1470-490

വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം കർശനമാക്കും

ബീച്ചുകളിൽ പ്രവേശനം വൈകീട്ട് 6.30 വരെ മാത്രം

ബീച്ചുകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങളിലും നിയന്ത്രണം കടുപ്പിക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു. ഇവിടങ്ങളിൽ വിനോദസഞ്ചാരികൾ യാതൊരു വിധ കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് സെക്ടറൽ മജിസ്‌ട്രേറ്റ്മാർക്കും പൊലീസിനും കടുത്ത പിഴയോട് കൂടി കേസുകൾ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയത്.

സമീപ ജില്ലകളിൽ നിന്നും ധാരാളം ആളുകൾ ജില്ലയിലെ ബീച്ചുകളിൽ കൂട്ടത്തോടെ എത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തത് മറ്റു ജില്ലകളിലെ രോഗവ്യാപന തോത് കൂടുന്നതിനും കാരണമാകുന്നതിനാലുമാണ് നിയന്ത്രണം കടുപ്പിക്കുന്നതിന് ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്. ഇതിനാൽ ജില്ലയിലെ എല്ലാ ബീച്ചുകളിലും വൈകീട്ട് 6.30 ന് ശേഷം പ്രവേശന അനുമതി നിരോധിച്ചു. രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ കുട്ടികൾ, ഗർഭിണികൾ, വയോധികർ എന്നിവർക്ക് ഇവിടങ്ങളിൽ കർശനനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വാക്‌സിൻ എത്തുന്നു എന്നു കരുതി ഉദാസീനതയോടെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്ത അവസ്ഥ ഉണ്ടാകരുത്. ദിവസേന വാക്‌സിൻ നൽകുന്നതിന് ജില്ലയിൽ 300 കേന്ദ്രങ്ങൾ ഉണ്ടായാൽ കൂടി എല്ലാവരിലും വാക്‌സിൻ എത്തിക്കുന്നതിന് ചുരുങ്ങിയത് 6 മാസക്കാലമെങ്കിലും എടുക്കും എന്നുള്ളതിനാലുമാണ് ഈ നടപടി. നിയന്ത്രണ നടപടികൾ കർശനമായി നടപ്പിലാക്കാൻ പൊലീസിനും സെക്റ്ററൽ മജിസ്‌ട്രേറ്റുമാർക്കും തിങ്കളാഴ്ച നടന്ന യോഗത്തിൽ കലക്ടർ നിർദേശം നൽകി.

Comments are closed.