970-250

ഈ രക്തത്തിൽ നമുക്ക് പങ്കില്ലേ?

മാധ്യമ പ്രവർത്തകനായ നവാസ് പടുവിങ്ങൽ എഴുതുന്നു…

എത്ര കഴുകിത്തുടച്ചാലും നമ്മുടെ കൈകളിൽ അലംഭാവത്തിൻ്റെ കറ വൈറസ് കണക്കെ പറ്റിപ്പിടിച്ചു നിൽക്കും തീർച്ച.

എന്തു കൊണ്ടാണ് കേരളത്തിൽ കഴിഞ്ഞ ഏതാനും ആഴ്ച്ചകൾക്കിടയിൽ കൊവിഡ് വ്യാപനം അതി രൂക്ഷമായത്?

ഉത്തരം തേടി കാടു കയറേണ്ടതില്ല.

നമ്മളോരോരുത്തരും പുലർത്തുന്ന

കുറ്റകരമായ അനാസ്ഥ തന്നെ.

പത്ത് മാസം മുൻപ് ചൈനയിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത നാൾ മുതൽ ആരോഗ്യമേഖല നമുക്ക് മുന്നറിയിപ്പ് നൽകിത്തുടങ്ങിയതാണ്, അതിന്നും തുടരുകയും ചെയ്യുന്നു.

സാമൂഹ്യ അകലം ഉൾപ്പടെയുള്ള പ്രതിരോധ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിരുന്നെങ്കിൽ ഇന്ന് ഇപ്പോൾ ഈ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്ക് നാം എത്തിപ്പെടുമായിരുന്നില്ല.

വിലപ്പെട്ട, ജീവൻ്റെ വിലയുള്ള പത്ത് മാസങ്ങൾ നൽകിയ പാഠം നാം ഇനിയും പഠിച്ചിട്ടില്ലെന്നത് മലയാളിയുടെ തനത് അഹങ്കാരത്തിലൂന്നിയ നിഷേധാത്മകതയുടെ തെളിവാണ്.

ഈ പത്ത് മാസം കൊണ്ട് ഒരു കുട്ടിയെ അക്ഷരം പഠിപ്പിച്ചെടുക്കാമായിരുന്നു.

ഈ പത്ത് മാസം കൊണ്ട് ആനയെ ചട്ടം പഠിപ്പിക്കാമായിരുന്നു.

ഈ പത്ത് മാസം കൊണ്ട് ബഹുനില കെട്ടിടം പണിതെടുക്കാമായിരുന്നു.

പക്ഷെ, പത്ത് മാസം, മുന്നൂറ് ദിവസം കൊണ്ട് നമ്മൾ മലയാളികൾ അനുഭവത്തിൽ നിന്നും പാഠം പഠിച്ചില്ലെങ്കിൽ ഇനിയെന്ന് പഠിക്കാനാണ്.

സമൂഹ‌ത്തിൽ പകുതിയോളം ആളുകൾക്കും ഇപ്പോഴും മാസ്ക് മുഖത്ത് ഉറച്ചിട്ടില്ല. അവർക്ക് കൈ കഴുകാനറിയില്ല, അകന്നു നിൽക്കാനറിയില്ല.

മാസ്ക് വെയ്ക്കാനും, സാമൂഹ്യ അകലം പാലിക്കാനും പൊലീസിൻ്റെ സാന്നിധ്യം കൂടിയേ തീരൂ എന്ന അവസ്ഥ നമ്മുടെ

സാംസ്കാരിക തകർച്ചയുടെ അടയാളമാണ്.

കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ പോലും തെരുവിലിറങ്ങി നടക്കുന്ന അത്യന്തം ഭയാനകമായ സാഹചര്യം നിലനിൽക്കുന്നു.

ആരെയാണ് നമ്മൾ തോൽപ്പിക്കാൻ ശ്രമിക്കുന്നത്? ഭരണ സംവിധാനത്തെ യോ?

ആരോടാണ് നാം യുദ്ധം ചെയ്യുന്നത്?

നമ്മോട് തന്നെയോ?

രോഗലക്ഷണങ്ങൾ മറച്ചുവെച്ച് സമൂഹത്തിൽ ഇടപഴകുന്നവരും, പരിശോധനയിൽ രോഗം നിർണ്ണയിക്കപ്പെടുന്നത് കുറച്ചിലായി കാണുന്നവരും നാട്ടിൽ രോഗം പരത്തുന്നതിൽ നൽകിയ സംഭാവന ചെറുതല്ല.

കൊവിഡ് ബാധിതരോട് ചിലർ പുലർത്തുന്ന ശത്രുതാ മനോഭാവവും

രോഗലക്ഷണങ്ങൾ മറച്ചു വെയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.

ആത്യന്തികമായി നമ്മുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് കൊവിഡ് വ്യാപനത്തിന് വെള്ളവും വളവും നൽകുന്നത്.

എന്തിനെയും ചോദ്യം ചെയ്യുന്ന, നിയന്ത്രണങ്ങളെ മറികടക്കുന്ന നമ്മുടെ പതിവ് രീതി പക്ഷെ ഇക്കാര്യത്തിൽ വിലപ്പോകില്ല.

ഇവിടെ ആർക്ക് രോഗം വരുമെന്നല്ല, എപ്പോൾ വരുമെന്ന് മാത്രം ചിന്തിച്ചാൽ മതി.

നമുക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവർത്തകരെ ഓർത്തെങ്കിലും, നമ്മുടെ വീട്ടിലുള്ളവരെ ഓർത്തെങ്കിലും സ്വയം നിയന്ത്രിക്കു.

രോഗ പ്രചാരകരാകാതിരിക്കു.

Loading...