970-250

വെള്ളം: എങ്ങനെ നല്ലൊരു മദ്യപാനിയാകാം

വെള്ളം എന്ന സിനിമയെ കുറിച്ച് വ്യത്യസ്തമായ കുറിപ്പ്

പി.ടി. മുഹമ്മദ് സാദിഖ്

മുരളി എങ്ങിനെ കുടിയനായി എന്നതൊരു ചോദ്യമല്ല. ഒരു കാരണവുമില്ലെങ്കിലും കുടി തുടങ്ങാം. കള്ളനെ കല്യാണം കഴിച്ചാലും കുടിയനെ കല്യാണം കഴിക്കരുതെന്ന് അയലത്തെ പെൺകുട്ടിയെ ഉപദേശിക്കുന്ന മുരളിയുടെ ഭാര്യ സുനിതയുടെ വാക്കുകളിൽ നിന്നറിയാം മുരളി എന്ന കുടിയൻ കുടുംബത്തിനകത്ത് ഉണ്ടാക്കുന്ന അശാന്തികൾ. അമ്മാതിരി കുടിയൻമാരെ എല്ലാവരും വെറുക്കുന്നു. കൂടെ കിടക്കുന്നവരും കൂടെ കുടിക്കുന്നവരും പോലും കൈവിടുന്നു. പക്ഷേ, ജി. പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വെള്ളം എന്ന സിനിമ ഒരിക്കലും മദ്യപാനത്തിനെതിരായ സാരോപദേശകഥയല്ല. നിങ്ങൾ കുടിയനാണെങ്കിലും അല്ലെങ്കിലും വെള്ളം കാണണം. എന്നെങ്കിലും കുടിക്കാൻ ആഗ്രഹിക്കുന്നവരും കാണണം

കുടിച്ചു നാല് കാലിൽ വരുമ്പോഴും മുരളി മകൾക്കൊരു പൊതി ബിരിയാണി കൊണ്ടു വരുന്നുണ്ട്. അതിൽ നിന്നൊരു ഉരുള എത്ര സ്നേഹത്തിലാണ് അയാൾ, കോലായിരുന്നു തുന്നുന്ന ഭാര്യയുടെ വായിൽ വെച്ചു കൊടുക്കുന്നത്! അവൾ അത് നിഷ്കരുണം നിരസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോഴാണ് അയാൾ അക്രമം കാണിക്കുന്നത്. (മകളുടെ സ്കൂളിൽ പാരൻ്റ്സ് മീറ്റിന് ചെല്ലുമ്പോൾ കൈവിട്ടു പോയ കാമുകിയെ കണ്ടാൽ ഏത് കുടിയ്ക്കാത്തവനും കുടിച്ചു പോകും )

കൂട്ടുകാരൻ്റെ മരണത്തിന് ഉത്തരവാദി അയാളുടെ ഭാര്യയാണെന്ന് അറിയുമ്പോൾ അവളെ ചവിട്ടിക്കൂട്ടുന്ന കുടിയൻ മുരളിയുടെ മനോനില എന്തായിരിയ്ക്കും. മദ്യം തിൻമകളുടെ മാതാവാണെന്നൊക്കെ വെറുതെ പറയുകയാണ്. ഉള്ളിലുള്ളതേ വെള്ളം വെളിയിലെടുക്കൂ. അത് നൻമയാണെങ്കിൽ നന്മ. തിൻമയാണെങ്കിൽ തിൻമ.

മുരളിയെ പ്രേമിച്ച ആ പെൺകുട്ടി പറയുന്നുണ്ട്, മുരളിയേട്ടൻ കുടിച്ചാലും നാട്ടുകാർക്ക് ഉപകാരം ചെയ്യുന്നോനാ, ഇവിടെ അച്ഛൻ കുടിയ്ക്കാതിരുന്നിട്ട് എന്താ കാര്യം? സമൂഹത്തിന് എന്തെങ്കിലും ഉപകാരമുണ്ടോ അച്ഛനെ കൊണ്ട്?

ജി. പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത വെള്ളം എന്ന സിനിമയെക്കുറിച്ചാണല്ലോ പറഞ്ഞു വരുന്നത്. കാര്യമായ ട്വിസ്റ്റുകളൊന്നുമില്ലാത്ത ഒരു കുടിയൻ്റെ കഥ പറയുമ്പോൾ, ( അതുമൊരു ബയോ പിക്) തിരക്കഥയിലും അതിൻ്റെ ആവിഷ്ക്കാരത്തിലും നല്ല കയ്യൊതുക്കം വേണം. ആ കയ്യൊതുക്കമുണ്ടെന്ന് പ്രജേഷ് തെളിയിക്കുന്നു.

മുരളിയുടെ ഭാര്യയുടെ കഥാപാത്രസൃഷ്ടി നോക്കൂ. ഒരു കുടിയൻ്റെ ഭാര്യയെ ഈ രീതിയിൽ തിരക്കഥയിലേക്ക് ആവാഹിക്കാൻ കഴിയുന്നത് ഈ കയ്യൊതുക്കത്തിൻ്റെ തെളിവാണ്. (ആ വേഷം സംയുക്ത കിടുക്കി).

ജയസൂര്യ എന്തൊരു നടനാണ്! കമ്മട്ടിപ്പാടത്തിൽ ഒരു മതിലിന് മുകളിലിരുന്ന് ഫോൺ ചെയ്യുന്ന വിനായകനെ ഓർമയുണ്ടോ? ഹലോ.. ഗംഗേ ഡാ.. ഒന്നൂല്ലാ, ചുമ്മാ വിളിച്ചതാ’.. എന്നു മാത്രമേ വിനായയകൻ പറയുന്നുള്ളു. പക്ഷേ, ആ എക്സ്പ്രഷൻ കാണുമ്പോൾ ഒരു അവാർഡ് കൊടുക്കാൻ തോന്നില്ലേ? ഭൂതക്കണ്ണാടിയിൽ മമ്മൂട്ടി ജയിലിൻ്റെ മതിലിലെ ഓട്ടയിലൂടെ നോക്കുമ്പോൾ ഒരു നാടോടി പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നത് കാണുന്നുണ്ട്. പോലിസുകാർ വന്നു നോക്കുമ്പോൾ മതിലിൽ ഓട്ട പോലുമില്ല. സംഭവം പോലീസുകാരെ വിശ്വസിപ്പിക്കാൻ കഴിയാതെ പണ്ടാരമടങ്ങുന്ന വിദ്യാധരൻ്റെ മാനസികാവസ്ഥ മമ്മൂട്ടി അവതരിപ്പിക്കുന്നത് കാണുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാൻ തോന്നില്ലേ? മണിച്ചിത്രത്താഴിൽ അല്ലിക്ക് ആഭരണം എടുക്കാൻ പോകേണ്ടെന്ന് നകുലൻ പറയുമ്പോൾ ഗംഗ നാഗവല്ലിയായി മാറുന്ന ആ സീനില്ലേ? ആർക്കാണ് ശോഭനയ്ക്ക് അവാർഡ് കൊടുക്കാതിരിക്കാൻ കഴിയുക!

അതുപോലെ രണ്ട് സീനുകളുണ്ട് ഈ സിനിമയിൽ. കൂട്ടുകാർ മദ്യപിച്ചു കൊണ്ടിരിക്കെ മതിലിനപ്പുറത്തു നിന്ന് മുരളി ഒരു സ്മോളിന് ഇരയ്ക്കുന്നു. ആ സ്മോൾ വരുന്നതു കാത്തിരിയ്ക്കുന്ന മുരളിയുടെ മുഖത്തേയ്ക്ക് ഒന്നു നോക്കണം. സ്മാളിൻ്റ വരവിലേക്ക് നോട്ടമിട്ടു നിൽക്കുന്ന മുരളിയുടെ മുഖത്താണ് അൽപം നീണ്ട ആ ഷോട്ടിലെ ക്യാമറ. ആ ഒരു ഷോട്ട് മതി ജയസൂര്യക്ക് പുരസ്കാരങ്ങൾ കൊടുക്കാൻ. ബസിൽ ഇരുന്ന് സന്തോഷ് കീഴാറ്റൂരിനോട് , തൻ്റെ നിസ്സഹായാവസ്ഥ വിവരിക്കുന്ന ആ സീനാണ് മറ്റൊന്ന്.

സിനിമകളിലും മിമിക്രികളിലും ഇന്നോളം കണ്ട ഒരു കുടിയൻ്റെയും മാനറിസമല്ല, മുരളിയുടേത്. ബസിലും തെരുവിലുമൊക്കെ നമ്മൾ കണ്ടു പു:ച്ഛിച്ച, അവഗണിച്ച അനേകം കൂടിയൻമാരില്ലേ, അതാണ് മുരളി. ആ കഥാപാത്രത്തെയാണ് ജയസൂര്യ അവിസ്മരണീയമാക്കിയത്.

റോബി വർഗീസ് രാജിൻ്റെ ഛായാഗ്രഹണമാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. പല സ്വീകൻ സുകളും സിംഗിൾ ഷോട്ടിലാണ് പ്രജേഷും റോബിയും റെഡിയാക്കിയത്.

നിധീഷ് നടേരിയും ബിജിപാലും ഒരുക്കിയ ആകാശമായവളേ എന്ന പാട്ട് കൂട്ടത്തിൽ മികച്ചു നിൽക്കുന്നു.

ഭർത്താക്കന്മാരെ ഈ സിനിമ കാണിക്കുക. അങ്ങിനെ അയാളെ ഒരു ” നല്ല ” മദ്യപാനിയാക്കുക.

Loading...