1470-490

മംഗള ലക്ഷദ്വീപ് എക്സ്പ്രസിൻ്റെ ചരിത്രമറിയണോ?

ട്രാവൽ ഡെസ്ക്: മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് എങ്ങനെ ആ പേര് കിട്ടി. എന്താണതിനു പിന്നിലെ കഥ. അത് വലിയൊരു കഥയാണ്. 1972 -73 കാലത്ത് LIC ചെയർമാനും, ഐഐഎം ബാംഗ്ലൂർ ചെയർമാനും സിൻഡിക്കേറ്റ് ബാങ്ക് ചെയർമാനും ഒക്കെ ആയിരുന്ന TA പൈ റെയിൽവേ മന്ത്രി ആയി. ഒരുകൊല്ലമോ മറ്റോ മാത്രമെ അദ്ദേഹം ഉണ്ടായിരുന്നുള്ളു. പക്ഷെ അതിനുള്ളിൽ അദ്ദേഹം ഒരു വലിയ കാര്യം ചെയ്തു. മംഗലാപുരത്ത് നിന്നും (അദ്ദേഹം ഉഡുപ്പിക്കാരനാണ്. അന്ന് കൊങ്കൺ റെയിൽവേ ഇല്ലാത്തതിനാൽ ഏറ്റവും അടുത്തുള്ള സ്റ്റേഷൻ മംഗലാപുരമായിരുന്നു.) ദില്ലിക്കും ബോംബെക്കും ഓരോ വണ്ടി തുടങ്ങി. അന്ന് തിരുവനന്തപുരം ഡിവിഷൻ വന്നിട്ടില്ല. മംഗലാപുരവും എറണാകുളമൊക്കെ ഒലവക്കോട് (പാലക്കാട്) ഡിവിഷനായിരുന്നു. അവർ ഈ രണ്ടു വണ്ടിക്കും എറണാകുളത്ത് നിന്ന് സ്ലിപ് കോച്ചുകളും തുടങ്ങി. അതായത് മംഗലാപുരത്ത് നിന്നും എറണാകുളത്ത് നിന്നും പകുതി പകുതി വണ്ടി ഷൊർണൂർ വന്ന് ദില്ലിക്കും ബോംബെക്കും പോകും. ഒലവക്കോട് ഡിവിഷന്റെ പ്രസ്റ്റിജ് വണ്ടികളായിരുന്നു അന്നത്. 131/132 ഡൽഹി ജയന്തിയും , 81/82 ബോംബേ ജയന്തിയും.

അദ്ദേഹം ആ വണ്ടികൾക്ക് ഇട്ട പേരാണ് രസം. ജയന്തി ജനതാ എക്സ്പ്രസ്സ്. ജനത എന്ന പേര് വരാൻ കാരണം അതിൽ തുടങ്ങിയപ്പോൾ തേർഡ് ക്ലാസ് കമ്പാർട്ട്മെൻറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. (വണ്ടി തുടങ്ങിയ കാലത്ത് തേർഡ് ക്ലാസ് ഉണ്ടായിരുന്നു). ജയന്തി എന്നത് TA പൈയുടെ ഭാര്യയുടെ (അതോ അമ്മയുടെയോ) പേരായിരുന്നു.

കുറേക്കാലം അതങ്ങിനെ ഓടി. പിന്നീട് കെകെ എക്സ്‌പ്രസും (കേരള കർണാടക എക്‌സ്പ്രസ്, ബംഗളൂരിൽ നിന്ന് വരുന്ന ഒരുകഷ്ണം ജോലാർപേട്ടയിൽ നിന്നോ ആർക്കോണത്ത് നിന്നോ മറ്റോ തിരുവനന്തപുരത്ത് നിന്നുള്ള കേരളാ എക്സ്പ്രസ്സിൽ ചേരും. അന്നത്തെ ഏറ്റവും നീളമുള്ള വണ്ടി ആയിരിന്നു അത്. മിക്കവാറും സ്റ്റേഷനുകളുടെ പ്ലാറ്റ് ഫോമുകൾക്ക് ആ വണ്ടിയോളം നീളമുണ്ടായിരുന്നില്ല), പിന്നെ വെറും കേരള എക്സ്പ്രസ്സുമൊക്കെ വന്നപ്പോൾ എപ്പോഴോ ആ വണ്ടിയുടെ പേര് മംഗള എക്സ്പ്രസ്സ് എന്നായി. മംഗലാപുരത്ത് നിന്ന് ദില്ലിക്ക് പോകുന്നത് എന്ന അർത്ഥത്തിൽ, മംഗലാപുരത്തിന്റെ നഗരദേവതയായ മംഗളാദേവിയുടെ പേരിൽ .

1997 ഇൽ കൊങ്കൺ പണി കഴിഞ്ഞപ്പോൾ വണ്ടി അത് വഴിയാക്കാൻ തീരുമാനിച്ചു. മംഗലാപുരത്ത് നിന്ന് തന്നെ പുറപ്പെടുകയാണെങ്കിൽ കേരളത്തിന് ദില്ലിക്കുള്ള ഒരു ദിവസ വണ്ടി നഷ്ടപ്പെടും. ആ വണ്ടി കേരളത്തിന് വേണം എന്ന് പറഞ്ഞാൽ ആൾ റെഡി കേരള ഇല്ലേ എന്ന ചോദ്യം വരും. .അതൊഴിവാക്കാൻ ദില്ലിയിൽ റെയിൽവേയിലുള്ള ചിലർ അന്നത്തെ മന്ത്രിക്ക് ഒരു നിവേദനം കൊടുക്കാൻ തീരുമാനിച്ചു. ലക്ഷദ്വീപിലേക്കുള്ള കപ്പലുകൾ കൊച്ചിയിൽ നിന്നാണ് പുറപ്പെടുന്നത്. അത് കൊണ്ട് ആ കപ്പലുകളെ കണക്ട് ചെയ്യാൻ ദില്ലിയിൽ നിന്ന് വണ്ടി വേണം. അത് കൊണ്ട് മംഗള എറണാകുളത്ത് നിന്നാണ് പുറപ്പെടേണ്ടത് എന്ന്. അത് പോലെ ലക്ഷദ്വീപിൽ നിന്ന് ആ വണ്ടിക്ക് കോട്ട വേണം എന്നെല്ലാം പറഞ്ഞ നിവേദനം അന്നത്തെ ലക്ഷദ്വീപ് എം പി ആയിരുന്ന പി എം സയീദിനെ കൊണ്ട് മന്ത്രി രാം വിലാസ് പാസ്വാന് കൊടുപ്പിച്ചു. അന്നൊക്കെ റെയിൽവേ പ്രത്യേക ബഡ്‌ജറ്റുള്ള കാലമാണ്. പേപ്പറിൽ തലക്കെട്ട് വരാൻ പാസഞ്ചർ വണ്ടി ഒരു സ്റ്റേഷനപ്പുറത്തേക്ക് നീട്ടുന്നത് വരെ പാർലിമെന്റിൽ പറയുന്ന കാലം. രാം വിലാസ് പാസ്വാന് അതിഷ്ടപ്പെട്ടു. ഇന്നേ വരെ ഒരു റെയിൽ മന്ത്രിയും ലക്ഷദ്വീപിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. അദ്ദേഹം വണ്ടി എറണാകുളം വരെ ആക്കി അതിന് മംഗളാ ലക്ഷദ്വീപ് എക്സ്പ്രസ് എന്ന് പേരിട്ടു. കവരത്തിയിൽ നിന്നും അഗത്തിയിൽ നിന്നും ടിക്കറ്റ് എടുക്കാനുള്ള സൗകര്യവും , പ്രത്യേക കോട്ടയും നൽകി.

അതാണ് ഈ പേരിന്റെ പിന്നിലെ ചരിത്രം

കടപ്പാട്: ഹേമാനന്ദ്

Comments are closed.