കോവിഡ് മരുന്നുകളില്‍ വഞ്ചിതരാകരുത്
ഹെല്‍ത്ത് ഡെസ്ക്: കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ കിട്ടുന്ന വാട്ട്സ് ആപ്പ് സംശയം ആണിത്. കുറേ പേര് സ്വയം ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നു. ചിലര്‍ ആന്റി വൈറല്‍ മരുന്നിന് വേണ്ടി പരക്കം പായുന്നു.

അല്‍പ്പ നാള് മുന്‍പ് വരെ, ആവി പിടുത്തം, നാട്ടുവൈദ്യങ്ങള്‍ പോലുള്ള ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത വിദ്യകളായിരുന്നു വ്യാജ സന്ദേശങ്ങളായി പ്രചരിച്ചിരുന്നതെങ്കില്‍ നിലവില്‍ മോഡേണ്‍ മെഡിസിന് മരുന്നുകളുടെ യുക്തിരഹിതവും അശാസ്ത്രീയവുമായ പ്രയോഗവും സ്വയം ചികിത്സാ നിര്‍ദ്ദേശങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. രണ്ടും അനഭലഷണീയ പ്രവണതകളാണ്.
??ശരിക്കും കോവിഡ് വന്നാല്‍ എന്തു മരുന്നാണ് കഴിക്കേണ്ടത്?
എല്ലാവര്ക്കും അറിയുന്ന പോലെ ബഹു ഭൂരിപക്ഷം കോവിഡ് അണുബാധകളും ചെറിയ ചെറിയ ലക്ഷണങ്ങളോടെ കടന്നു പോകും. പനി, തൊണ്ട വേദന, വരണ്ട ചുമ, ശരീര വേദന, ക്ഷീണം, മണം / രുചി ഇല്ലായ്മ, വയറിളക്കം എന്നീ ലക്ഷണങ്ങള്‍ ആണ് 95% രോഗികളും കാണിക്കുക. ഇവര്‍ക്ക് ലക്ഷണങ്ങള്ക്കനുശ്രുതമായി മരുന്നായി ആകെ വേണ്ടത് പാരസെറ്റമോള്‍ മാത്രം ആയിരിക്കും. ചില സന്ദര്‍ഭങ്ങളില്‍ മാത്രം മറ്റു ചില മരുന്നും. ഉദാ: ചുമ അധികം ഉണ്ടെങ്കില്‍ സെട്രിസിന് പോലത്തെ അലര്‍ജിക്കെതിരായ ഗുളികകളോ അവ അടങ്ങിയ ചുമ മരുന്നോ നിര്‍ദ്ദേശിക്കപ്പെട്ടേക്കാം. കൂടെ അവശ്യം വേണ്ടത് നല്ല വിശ്രമം, നന്നായി വെള്ളം കുടി, നല്ല ഭക്ഷണം. ഇത്രയേ ആവശ്യമുള്ളൂ.
??അപ്പോള്‍ അസിത്രോമൈസിന്‍?
അസിത്രോമൈസിന്‍ വളരെ വിലപ്പെട്ട ഒരു ആന്റിബയോട്ടിക് ആണ്. ചില ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഈ മരുന്നു തന്നെ വേണം. പക്ഷേ കോവിഡ് വൈറസിനെ അസിത്രോമൈസിന്‍ നശിപ്പിക്കില്ല. കോവിഡ് അണുബാധയില്‍ നടത്തിയ പഠനങ്ങളില്‍ എല്ലാം തന്നെ ഈ ആന്റിബയോട്ടിക് കൊണ്ട് ഗുണം ഉണ്ടാവില്ല എന്നാണ് കണ്ടത്. അതുകൊണ്ട് പനിയും ചുമയും തുടങ്ങുമ്പോഴേക്കും അസിത്രോമൈസിന്‍ വാങ്ങി കഴിച്ചു തുടങ്ങേണ്ട. കോവിഡിനോടൊപ്പം ബാക്ടീരിയല്‍ രോഗബാധ സംശയിക്കുന്ന ഘട്ടത്തില്‍ ചികിത്സകര്‍ നിര്‍ദ്ദേശിച്ചാല്‍ മാത്രമേ അത് കഴിക്കേണ്ടതുള്ളൂ. ദുരുപയോഗം ഭാവിയില്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധ ശക്തി വികസിപ്പിക്കാന്‍ ബാക്ടീരിയകളെ സഹായിക്കുകയേ ഉള്ളൂ.
??ഹൈഡ്രോക്സി ക്ലോറോ ക്വിന്‍ ?
കോവിഡിന്റെ തുടക്കകാലങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കിലും പഠനങ്ങളെ അതിജീവിക്കാന്‍ ഈ മരുന്നിനും കഴിഞ്ഞിട്ടില്ല. ഇന്ന് കോവിഡ് ചികില്‍സയില്‍ ഹൈഡ്രോക്സി ക്ലോറോക്വിന് ഒരു റോളും ഇല്ല.
??ഐവര്‍മെക്റ്റിന്‍
ഒറ്റപ്പെട്ട ചില പഠനങ്ങളില്‍ ഗുണമുണ്ടാകാം എന്ന് കണ്ടിട്ടുണ്ട്. ഇന്ത്യയില്‍ ആള് ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ദില്ലിയുടേയും കേരള സര്‍ക്കാറിന്റേയും ഗൈഡ്ലൈനുകളില് സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ WHO, CDC തുടങ്ങിയ അന്തര്‍ദേശീയ ഗ്രൂപ്പുകളൊന്നും അംഗീകരിച്ചിട്ടില്ല. വളരെ ചെറിയ ലക്ഷണങ്ങള്‍ക്കു വേണ്ടി കോവിഡ് ടെസ്റ്റ് പോസിറ്റീവാകുന്ന എല്ലാവരും ഐവര്‍മെക്റ്റിന്‍ കഴിക്കുന്നത് നല്ല പ്രവണതയാവില്ല.
??ഫാവിപിറാവിര്‍
തുടക്കകാലങ്ങളില്‍ വളരെ പ്രതീക്ഷ ഉണ്ടായിരുന്ന ഒരു ആന്റി വൈറല്‍ മരുന്ന്. കോവിഡ് രോഗികളില്‍ നടത്തിയ പഠനങ്ങളിലൊന്നും വലിയ ഗുണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അന്തര്‍ദേശീയ തലത്തിലുള്ള ഗൈഡ് ലൈനുകളില്‍ നിന്ന് പുറത്തായി. കേരള സര്‍ക്കാര്‍ ഗൈഡ് ലൈനില്‍ മോഡറേറ്റ് ഗണത്തില്‍ വരുന്ന രോഗികള്‍ക്ക് നല്കാവുന്നതായി പറയുന്നു. മോഡറേറ്റ് എന്നു പറയുമ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടുക, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ ഉണ്ടെങ്കില്‍ മാത്രം. ഒത്തിരി ഗുളികകള്‍ ഒന്നിച്ചു കഴിക്കണമെന്നതും, വിലക്കൂടുതലുമാണ് മറ്റു നെഗറ്റീവ് കാര്യങ്ങള്‍ .
??റെംഡെസിവിര്‍
കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്ന ആന്റി വൈറല്‍ മരുന്ന്. ലഭ്യത ഇല്ലായ്മയെ കുറിച്ചും കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനെ കുറിച്ചുമൊക്കെ നിരവധി വാര്‍ത്തകള്‍ കേള്‍ക്കുന്നു. സ്വന്തക്കാര്‍ക്ക് കോവിഡ് വന്നവര്‍ ഈ മരുന്നിനായി ഓടി നടക്കുന്നു. അത്രയ്ക്കൊരു ജീവന് രക്ഷാ മരുന്നാണോ റെംഡെസിവിര്‍?
തുടക്കകാലത്ത് ശാസ്ത്ര ലോകം പ്രതീക്ഷ വെച്ച പോലെ ട്രയലുകളില്‍ ഗുണം പ്രകടിപ്പിക്കാന്‍ റെംഡെസിവിറിന് കഴിഞ്ഞിട്ടില്ല. പല വലിയ പരീക്ഷണങ്ങളിലും ഈ വിലകൂടിയ മരുന്ന് പരാജയപ്പെട്ടു. ഒടുവില്‍ ചില പ്രത്യേക ഗണത്തില്‍ പെട്ട രോഗികള്‍ക്ക് കൊടുത്താല്‍ ഗുണമുണ്ടായേക്കാം എന്നാണ് അനുമാനം. ശ്വാസതടസ്സം അനുഭവപ്പെടുന്ന, ഓക്സിജന്‍ അളവു കുറവുള്ള എന്നാല്‍ വെന്റിലേറ്റര്‍ സഹായമില്ലാതെ നിലനില്ക്കാന് കഴിയുന്ന രോഗികള്‍ക്ക് രോഗം വന്ന് ആദ്യത്തെ ആഴ്ച്ച റെംഡെസിവിര്‍ കൊടുത്താല്‍ ഗുണമുണ്ടാകാം എന്നാണ് പ്രതീക്ഷ. അതിനാല്‍ കോവിഡ് സ്ഥിരീകരിക്കുമ്പോള്‍ തന്നെ റെംഡെസിവിറിനു വേണ്ടി തിരഞ്ഞു നടക്കേണ്ട ആവശ്യം ഇല്ല. ഈ മരുന്ന് ലഭ്യമല്ല എന്നോര്‍ത്ത് സങ്കടപ്പെടേണ്ട കാര്യവും ഇല്ല.
??വിറ്റാമിന്‍ സി, സിന്‍ക്, കാല്‍സ്യം
ഇവക്കൊന്നും കോവിഡ് വൈറസിനെ നേരിട്ട് തുരത്താനുള്ള കഴിവില്ല. അതുകൊണ്ട് ഇവ കഴിക്കണമെന്ന് നിര്‍ബന്ധമില്ല. അസുഖമുള്ള ദിവസങ്ങളില്‍ ഇവ കഴിക്കുന്നതു കൊണ്ട് ശരീരത്തിന് കേടുണ്ടാകാനും സാദ്ധ്യതയില്ല. സമീകൃതാഹാരം, പഴങ്ങള്‍, പച്ചക്കറികള്‍, വെള്ളം ഇവക്കു പകരമാവില്ല വിറ്റാമിന്‍ ഗുളികകള്‍ എന്നു മാത്രം ഓര്‍ക്കണം.
??കോവിഡില്‍ ഗുണം ഉണ്ടെന്ന് തെളിവുള്ള മരുന്നുകള്‍ ഏതൊക്കെ ആണ്?
വൈറസിനെ ലക്ഷ്യമാക്കി അവയെ നശിപ്പിക്കല്‍ മാത്രമല്ല ചികിത്സയുടെ ലക്ഷ്യം.
വൈറസ് ബാധ ശരീരത്തില്‍ വിവിധ അവയവങ്ങളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ വിലയിരുത്തുകയും, ഉചിതമായ ചികിത്സാ നടപടികളിലൂടെ അതിനെ പരിഹരിക്കലുമാണ് പ്രധാനം.
അത് Heparin ആകാം , Oxygen therapy ആകാം , ആഘാതം കുറക്കാന്‍ ഉചിതമായ സമയത്ത് steroids ഉപയോഗിക്കുന്നതാവാം, വളരെ ഗുരുതരമാകുന്ന അവസ്ഥയില്‍ ജീവന് രക്ഷാ നടപടികളാവാം.
മൂന്ന് ചികിത്സാ രീതികള്‍ ആണ് കോവിഡിന്റെ കാര്യത്തില്‍ കാലത്തേയും പരീക്ഷണങ്ങളേയും അതിജീവിച്ചത്.
- സ്റ്റിറോയ്ഡ്
ഗുരുതര ലക്ഷണങ്ങള്‍ ഉള്ള കോവിഡില്‍ നിര്‍ബന്ധമായും കൊടുക്കേണ്ട മരുന്ന്. ശ്വാസം മുട്ടും ഓക്സിജന്‍ അളവിന്റെ കുറവും ഉണ്ടെങ്കില്‍ സ്റ്റിറോയ്ഡ് നല്കി തുടങ്ങുന്നു. എല്ലാ ദേശീയ അന്തര്‍ ദേശീയ ഗൈഡ് ലൈനുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. - ഹെപാരിന്
കോവിഡ് സങ്കീര്‍ണതകളുടെ ഒരു പ്രധാന കാരണം രക്തം കട്ട പിടിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നതാണെന്ന കണ്ടെത്തലില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ചികിത്സ. ഗുരുതര ലക്ഷണങ്ങള്‍ ഉള്ള കോവിഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. മരുന്ന് പരീക്ഷണങ്ങളില്‍ ഗുണപ്രദമാണെന്നു തെളിഞ്ഞതാണ്.
- ഓക്സിജന്‍ തെറാപ്പി
കോവിഡ് രോഗത്തിന്റെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്ന് ശരീരത്തില്‍ ഓക്സിജന്‍ നില നിര്‍ത്താന്‍ പറ്റാതെ പോകുന്നതാണെന്നു അറിയാമല്ലോ. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ഓക്സിജന്‍ ചികിത്സയിലൂടെ അളവ് നില നിര്‍ത്താന്‍ ശ്രമിക്കുക എന്നതാണ് കോവിഡ് ചികിത്സയിലെ ഏറ്റവും പ്രധാന ഭാഗം. ഇതും കോവിഡ് വന്നവരില്‍ ആകെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ വേണ്ടി വരൂ എന്നോര്‍ക്കണം.
ഫോട്ടോ ആയി പ്രചരിക്കുന്ന ചില കുറിപ്പടികള്‍ പ്രകാരം ജനങ്ങള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങി കഴിക്കുന്നത് ഗുണം ചെയ്യണമെന്നില്ല എന്ന് മാത്രമല്ല ദോഷകമാവുകയും ചെയ്യാം. ഉദാഹരണത്തിന് അസിത്രോമൈസിന്‍, ഡോക്സിസൈക്ളിന്‍ കാല്‍സ്യം ഇവയൊക്കെ ഒരുമിച്ച് കഴിക്കുമ്പോള്‍ വയറില്‍ കടുത്ത അസ്വസ്ഥത ഉണ്ടാവാം.
??നിങ്ങള്‍ ചെയേണ്ടതും ചെയ്യരുതാത്തതും എന്തൊക്കെ ?
??ആധികാരിക ഉറവിടങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രം അനുസരിക്കുക.
??സംശയ നിവാരണത്തിനായി ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം തേടുക.
??DISHA, തദ്ദേശീയ ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി നിങ്ങളുടെ ആശങ്കകള്‍ പങ്കു വെച്ച് പരിഹാരം കാണാന്‍ ശ്രമിക്കുക.
??ഉറവിടമില്ലാത്ത, ആധികാരികമെന്ന് ഉറപ്പു വരുത്താത്ത ഒരു സന്ദേശവും വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാതിരിക്കുക.
??ഗൃഹചികിത്സയില്‍ കഴിയുന്നവരും, മറ്റു രോഗാവസ്ഥകള്‍ ഉള്ളവരും സൗജന്യമായി ടെലി മെഡിസിന് കണ്‍സള്‍ട്ടേഷനായി സര്‍ക്കാരിന്റെ ഇസഞ്ജീവനി പോര്‍ട്ടലിനെ ആശ്രയിക്കണം. നിലവില്‍ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും ടെലി മെഡിസിന് സൗകര്യങ്ങള്‍ ഉണ്ട്. ഫീസ് നല്കി അതും പ്രയോജനപ്പെടുത്താവുന്നതാണ്.
??ഇത്തരുണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും ശാസ്ത്രീയമായ / യുക്തിസഹമായ ചികിത്സ തങ്ങളുടെ രോഗികള്‍ക്ക് കിട്ടുന്നുവെന്ന് ഉറപ്പാക്കണം.
എഴുതിയത്
ഡോ: മോഹന്‍ദാസ്, ഡോ: ഷമീര്‍ വി കെ, ഡോ: മുഹമ്മദ് അബ്ദുള്‍ ലത്തീഫ്, ഡോ: ദീപു സദാശിവന്
Comments are closed.