970-250

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചരിത്രത്തിൽ ഇടം നേടും

കെ.എം സലീം പത്തനാപുരം.

1960കളുടെ അവസാനത്തോടെയാണ് കേരളത്തിൽ സാക്ഷരതാപ്രവർത്തനം ആരംഭിച്ചതെന്നു കാണാം.1968 ലാണ് സർക്കാർ ഏജൻസികൾ ഈ രംഗത്തേയ്ക്കു കടന്നുവന്നത്. കണ്ണൂർ ജില്ലയിലെ എഴോം പഞ്ചായത്താണ് ആദ്യമായി സാക്ഷരതനേടിയ ഗ്രാമപഞ്ചായത്ത്. 1986 ൽആണ് ആ പ്രഖ്യാപനമുണ്ടായത്.

സർക്കാർ പ്രഖ്യാപിക്കുന്ന കർമപദ്ധതികൾ സമൂഹം ഏറ്റെടുക്കുകയും ആവശ്യമായ പിന്തുണനൽകാൻ സർക്കാർ സന്നദ്ധമാവുകയും ചെയ്താൽ ലക്ഷ്യപ്രാപ്തി കൈവരിക്കാനാവുമെന്നതിന്റെ മികച്ച ഉദാഹരണമായി സമ്പൂർണ്ണ സാക്ഷരതായജ്ഞം പദ്ധതിയെ കാണാവുന്നതാണ്.

1987ലെ ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിൽ സാക്ഷരതാപ്രസ്ഥാനം വിപുലമായി വളർന്നത്. അതുവരെ ഔപചാരികമായി നടന്ന പ്രവർത്തനം സർക്കാർ സഹായത്തോടെ വൻപിച്ച പ്രസ്ഥാനമായി വളർന്നു. 1989ൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സഹകരണത്തോടെ കോട്ടയം നഗരസഭയും ജില്ലാ ഭരണകൂടവും ചെർന്ന് നൂറുദിന കാമ്പയിൻ ഏറ്റെടുത്തു. അങ്ങനെയാണ് കോട്ടയത്തിനു നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പട്ടണമെന്ന സ്ഥാനം ലഭിച്ചത്.

1989ൽ വെളിച്ചമേ നയിച്ചാലും എന്ന പേരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ സാക്ഷരതാ പദ്ധതി ആരംഭിച്ചു.
അതിന്റെ ഭാഗമായി സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പോയി. 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. കക്ഷിരാഷ്ട്രീയ ഭേദമന്യെ എല്ലാവരും ആ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു.

സുര്യാസ്തമനത്തോടെ ആൽത്തറയിലും അമ്പലമുറ്റത്തും വായനശാലകളിലും അംഗനവാടികളിലും വീട്ടുമുറ്റങ്ങളിലും പഠിതാക്കൾ ഒത്തുകൂടി. വീട്ടു വരാന്തകൾപോലും വിദ്യാലയങ്ങളായിമാറി, അഞ്ചാം ക്ലാസുകാരനും അറുപത്കഴിഞ്ഞ വരും അദ്ധ്യാപകരായി. അങ്ങനെ
മൂന്നു ലക്ഷത്തോളം വരുന്ന സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായി 28 ലക്ഷത്തിലധികം വരുന്ന നിരക്ഷരർ സാക്ഷരരായി മാറി. ( 1990 ഏപ്രിൽ 8ലെ സർവ്വേ പ്രകാരം കേരളത്തിലൊട്ടാകെ 28,20,338 നിരക്ഷരരെ കണ്ടെത്തിയിരുന്നു.)1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.

അതേ സമയം 96-2% സാക്ഷരത കൈവരിക്കാനായസംസ്ഥാനമെന്ന നിലയിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് നാലയുറപ്പിക്കാനായെങ്കിലും പ്രാഥമിക തലം തൊട്ട് ഹൈസ്കൂൾ ഉൾപ്പടെയുള്ളവയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനോ പരിപാലിക്കുന്നതിനു പോലുമോ കഴിഞ്ഞ സർക്കാറുകളൊന്നും കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. തന്നെയുമല്ല നടത്തിപ്പ് നഷ്ടമാണെന്ന് കണ്ടെത്തി സ്കൂളുകൾ അടച്ചു പൂട്ടുന്ന തീരുമാനവും സംസ്ഥാനത്തുണ്ടായി.

സംസ്ഥാനത്ത് വിദ്യാഭ്യാസ പുരോഗതിക്ക് കാരണമായത് സി എച്ച് മുഹമ്മദ് കോയയുടെ ദീർഖ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണെന്നും സി എച്ചിന്റെ സ്വപ്നങ്ങളാണ് തങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുന്ന തെന്നും തരം കിട്ടുമ്പോഴെല്ലാം വിളിച്ചു പറയാറുള്ള മുസ്ലിം ലീഗിന്റെ പ്രതിനിധി ശ്രീ അബ്ദുറബ്ബ് വിദ്യഭ്യാസ മന്ത്രിയായിരിക്കേയാണ് സർക്കാർ വിദ്യാലയങ്ങൾ ലാഭനഷ്ടങ്ങൾ കണക്കാക്കി അടച്ചു പൂട്ടാൻ തീരുമാനിച്ചെതെന്ന കാര്യം ശ്രദ്ദേയമാണ്. നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് സർക്കാർ സ്കൂളുകളിലെ പ്രധാന പഠിതാക്കളെന്നിരിക്കെ സ്കൂളുകൾ അടച്ചുപൂട്ടാനുള്ള ഉമ്മൻ ചാണ്ടി സർക്കാറിന്റെ തീരുമാനത്തിനെതിരെ ലീഗ് പ്രവർത്തകർക്കിടയിൽ നിന്നു പോലും പ്രതിഷേധ സ്വരങ്ങൾ ഉയർന്ന് വന്നിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടി സർക്കാറും വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ അബ്ദുറബ്ബും സ്കുളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുന്നതാണ് കേരളം കണ്ടത്.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗിച്ച് അംഗനവാടികൾ ഓലക്കുടിലിൽ നിന്നും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോഴും കാലപ്പഴക്കത്താൽ മേൽകൂര തകർന്ന് നിലംപൊത്താറായ വിദ്യാലയങ്ങൾ പോലും പുതുക്കിപ്പണിയാൻ അടുത്ത കാലം വരെയുള്ള സർക്കാറുകളോ വിദ്യാഭ്യാസ വകുപ്പോ താൽപ്പര്യപ്പെട്ടിരുന്നില്ല എന്നതാണ് യാഥാർത്യം. അക്കാരണത്താൽ തന്നെ ചോർന്നൊലിക്കുന്ന പഠനമുറികൾ, ഒടിഞ്ഞുമുറിഞ്ഞ ഇരിപ്പിടങ്ങൾ, പൊട്ടിപ്പൊളിഞ്ഞ ക്ലാസകങ്ങൾ, വൃത്തിഹീനമായ ശുചി മുറികൾ എന്നിങ്ങനെയുള്ളതെല്ലാമായിരുന്നു ഏതാനും വർഷം മുമ്പ് വരെ സർക്കാർ സ്കൂളുകളുടെ മുഖമുദ്രയും സവിശേഷതയും.

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരിയുടെ കാഴ്ചപ്പാടുകളും സി എച്ച് മുഹമ്മദ് കോയയുടെ സ്വപ്നങ്ങളും ഇരു മുന്നണികളുടെയും കവല പ്രസംഗങ്ങളിൽ പോലും കാര്യമായി ചർച്ച ചെയ്യപ്പെടാറുണ്ടെങ്കിലും മുണ്ടശ്ശേരി മുതൽ അബ്ദുറബ്ബ് വരെയുള്ള വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരോ അവർ ഉൾക്കൊള്ളുന്ന സർക്കാറുകളോ സർക്കാർ വക വിദ്യാലയങ്ങളിലെ പ്രാഥമിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് യാഥാർത്യം.

എന്നാൽ മുൻകാല സർക്കാറുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനക്കളാണ് വിദ്യാഭ്യാസ മേഖലയിൽ പിണറായി സർക്കാറും വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചു കൊണ്ടിരിക്കുന്നതെന്ന് കാണാനാവും. അതിന്റെ ഭാഗമായി പ്രാഥമികതലം മുതൽ ഹയർസെകന്ററിതലം വരെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ദേശീയ നിലവാരത്താലേക്ക് മാറികൊണ്ടിരിക്കുന്നു. അബ്ദുറബ്ബ് അടച്ചുപൂട്ടാൻ തീരുമാനിച്ച സ്കൂളുകളും അതിൽ ഉൾപ്പെട്ടിരിക്കുന്നു.സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലെയും സർക്കാർ വിദ്യാലയങ്ങൾ മികവിന്റ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.പലതും അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌ മാറ്റപ്പെട്ടിരിക്കുന്നു. ചോർന്നൊലിക്കുന്നമേൽക്കൂരയും, പൊട്ടിപ്പൊളിഞ്ഞ ക്ലാസ്മുറികളും പഴങ്കതകളായിമാറുന്നു.

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് വർഷത്തിനിടയിൽ 650 കോടിയുടെ വികസന പദ്ധതികൾനടപ്പായി കൊണ്ടിരിക്കുന്നു. ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന 395 സ്കൂളുകൾക്ക് സംസ്ഥാനത്ത് മൂന്നു കോടി വീതം അനുവദിച്ചപ്പോൾ അതിൽ 86 ഉം മലപ്പുറം ജില്ലയിലാണെന്ന കാര്യം സി.എച്ചിന്റെ സ്വപ്നത്തെ കുറിച്ച് വാചാലരാവുന്നവർ കുറിച്ച് വെക്കേണ്ടതു തന്നെയാണ്. ഒരു ദിവസം 90 സ്കുൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുകയും 54 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു കൊണ്ട് സംസ്ഥാനം രാജ്യത്ത് പുതുചരിത്രം രചിക്കപ്പെട്ടിരിക്കുന്നു. ഈ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ വിദ്യാലയങ്ങളും മികച്ച സൗകങ്ങളുള്ളതായി മാറിക്കഴിയുമെന്ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥും ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. നിലവിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജനങ്ങളത് വിശ്വസിക്കുകയും ചെയ്യുന്നു.

ഇതിനിടയിലും ചില പ്രശ്നങ്ങൾ അവശേഷിക്കുന്നു. മലപ്പുറം ജില്ലയിൽ SSLC പാസാവുന്ന വിദ്യാർത്ഥികൾക്ക് ഹെയർസെക്കന്ററി തലത്തിൽ മതിയായ സീറ്റുകളോ പഠന സൗകര്യങ്ങളോ ഇല്ല എന്നതാണാ പ്രശ്നം. കാലങ്ങളായി നില നിൽക്കുന്ന പ്രശ്നമാണിത്. ക്ലാസ് മുറികളിലെ ബെഞ്ചിന്റെ എണ്ണം വർദ്ധിപ്പിച്ചു കൊണ്ടാണ് ചെറിയ രീതിയിലെങ്കിലും സർക്കാർ ഈ പ്രശ്നം പരിഹരിച്ചുകൊണ്ടിരിക്കുന്നത്.40 കുട്ടികൾ പഠിക്കാനിരിക്കുന്ന ക്ലാസ് മുറികളിൽ 70 കുട്ടികൾ പഠിക്കാനിരിക്കുന്ന അവസ്ഥയാണ് ജില്ലയിലുള്ളത്.മാറ്റം ഉണ്ടായേ മതിയാവൂ.അതിന് വേണ്ടി ക്ലാസ് മുറികൾ വർദ്ധിപ്പിക്കണം. അദ്ധാപകരുടെ എണ്ണം കൂട്ടണം. ആവശ്യമായ തൊക്കെയും ഉറപ്പ് വരുത്തണം. അന്താരാഷ്ട്ര നിലവാരത്തിലൊന്നു മാവണമെന്നില്ല.എന്നാൽ വീർപ്പുമുട്ടാതെ പഠിക്കാനാവണം. അദ്യാപകർക്ക് ആത്മസംതൃപ്തിയോടെ ആയാസത്തോടെ പാoങ്ങൾ പറഞ്ഞു കൊടുക്കാനാവണം. അൽപം ചിലകോടികൾ അതിന് വേണ്ടി മാറ്റിവെക്കണം. ഇത്രയേറെ കാര്യങ്ങൾ ചെയ്യാൻ തയ്യാറായ ഇടതുമുന്നണി സർക്കാറിന് ഇക്കാര്യവും ചെയ്യാനാവുമെന്ന് തന്നെയാണ് ജനം വിശ്വസിക്കുന്നത്.ഭരണ കാലാവധിക്കകം അത്തരത്തിലൊരുനപടിയുണ്ടാവുമെന്ന് തന്നെയാണ് ജില്ലയിലുള്ളവർ പ്രതീക്ഷിക്കുന്നത്. സാക്ഷരതാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായി നയനാർ സർക്കാർ ചരിത്രത്തിൽ ഇടം പിടിച്ചതു പോലെ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലൂടെ പിണറായി സർക്കാർ ചരിത്രത്തിൽ ഇടം നേടുമെന്ന കാര്യം തീർച്ചയാണ്.

people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Loading...