ക്: കല്ലുവച്ച നുണകൾകൊണ്ടു ചരിത്രം പടുത്തുയർത്താൻ വ്യാമോഹിച്ച,
ജോസഫ് ഗീബൽസ്
(1897 – 1945)നെ കുറിച്ച് അൽപം കാര്യങ്ങൾ

രാഷ്ട്രീയത്തിൽ നുണകളുടെ വ്യാവസായിക ഉൽപ്പാദനത്തിനു തുടക്കമിട്ട വ്യക്തിയാണ് പോൾ ജോസഫ് ഗീബൽസ്.

ഹിറ്റ്ലറുടെ വലംകൈയും നാസി ഭരണകൂടത്തിലെ പ്രചാരണമന്ത്രിയും ഉജ്ജ്വലവാഗ്മിയുമായിരുന്ന ഗീബൽസാണ് ഹിറ്റ്ലറെ ഫ്യൂറർ (ലീഡർ) എന്ന ഐതിഹ്യം ജനങ്ങൾക്കിടയിൽ വളർത്തിയെടുത്തത്.

ഒരു നുണ നൂറു തവണ ആവർത്തിച്ചാൽ അത് നേരായി ജനങ്ങൾ വിശ്വസിക്കുമെന്നായിരുന്നു ഗീബൽസിന്റെ ധാരണ. പച്ചനുണ, നട്ടാൽ മുളയ്ക്കാത്ത നുണ ആവർത്തിച്ച് പ്രചരിപ്പിക്കലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യതൊഴിൽ.

കമ്യൂണിസത്തോടും ജൂതരോടുമുള്ള ശത്രുതയായിരുന്നു നുണപ്രചാരണത്തിന്റെ കൈമുതൽ. കമ്യൂണിസ്റ്റുകാർ ജർമനിയിലെ നിയമനിർമാണസഭയായ റീഷ്സ്റ്റാഗ് കെട്ടിടത്തിന് തീവച്ചതായി ഗീബൽസ് പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റുകാർ മനസ്സിൽപോലും സങ്കൽപ്പിച്ചിട്ടില്ലാത്തതായിരുന്നു ഇത്തരം ഒരു സംഭവം.

ജർമ്മനിയിലെ ഡസ്സെൽഡോർഫ് എന്ന സ്ഥലത്ത് ജനനം.
ഹൈഡൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശേഷം നാസി പാർടിയിൽ ചേർന്നു.

നാസി പാർട്ടിയുടെ ആശയങ്ങളിൽ കമ്പം കയറിയ ഗീബൽസ് ഹിറ്റ്ലറെ പാർട്ടിയിൽ നിന്നു പുറത്താക്കണമെന്ന് ആദ്യകാലത്ത് ആവശ്യപ്പെട്ടിരുന്നു എന്നതാണ് രസകരമായ വസ്തുത. ഹിറ്റ്ലർ പ്രതിലോമകാരിയായിരുന്നു എന്നായിരുന്നു ഗീബൽസിയൻ വാദം. എന്നാൽ ഹിറ്റ്ലറുമായുള്ള കൂടിക്കാഴ്ചയോടെ അതു മാറി. ഒരു പിതൃരൂപത്തെ തിരഞ്ഞുകൊണ്ടിരുന്ന ഗീബൽസ് അതു കണ്ടെത്തിയത് ഹിറ്റ്ലറിലാണ്. വെറും പാർട്ടി പ്രവർത്തകൻ എന്നതിൽ നിന്ന് പടിപടിയായി ഉയർന്നു. ഹിറ്റ്ലറിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു കൈമുതൽ. ഗീബൽസിന്റെ ഭാര്യ മഗ്ദയും ഹിറ്റ്ലറുടെ കടുത്ത ആരാധികയായിരുന്നു.

1926-ൽ ഹിറ്റ്ലർ അദ്ദേഹത്തെ ബർലിനിൽ ജില്ലാ പ്രമുഖനായി നിയമിച്ചു.
പത്രാധിപരും പ്രചാരണമന്ത്രിയുമായുള്ള ഗീബൽസിന്റെ വളർച്ച വേഗമായിരുന്നു. 1933-ൽ ഹിറ്റ്ലർ ജർമൻ ചാൻസലറായതോടെ ഗീബൽസ് കൂടുതൽ കരുത്തനായി. തന്റെ പ്രതിച്ഛായാ നിർമിതിക്കായി ഹിറ്റ്ലർ ഗീബൽസിനെ നന്നായി ഉപയോഗിച്ചു. നാസി പ്രൊപഗണ്ടയുടെ മുഖ്യലക്ഷ്യം ഹിറ്റ്‌ലറെ ഒരിക്കലും തെറ്റുപറ്റാത്ത വീരനായകനായി അവതരിപ്പിക്കുക എന്നതു തന്നെയായിരുന്നു. അയാളെ ഒരു കൾട്ട് പേഴ്‌സണാലിറ്റി ആയി അവതരിപ്പിച്ചിരുന്നു. ഹിറ്റ്ലർ സോഷ്യലിസ്റ്റും ജനാധിപത്യവാദിയുമാണെന്നായിരുന്നു ഗീബൽസ് ജനങ്ങളെ തെറ്റായി ധരിപ്പിച്ചിരുന്നത്.

ലോകത്ത് ആദ്യമായി വിമാനത്തിൽ പറന്നുനടന്ന് തിരഞ്ഞെടുപ്പു റാലികളെ അഭിസംബോധന ചെയ്യുന്ന പതിവു തുടങ്ങിവച്ചത് അഡോൾഫ് ഹിറ്റ്ലറായിരുന്നു. ആ ബുദ്ധി ഗീബൽസിന്റേതായിരുന്നു. ഫ്യൂററുടെ പ്രത്യക്ഷപ്പെടലുകൾ അത്യധികം നാടകീയമാക്കിയതും മറ്റാരുമല്ല. നാസി പ്രചാരണത്തിന് സിനിമകൾ പടച്ചും എല്ലാ വീട്ടിലും വില കുറഞ്ഞ റേഡിയോകൾ നൽകിയും ഗീബൽസ് അരങ്ങു തകർത്താടി. മാധ്യമങ്ങളെ കയ്യടക്കി വച്ചിരുന്ന ഗീബൽസ് അവരുടെ വാഴ്ത്തിപ്പാടലുകൾ വേണ്ടത്ര പോരായെന്ന നിലപാടുകാരനായിരുന്നു.

അന്നത്തെ പുതുമാധ്യമമായ റേഡിയോയെ നിയന്ത്രിക്കുന്നതിൽ ഗീബൽസ് പ്രത്യേക തൽപ്പരനായിരുന്നു. 1934 ജൂലൈയിൽ ഗീബൽസ് രാജ്യത്താകമാനമുള്ള റേഡിയോ നിലയങ്ങളെ റെയ്‌ഷ് റുണ്ട്‌ഫങ്ക് ഗെസ്സെൽഷാഫ്റ്റ് (ജർമൻ ദേശീയ പ്രക്ഷേപണ കോർപ്പറേഷൻ) എന്ന സംവിധാനത്തിന്റെ നിയന്ത്രണത്തിലാക്കി. ചെലവുകുറഞ്ഞ റേഡിയോ ഉണ്ടാക്കി നൽകാൻ ഗീബൽസ് അതിന്റെ നിർമ്മാതാക്കളെ പ്രേരിപ്പിച്ചു.

1938 ആയപ്പോഴേക്കും വോക്‌സെംഫാംഗർ (ജനങ്ങളുടെ റേഡിയോ) എന്ന പേരിൽ ഒരു കോടിയോളം റേഡിയോകൾ വിറ്റഴിച്ചിരുന്നു. റേഡിയോ കേൾക്കാൻ ഉച്ചഭാഷിണികൾ പൊതുസ്ഥലങ്ങൾ, വ്യവസായശാലകൾ, എന്നിവിടങ്ങളിൽ സ്ഥാപിക്കുകകവഴി പ്രധാനപ്പെട്ട പാർട്ടി പ്രഖ്യാപനങ്ങൾ എല്ലാ ജർമൻകാരും കേൾക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

രണ്ടാം ലോകയുദ്ധം ആരംഭിച്ചതിന്റെ പിറ്റേന്ന് 1939 സെപ്തംബർ 2-ന് വിദേശ റേഡിയോ പ്രക്ഷേപണങ്ങൾ കേൾക്കുന്നത് നിയമവിരുദ്ധമാക്കി. വിദേശനിലയങ്ങളിൽ നിന്നും വരുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ വധശിക്ഷയ്ക്ക് കാരണമാകുമായിരുന്നു.

1943 -ൽ ഗീബൽസ് ഹിറ്റ്‌ലറെക്കൊണ്ട് സമ്പൂർണ്ണ യുദ്ധമുണ്ടാക്കാൻനിർബന്ധിച്ചു. ഇതിനായി യുദ്ധാവശ്യത്തിനുള്ളതല്ലാത്ത ബിസിനസ്സുകൾ പൂട്ടാനും, സ്ത്രീകളെ ജോലിചെയ്യാനും, നേരത്തെ സൈനികസേവനങ്ങളിൽ നിന്നും ഒഴിവാക്കിയ പുരുഷന്മാരെ വീണ്ടും സേനയിലേക്ക് ചേർക്കാനും തുടങ്ങി. ഒടുവിൽ 1944 ജൂലൈ 23 -ന് ഹിറ്റ്‌ലർ ഗീബൽസിനെ യുദ്ധകാര്യമന്ത്രിയാക്കി നിയമിച്ചു. തുടർന്ന് ഗീബൽസ് കൂടുതൽ ആൾക്കാരെ സൈനികസേവനത്തിനും ആയുധമുണ്ടാക്കാനുള്ള ശാലകളിലും നിയമിക്കാൻ ശ്രമിച്ചെങ്കിലും അതു വിജയമായിരുന്നില്ല.

യുദ്ധത്തിനൊടുവിൽ ജർമനിയുടെ പരാജയം ഉറപ്പായതോടെ 1945 ഏപ്രിൽ 22 -ന് ഗീബൽസിന്റെ ഭാര്യ മഗ്‌ദയും അവരുടെ ആറു കുട്ടികളും ബെർളിനിൽ ഗീബൽസിന്റെ അടുത്തേക്ക് എത്തി. ഹിറ്റ്‌ലറുടെ ബങ്കറിന്റെ ഒരു ഭാഗമായ വോർബങ്കറിലാണ് അവർ താമസിച്ചത്.

ഏപ്രിൽ 30 -ന് സോവിയറ്റ് യൂണിയന്റ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് ചെമ്പടയുടെ ആക്രമണത്തെ നേരിടാൻ കഴിയാതെ ഹിറ്റ്‌ലർ ആത്മഹത്യ ചെയ്തപ്പോൾ അയാളുടെ വിൽപത്രപ്രകാരം ഗീബൽസ് ജർമനിയുടെ ചാൻസലർ ആയി. ഒരു ദിവസം മാത്രം ആ സ്ഥാനത്തിരുന്ന ഗീബൽസും അയാളുടെ ഭാര്യ മഗ്ദയും ചേർന്ന് അവരുടെ ആറ് കുഞ്ഞുങ്ങളെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

ഹിറ്റ്‌ലറുടെ വാസ്തുശിൽപ്പിയും പിന്നീട് യുദ്ധോപകരണങ്ങളുടെ നിർമ്മാണമന്ത്രിയുമായ ആൽബർട്ട് സ്പീയർ പിന്നീട് പറഞ്ഞത് “നാസികൾ തങ്ങളുടെ തന്നെ രാജ്യത്തെ വരുതിയിലാക്കാൻ സാങ്കേതികവിദ്യ സകലരീതിയിലും ഉപയോഗിച്ചിരുന്നു എന്നാണ്. റേഡിയോയും ഉച്ചഭാഷിണികളും വഴി എട്ടുകോടി ജനങ്ങളുടെ സ്വതന്ത്രചിന്തകളാണ് തടയപ്പെട്ടത്”.

Report: Suresh Cr

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098