1470-490

ബലൂൺ വെള്ളമേറ് കേട്ടിട്ടുണ്ടോ?

മലപ്പുറം: പൊന്നാനിയിലെ നോമ്പുകാലത്തിൻറെ പല വിശേഷങ്ങളിലൊന്നാണ് ബലൂൺ വെള്ളമേറ്. രാത്രിയിൽ സജീവമാവുന്ന അങ്ങാടികളാണ് പൊന്നാനിയിലെ നോമ്പിന്റെ പ്രത്യേകത. പൊതുവെ ഭയപ്പാടില്ലാത്ത ആ രാത്രികളിൽ കുട്ടികൾക്ക് തറാവീഹ് നമസ്കാരത്തിനായി പള്ളികളിലേക്ക് പോകാൻ ഹരമാണ്. ഈ രാത്രികാല സ്വാതന്ത്ര്യം വികൃതിപിള്ളേർ ആസ്വദിക്കുന്ന ഒരിനമാണ് ബലൂൺ വെള്ളമേറ്.
പള്ളിയിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുന്ന കുട്ടികൾ കൂട്ടുകാരോടൊത്ത് ഒപ്പിക്കുന്ന ഈ ക്രൂരവിനോദം അന്നത്തെ മുതിർന്നവർക്ക് ചെറിയ രോഷമൊന്നുമല്ല ഉണ്ടാക്കിയത്. ഇടവഴികളുടെ ഇരുളിൽ മറ പറ്റി പതുങ്ങിയിരുന്ന് മുതിർന്നവരേയും മറ്റും നേരെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞ് ശരീരമാസകലം നനപ്പിച്ചു വിടുന്നതാണ് ഈ ‘കലാപരിപാടി’. പൊന്നാനിയിൽ പഴയ നഗരം പള്ളികളാൽ സമൃദ്ധമായിരിക്കെ, ഏത് പള്ളിയിലേക്കും പോകാനുള്ള സ്വാതന്ത്ര്യമാണ് വികൃതിപിള്ളേരുടെ ഈ മുങ്ങലിന് ഏറ്റവും സൗകര്യം. രക്ഷിതാക്കൾ കരുതുന്നത് എൻെറ കുട്ടികൾ ഈ പള്ളിയിലില്ലെങ്കിൽ മറ്റേ പള്ളിയിൽ.
ബലൂൺ വെള്ളമേറ് ഒരു പേടിസ്വപ്നമായി നിൽക്കുന്ന ദിനങ്ങൾ. അന്ന് ഇക്കൂട്ടരുടെ വിഹാരകേന്ദ്രങ്ങളിലൊന്നായ ആ ഇടവഴിയിൽ നിന്ന് എനിക്കും കിട്ടി ഒരേറ്. കടയിലേക്കോ അതോ പള്ളിയിലേക്കോ സൈക്കിളുമായി ഇറങ്ങിയ ആ രാത്രിയിൽ പിന്നിൽ നിന്ന് ശക്തിയായി വന്ന ഏറ് കൊണ്ടത് പുറംഭാഗത്ത്. വെള്ളത്തിൽ കുതിർന്ന ഷർട്ടും ഏറ് കൊണ്ട വേദനയും ആക്രമണത്തിന് ഇരയായതിൻറെ ജാള്യതയും കൂടി സൈക്കിളുമായി തിരിച്ചു വീട്ടിലേക്കു തന്നെ മടങ്ങേണ്ടി വന്നത് ഇന്നും സജീവമായ ഓർമ. എറിഞ്ഞത് എൻെറ ചങ്ങാതിവലയത്തിൽ പെട്ടവരാരെങ്കിലും ആവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഒരിക്കൽ ഈ വെള്ളം നിറച്ച ബലൂൺ വന്ന് വീണത് നമസ്കാരം നടന്നുകൊണ്ടിരിക്കെ പള്ളിക്കകത്ത്. വികൃതിയുടെ അതിരുകടന്ന ആ സംഭവം അന്ന് ചർച്ചയായി.
കാലം മുന്നോട്ടു പോയി. അന്നത്തെ ബലൂൺ വെള്ളമേറുകാർ ഇന്നത്തെ മുതിർന്നവരായി. പുതിയ കുട്ടികൾ മര്യാദക്കാരായത് കൊണ്ടോ കൂട്ടുകാരും ഒത്തുകൂടലുമില്ലാതെ ടി.വിക്കും മൊബൈലിലുമായി ചടഞ്ഞുപോയതുകൊണ്ടോ ഇന്ന് ആ ക്രൂരവിനോദം ചരിത്രമാണ്. ഗൃഹാതുരമായ ഓർമയും.

Comments are closed.