970-250

നവകേരള കുതിപ്പിൽ സാധാരണക്കാർ കിതക്കാതിരുന്നെങ്കിൽ.

കെ.എം സലീം പത്തനാപുരം.
9947857560.
രാജ്യ തലസ്ഥാനത്ത് അനുദിനം കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭം  അടിച്ചമർത്താനുള്ള വഴികളെന്തെല്ലാമെന്ന ആലോചനകളിലാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയും സഹപ്രവർത്തകരും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. മാധ്യമ വാർത്തകൾ വിശ്വാസത്തിലെടുത്താൽ രാജ്യത്തെ കോർപ്പറേറ്റ് മേധാവികളുമായിട്ടാണവർ കൂടിയാലോചനകൾ നടത്തി കൊണ്ടിരിക്കുന്നതെന്ന് മനസ്സി ലാക്കാം.

അതേസമയം നവകേരളത്തിന്റെ വികസന തുടർച്ച ലക്ഷ്യമാക്കിയുള്ള പര്യടനത്തിലാണ് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. ജനങ്ങൾക്ക് നൽകിയിരുന്ന വാഗ്ദാനങ്ങൾ പൂർണ്ണമായും ( 600 ൽ 570 ഉം) നടപ്പാക്കിയതിനു ശേഷമാണ് ഇനിയെന്തെല്ലാമാണ് നടപ്പാക്കേണ്ടത് എന്ന ചോദ്യവുമായി അദ്ദേഹം ഇറങ്ങി തിരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് വേളയിൽ പ്രകടന പത്രികയിലൂടെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നാലര വർഷത്തിനകം പൂർണ്ണ തോതിൽ നടപ്പാക്കുകയും പുതിയ
200 പദ്ധതികൾ പ്രഖ്യാപിച്ച് പൂർത്തീകരിച്ചുകൊണ്ടിരിക്കുന്നതുമായ പിണറായി സർക്കാറിനെ സംബന്ധിച്ചിടത്തോളം സമാനമായ മറ്റൊരുസർക്കാർ ഇന്നേവരെ രാജ്യത്തുണ്ടായിട്ടില്ലെന്ന് അർഥശങ്കകൾക്കിടയില്ലാത്ത വിധം പറയാനാവും.

വിവിധ രീതിയിൽ മിഷനുകൾ രൂപീകരിച്ച് സർക്കാർ നടപ്പാക്കിയ ജനഹിത പദ്ധതികളിൽ പ്രധാനം ലൈഫ്മിഷൻ, ആർദ്രം, ഹരിതകേരള മിഷൻ,ജലജീവൻ മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ പദ്ധതികൾ തന്നെയാണ്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുമ്പെങ്ങും കാണാത്ത വിധം പുരോഗതി കൈവരിക്കാനായി എന്നതാണ് ഈ മിഷനുകളുടെ സവിശേഷത.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതിവേഗ പാതകളോ ഉല്ലാസ കേന്ദ്രങ്ങളോ പ്രധാന പ്രശ്നങ്ങളായി കാണാൻ കഴിയില്ല. അതേസമയം നഷ്ടമാണെന്ന് മുദ്രകുത്തി അടച്ചുപൂട്ടാൻ തീരുമാനിച്ചിരുന്ന പൊതുവിദ്യാലയങ്ങൾ ഉന്നത നിലവാരത്തോടെയുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതും,ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ആതുരാലയങ്ങൾ ആധുനിക സൗകര്യങ്ങളോടെയുള്ള ചികിൽസാലയങ്ങളായി
മാറിക്കൊണ്ടിരിക്കുന്നതും കാണാതിരിക്കാനുമാവില്ല.

കഴിഞ്ഞ കാല സർക്കാറുകളെ അപേക്ഷിച്ച് നിലവിലെ സർക്കാറിനെ വിലയിരുത്തുന്ന ഏതൊരു വ്യക്തിക്കും പിണറായി സർക്കാറിന്റെ നാലര വർഷത്തെ ഭരണം
സർവ്വതല സ്പർശിയായിരുന്നെന്ന് കാണാനാവും. മുൻ കാല സർക്കാറുകൾ അവഗണിക്കുകയോ, പരാജയപ്പെടുകയോ ചെയ്തിട്ടുള്ള ഒട്ടേറെ മേഖലകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനും വിജയിപ്പിച്ചെടുക്കുന്നതിനും പിണറായി സർക്കാറിന് കഴിഞ്ഞു എന്നത് അംഗീകരിക്കുമ്പോഴും ചില മേഖലകളിൽ സർക്കാറിന് കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നതു കൂടി പറയേണ്ടതായി വരും .

വെള്ളാനകളെന്ന വിശേഷണത്തിന് അർഥം നൽകിയ കെ .എസ് .ആർ .ടി. സി എന്ന പൊതുമേഖലാ സ്ഥാപനവും, ജല അതോറിറ്റിയും, കൃഷി വകുപ്പുമെല്ലാം ഈ  സർക്കാറിന്റെ കാലത്തും കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിട്ടില്ലെന്നു കാണാം.

തൊഴിൽ ആവശ്യാർഥം സ്ഥാപിച്ച യന്ത്രസാമഗ്രികളല്ലാത്തതൊന്നും വിൽക്കാനില്ലാത്തതിന്റെ പേരിൽ തൊഴിലാളികൾക്ക് വേതനം നൽകുന്നതിനുവേണ്ടി സംസ്ഥാന സർക്കാറിന്റെ വാർഷിക ബജറ്റിൽ കണ്ണും നട്ടിരിക്കാറുണ്ടായിരുന്ന വ്യവസായ സ്ഥാപനങ്ങളിലേറെയും നിലവിൽ ലാഭവിഹിതമായി സർക്കാർ ഖജനാവിലേക്ക് കോടികൾ കൈമാറുന്ന അവസ്ഥയിലായിരിക്കുന്നു.

എന്നാൽ കാലങ്ങളായി സർക്കാറിന്റെ ദയാവായ്പിനു വേണ്ടി യാചിക്കുകയും, ആസ്തിയിലും അംഗബലത്തിലും മുൻനിരയിൽ നിൽക്കുന്നതുമായ കെ.എസ്.ആർ.ടിസി എന്ന പൊതുമേഖല സ്ഥാപനം മാറ്റമേതുമില്ലാതെ നഷ്ടക്കണക്കുമായി തുടർന്നുകൊണ്ടിരിക്കുന്നു. സ്വകാര്യ ബസ്സുകൾക്ക് അകമ്പടിയെന്നവണ്ണം പത്തുമീറ്റർ പിറകിലായി സഞ്ചരിക്കാറുള്ള കെ.എസ്.ആർ ടി സി ബസ്സുകൾ സ്വകാര്യബസ്സുകളുടെ പത്തുമീറ്റർ മുമ്പിൽ ഓടി തുടങ്ങിയതും, യാത്രക്കാരെ ബസ്സ് സ്റ്റോപ്പുകൾക്ക് മുമ്പിൽ നിന്നുതന്നെ കയറ്റുന്നതും ഇറക്കുന്നതുമായ ശീലങ്ങൾ പഠിപ്പിച്ചതും, ചരിത്രത്തിലാദ്യമായി സ്വന്തം വരുമാനമുപയോഗിച്ച് ജീവനക്കാർക്ക് ശമ്പളംകൊടുക്കുന്ന സാഹചര്യമുണ്ടാക്കിയതും നിലവിലെ സർക്കാറാണെന്നകാര്യം വിസ്മരിക്കുന്നില്ല.

അതേസമയം  ശ്രീ പിണറായി വിജയന്റെ താൽപര്യപ്രകാരം വെള്ളാനക്കൂട്ടത്തെ കറുപ്പിച്ചെടുക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കുകയും ആദ്യ പടിയെന്ന നിലയിൽ കണക്കു പുസ്തകങ്ങളിലൂടെ കണ്ണോടിക്കാൻ തുടങ്ങുകയുംചെയ്ത ശ്രീ രാജമാണിക്യം ഐ.എ.എസ്, ശ്രീ ടോമിൻ ജെ തച്ചങ്കരി ഐ.പി.എസ് എന്നീ ഉദ്യോഗസ്ഥരെ
ഇത്തിക്കണ്ണി കണക്കേ സ്ഥാപനത്തിൽ പറ്റി പിടിച്ചു കിടക്കുന്ന സംഘടനാ നേതാക്കളുടെ തിട്ടൂരങ്ങൾക്കു മുമ്പിൽ കീഴടങ്ങി തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതും പിണറായി സർക്കാർ തന്നെയാണെന്നു പറയാതിരിക്കാനുമാവില്ല. അക്കാരണത്താൽ തന്നെ കെ.എസ് ആർ. ടി .സി എന്ന പൊതുമേഖലാ സ്ഥാപനം ഇന്നും കടക്കെണിയിൽ തുടരുന്നത് സർക്കാറിന്റെ കഴിവ് കേടായി തന്നെയാണ് ജനം വിലയിരുത്തുന്നത്.നിരവധിയായ ഉദ്യോഗസ്ഥരും, സാധാരണക്കാരും, വിദ്യാർഥികളും
കെ.എസ് ആർ.ടി. .സിയെന്ന സംവിധാനത്തെ ആശ്രയിക്കുന്നവരും മെച്ചപ്പെടണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. മുഖ്യമന്ത്രിയുടെ നവകേരള സങ്കൽപത്തിൽ ഈ വിഷയവും ഇടം പിടിക്കേണ്ടതാണ്. അതിന്റെ ഭാഗമായി തൊലിലാളി സംഘടനാ നേതാക്കളെയും, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും പൂർണ്ണമായും മാറ്റി നിർത്തി ഗുണഭോക്താക്കളുടെ പ്രതിനിധികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി സമയം കണ്ടെത്തേണ്ടതുമാണ്.

കെ.എസ്. ആർ .ടി സിയെ പോലെ തന്നെ സർക്കാറിന്റെ കഴിവുകേട് വിളിച്ചോതുന്ന മറ്റൊന്നാണ് കേരള ജലസേചനവകുപ്പ്.നിലവിൽ സിവിൽ സർവ്വീസുകാർ വകുപ്പ് മേധാവിയായും, ചീഫ്എഞ്ചിനിയർ മുതൽ ഓവർസിയർ ഉൾപ്പടെയുള്ള ആയിരക്കണക്കായ ഉദ്യോഗസ്ഥരുമുണ്ടെങ്കിലും ജലവിതരണ പൈപ്പുകളിലുണ്ടാവുന്ന നാമമാത്രമായ തകരാറുകൾ പോലും നേരെയാക്കാനാവശ്യമായ സാങ്കേതികജ്ഞാനമോ, പ്രവൃത്തിപരിചയമോ സ്വായത്തമാക്കിയവർ അക്കൂട്ടത്തിലില്ലന്നകാര്യം സർക്കാർ ഗൗരവത്തോടെ കാണേണ്ടതാണ്.

സാധാരണയായിറോഡ് വികസന പ്രവൃത്തിയുടെ ഭാഗമായിട്ടാണ് ജലവിതരണ പൈപ്പുകൾക്ക് തകരാറുകൾ സംഭവിക്കാറുള്ളത്. അത്തരം തകരാറുകൾ പരിഹരിക്കുന്നതിനായി കരാർ തൊഴിലാളികളെ കാത്തിരിക്കേണ്ടി വരുന്നതിന്റെ അനന്തരഫലം ആധുനിക രീതിയിൽ പണി പൂർത്തീകരിച്ച റോഡുകൾ വീണ്ടും വെട്ടി പൊളിക്കേണ്ടി വരുന്നു എന്നതാണ്. കേരള പര്യടനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയിൽ പൗരപ്രമുഖരുടെയോ മത-സാംസ്കാരികസംഘടനാ നേതാക്കളുടെയോ നവകേരള സങ്കൽപത്തിൽ ഇത്തരം കാര്യങ്ങൾ ഇടം പിടിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ തന്നെയും സർക്കാറിന്റെ ശ്രദ്ധയിൽ ഇത്തരം വിഷയങ്ങൾ ഇടം പിടിക്കാനുള്ള സാധ്യതയും കുറവാണ്.

കൊറോണക്കാലം ഏൽപ്പിച്ച പരിക്കുകൾ കേരളം അനുഭവിക്കാൻ ഇരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തേക്കാളുപരി ഭക്ഷ്യക്ഷാമത്തെയാണ് കേരളം ഭയപ്പെടേണ്ടിയിരിക്കുന്നത്. ഹരിത കേരള മിഷനിലൂടെ നാലു വർഷം കൊണ്ട് പച്ചക്കറി ഉൽപാദനം ഏഴു ലക്ഷം ടണ്ണിൽ നന്ന് 15 ലക്ഷം ടണ്ണിലെത്തിക്കുന്നതിനും മുപ്പതിനായിരം ഹെക്ടർ തരിശ് ഭൂമി കൃഷി ഭൂമിയാക്കി മറ്റിയെടുക്കുന്നതിനും സർക്കാറിന് സാധിച്ചെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

തരിശ് ഭൂമികൾ ഏറെയുള്ള സംസ്ഥാനമാണ് കേരളം.കൃഷി ഇറക്കാൻ താൽപര്യമില്ലാത്തതു കൊണ്ടല്ല നിലവിൽസംസ്ഥാനത്ത് ഭൂമികൾ തരിശായി കിടക്കുന്നത്.മറിച്ച് കൃഷികൾക്കാവശ്യ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതു കൊണ്ടും, വന്യമൃഗശല്യത്തിന് പരിഹാരം കാണാനാവത്തതു കൊണ്ടുമാണ്. വനം -വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ബോധവൽകരണ പരിപാടികളോ, ജലവിഭവവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതിമാസ അവലോകന യോഗങ്ങളോ സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ല. അതേ സമയം സർക്കാർ നേരിട്ട് കർഷകരുമായി സംവദിക്കാൻ തയ്യാറാവുകയും അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുകയും ചെയ്താൽ സംസ്ഥാനത്തെ തരിശ് ഭൂമികളത്രയും കൃഷിഭൂമികളായി മാറാൻ ഏറെ കാലം കാത്തിരിക്കേണ്ടി വരികയുമില്ല.

മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിലൂടെ കേരളത്തിൽ പുതിയ വികസനപദ്ധതികൾ ആവിഷ്ക്കരിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമുണ്ടാവാനിടയില്ല. അതേ സമയം നിലവിലെ പൊതുസംവിധാനങ്ങൾ കാലോചിതമായി പരിഷ്കരിക്കാൻ തയ്യാറാവാത്ത പക്ഷം നവകേരളത്തിന്റെ ഗുണഫലം മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് അനുഭവിക്കാനുമാവില്ല.

കേരള പര്യടനത്തിന്റെ ഭാഗമായി ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ മത-സാംസ്കാരിക നേതാക്കളും ,വ്യവസായ-വാണിജ്യ മേഖലകളിലെ പ്രമുഖരുമെല്ലാം തന്നെ അവരവരുടേതായ മേഖലകൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുമെന്നിരിക്കെ സർക്കാറിന്റെ ഗുണകാംക്ഷികളും ഗുണഭോക്താക്കളുമായ സാധാരണക്കാരുടെ നിർദ്ദേശങ്ങൾ ആരിൽനിന്ന് എവിടെവെച്ചാണ് മുഖ്യമന്ത്രി സ്വീകരിക്കാൻ തയ്യാറാവുക എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.സാധാരണക്കാർക്ക് വേണ്ടി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ച സർക്കാറിനെ സംബന്ധിച്ചിടത്തോളം അവഗണിക്കാനാവാത്ത ചോദ്യം തന്നെയാണത്.നവകേരള കുതിപ്പിനിടയിൽ സർക്കാറിന്റെ ക്ഷണിതാക്കളിൽ സ്ഥാനം ലഭിക്കാതെപോയ സാധാരണക്കാർ കിതക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും സർക്കാറിന്റെ കടമ തന്നെയാണ്.
കെ.എം സലീം പത്തനാപുരം. 

Loading...