970-250

കർഷകരെ അടിച്ചമർത്തിയാൽ രാജ്യം പ്രേതഭൂമിയാവും

കെ.എം സലീം പത്തനാപുരം.

കൊറോണ വൈറസ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ലോക്ക് ഡൗൺ നിയമം പ്രഖ്യാപിച്ചത്.പ്രഖ്യാപനത്തിന് ശേഷമുള്ള ഓരോ ദിവസങ്ങളിലും വൈറസ് ബാധിതരുടെ എണ്ണം കൂടി കൊണ്ടിരുന്നു മാത്രല്ല വൈറസ് വ്യാപനം നിലവിൽ അനിയന്ത്രിതാവസ്ഥയിലുമായിരിക്കുന്നു. കഴിഞ്ഞ ആറുമാസമായി ലോക്ക് ഡൗൺ നിയമത്തിന് കീഴിലായ രാജ്യം ഇന്ന് ലോകത്തെ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള രണ്ടാമത്തെ രാജ്യം എന്ന നിലയിലാണ് എത്തി നിൽക്കുന്നത്.ഈ നിലയിൽ പരിശോധിച്ചാൽ രാജ്യത്ത് നടപ്പാക്കിയ ലോക്ക് ഡൗൺനിയമം കൊണ്ട് ഉദ്ദേശിച്ചഫലം ഉണ്ടായില്ലെന്നു മാത്രമല്ല പരാജയമായിരുന്നു എന്നുകൂടി പറയേണ്ടിവരും.അതേസമയം മറ്റു ചിലഗുണണൾ ഉണ്ടായിട്ടുണ്ടെന്നും കാണാനാവും.

മറ്റു രാജ്യങ്ങളിലെന്നപോലെ ഇന്ത്യയിലും ലോക്ക് ഡൗൺ നിയമം സാമ്പത്തിക മേഖലയെയാണ്കാര്യമായി ബാധിച്ചത് .സമ്പന്നർ മുതൽ സാധാരണക്കാർഉൾപ്പടെ കടുത്ത സാമ്പത്തികപ്രയാസങ്ങൾ ഇതിനോടകം നേരിട്ടിരിക്കുന്നു.

ഭക്ഷണംപാഴാക്കി കളഞ്ഞിരുന്നവർ ഭക്ഷണത്തിന്റെ വിലയറിഞ്ഞതും, മുന്തിയവസ്ത്രങ്ങൾക്കായി വൻകിട വസ്ത്രാലയങ്ങൾതേടി പോയിരുന്നവരുടെ വസ്ത്ര സങ്കൽപങ്ങളിൽ മിതത്വം സ്ഥാനം പിടിച്ചതും, വിലപിടിപ്പുള്ള മത്സ്യങ്ങൾക്കെന്നപോലെ വില കുറഞ്ഞ മത്സ്യങ്ങൾക്കും രുചിയേറെയാണെന്ന് തിരിച്ചറിഞ്ഞതും, സാധാരണയായി അനുഭപ്പെടാറുള്ള വയറുവേദയും തലകറക്കവും സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളിൽ ചെന്ന് ചികിത്സിക്കേണ്ടതില്ലെന്നും പകരം താലൂക്ക് ആശുപത്രി PHC മുതലായ സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സ ലഭിക്കുമെന്നുമെല്ലാം സാധാരണക്കാരൻ മുതൽ സമ്പന്നർ ഉൾപ്പടെയുള്ള മലയാളികൾക്ക് തിരിച്ചറിയാനായത് ലോക്ക് ഡൗൺ നിയമം മൂലമുണ്ടായ ഗുണമായി കാണാവുന്നതാണ്.
ലോക്ക്ഡൗണിനെ തുടർന്നുള്ള ഏതാനും മാസങ്ങളിൽ സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായിരുന്നു എന്നതും ശ്രദ്ദേയമാണ്.

ലേക്ക്ഡൗൺപ്രാഖ്യാപിച്ചതിന് ശേഷം നാല് ഘട്ടങ്ങളിലായി പ്രഖ്യാപിച്ച നിയന്ത്രിത ഇളവുകൾ രാജ്യത്തെ സാമ്പത്തിക സാഹചര്യവും ജനജീവിതവും സാധാരണ നിലയിലേക്ക് നീങ്ങാൻ സഹായകരമായിട്ടുണ്ടെന്ന് കാണാനാവും .അതോടൊപ്പം ചിലരെങ്കിലും തങ്ങളുടെ മുൻകാല ശീലങ്ങളിലേക്കും കുറ്റകരമായ പ്രവർത്തികളിലേക്കും തിരിച്ചു നടക്കാൻ തുടങ്ങിയിട്ടുണ്ടെന്നും കാണാം.
ലോക്ക് ഡൗൺ നിയമം പ്രഖാപിച്ചതിലൂടെ ഉണ്ടായിട്ടുള്ള മറ്റൊരു ഗുണം രാഷ്ടീയ പാർട്ടികളും അവർക്ക്‌ കീഴിലെ സംഘടനകളും തങ്ങളുടെ പതിവ് രീതികളായ അക്രമ സമരപരിപാടികൾ നിർത്തിവെക്കുകയും ജനക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ക്ഷേമകാര്യങ്ങളന്വേഷിച്ച് ജനങ്ങൾക്കിടയിലേക്ക് കടന്നുചെല്ലാൻ സമയം കണ്ടെത്തിയെന്നതുമാണ്.

എന്നാൽ അത്തരം പ്രവർത്തനങ്ങളിൽ മാത്രമായിഒതുങ്ങി നിന്നാൽ സർക്കാറിനെതിരായ ജനവികാരം ഉയർത്തിക്കൊണ്ടുവരാനാവിലെന്ന ചിന്തയുടെ ഭാഗമായി ഒരു വിഭാഗം സംഘടനകൾ തങ്ങളുടെ പതിവ് രീതിയിലുള്ള അക്രമസമര പരിപാടികളിലേക്ക് തിരിച്ചു പോവുന്നതാണ് പിന്നീട് കാണാനായത്.

നിലവിൽ ഒരു ഭാഗത്ത് സർക്കാറും സർക്കാറിനോട് അനുഭാവം പുലർത്തുന്ന സംഘടനകളും ഭരണ-പ്രതിപക്ഷ മുന്നണികളുമായി ബന്ധമില്ലാത്തവരും അതേ സമയം ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രധാന്യം കൽപിക്കുന്നവരുമായ ചില സംഘടനകളും ചേർന്ന് ലോക്ക്ഡൗൺ മൂലം പ്രയാസമനുഭവിക്കുന്നവർക്ക് സഹായകരമായ പ്രവർത്തനങ്ങളുമായി നിലകൊള്ളുകയും, മറുഭാഗത്ത് സർക്കാറിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങളും നിലപാടുകളും തുറന്നു കാട്ടാനെന്ന പേരിൽ അക്രമ സമരങ്ങളുമായി ഇറങ്ങിത്തിച്ചവരെയുമാണ് സംസ്ഥാനത്ത് കാണാൻ കഴിയുന്നത്.

കൊറോണ വൈറസ് വ്യാപനം ഭയാനകമായ അവസ്ഥയിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം സമര പരിപാടികൾക്കെതിരായ ജനവികാരം ശക്തിപ്പെട്ടുകൊണ്ടിരിക്കേയാണ് രാജ്യവ്യാപകമായി മറ്റൊരു സമരം ഉയർന്നു വന്നിട്ടുള്ളത്.

കർഷകസമരമെന്നാണത് അറിയപ്പെടുന്നത്.രാജ്യത്തെ ഇരുനൂറ് കർഷക സംഘടനകളാണ് അതിൽ പങ്കാളികളായിട്ടുള്ളത് .കേന്ദ്ര സർക്കാറിനെ പിന്തുണച്ചു കൊണ്ടിരിക്കുന്ന പാർട്ടികളുമായി ബന്ധപ്പെട്ട കർഷക സംഘടനകളും അതിൽ അണിചേർന്നിട്ടുണ്ട്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിലൊക്കെയും ആ സമരം അനുദിനം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്നതായ വാർത്തകളാണ് പുറത്തു വരുന്നത്.

കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരം ഈത്തപ്പഴത്തിൽ കുരുവിന് പകരം സ്വർണ്ണമായിന്നോ എന്ന ചിലരുടെ സംശയത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത് വിളകൾക്ക് വിലയില്ലാതാവുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ്. സമരക്കാരുടെ ലക്ഷ്യം സർക്കാറിനെ തെറ്റ് തിരുത്തിക്കുക എന്നതാണ്. സമരക്കാരുടെ മുദ്രാവാക്യം തങ്ങളുടെ ഉപജീവന മാർഗ്ഗം സംരക്ഷിക്കണമെന്നതാണ്.ഭരണം അട്ടിമറിക്കണമെന്നോ മറ്റൊരു ഭരണം സ്ഥാപിച്ചെടുക്കണമെന്നോ സമരക്കാരുടെ ലക്ഷ്യമല്ലെന്നാണ് പ്രമുഖ വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രമുഖ വാർത്താ മാധ്യമങ്ങളെല്ലാം കർഷ സമരവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രധാന്യത്തോടെയാണ് നൽകി കൊണ്ടിരിക്കുന്നത്. അതേ സമയം മലയാള മാധ്യമങ്ങളിൽ മിക്കതും ഈത്തപ്പഴത്തിൽ തന്നെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

സമരങ്ങൾ മൂലം ശ്രദ്ദേയമായ കേരളത്തിൽ കർഷകസമരങ്ങൾ പേരിന് മാത്രമായി മാറാൻ തുടങ്ങിയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു. കർഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായികൊണ്ടിരിക്കുമ്പോഴും കർഷക തൊഴിലാളി പെൻഷൻ കൈപ്പറ്റുന്നവരുടെ എണ്ണം വർദ്ദിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിന് മാത്രമാണുള്ളത്. കാൽ നൂറ്റാണ്ടിടയിൽ കേരളത്തിൽ മാത്രം 26876 കർഷർ ആ ത്മഹത്യ ചെയ്തിട്ടുണ്ടെന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ഇന്ത്യ വൈകാതെ കര്‍ഷക ആത്മഹത്യകളുടെ ലോകതലസ്ഥാനമായി മാറുമെന്നും 2015ന് ശേഷം എഴുപത്തിരണ്ടായിരത്തോളം കര്‍ഷകര്‍ ജീവനൊടുക്കിയെന്നുമാണ് പി. സി ബോധ്
(കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ഉപദേഷ്ടാവ്) തന്റെ പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയുടെ കാര്‍ഷികരംഗം തിരിച്ചുവരവിന്‍റെ പാതയിലാണെന്ന അവകാശവാദം കളവാണെന്നു മാത്രമല്ല 2007ലെ ദേശീയ കര്‍ഷക നയത്തിന്‍റെ പോരായ്മകള്‍ തുറന്നുകാട്ടുന്നതുമായിരുന്നു അദ്ദേനത്തിന്റെ വരികൾ. ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ കര്‍ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു. 40 ശതമാനം കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ രണ്ട് പതിറ്റാണ്ടുമാത്രമാണ് കൃഷിക്ക് പരിഗണന നല്‍കിയതെന്നും പുസ്തകത്തിൽ പറയുന്നു.

കർഷക ബില്ലുമായി ബന്ധപ്പെട്ട വിഷയത്തിൽ തന്റെ സർക്കാർ പിന്തുടരുന്നത് കോൺഗ്രസ് സർക്കാറിന്റെ നയങ്ങളാണെന്നാണ് നരേന്ദ്ര മോദി പറഞ്ഞിട്ടുള്ളത്.വാസ്തവത്തിൽ നരസിംഹറാവു – മൻമോഹൻ സിങ്ങ് സർക്കാറുകൾ ഒപ്പുവെച്ച ഗാട്ട്, ആസിയാൻ കരാറുകളാണ് രാജ്യം കർഷകരുടെ ശവപ്പറമ്പായി മാറാൻ കാരണമായതെന്ന യാഥാർത്യം കോൺഗ്രസ് നേതൃത്വവും രഹസ്യമായി അംഗീകരിക്കുന്നത് തന്നെയാണ്. ആസിയാൻ കരാറിന്റെ ദുരന്തഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് കരാറിനെ അനുകൂലിച്ച് തെരുവിലിറങ്ങി കരഘോഷം മുഴക്കിയ കേരളത്തിലെ നാണ്യവിളകർഷകരാണെന്ന യാഥാർത്യം വർത്തമാനസമയത്തെ കർഷകസമരവുമായി ചേർത്ത് കാണേണ്ടതാണ്.

കൊറോണ വൈസ് വ്യാപനം ഭയാനകമായ അവസ്ഥയിൽ എത്തി നിൽക്കേ ലോക്ക്ഡൗൺ നിയമങ്ങൾ വകവെക്കാതെയുള്ള കർഷകസമരത്തെ തള്ളിപ്പറയാൻ കാരണണൾ ഏറെയുണ്ടാവാം. അതേ സമയം കർഷകർ വിത്ത് വിതക്കില്ലെന്ന് തീരുമാനിച്ചാൽ സമരത്തെ തള്ളിപ്പറഞ്ഞു കൊണ്ടിരിക്കുന്നവർ ഉൾപ്പടെ പട്ടിണിയിലാവില്ലെന്ന് പറയാനുള്ള കാരണങ്ങൾ കണ്ടെത്തുകഏറെ പ്രയാസകരമാവും.

കർഷകബില്ലുമായിബന്ധപ്പെട്ട് സർക്കാർ ഭരണഘടനാവിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് പ്രതിപക്ഷം ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയെ സമീപിച്ചിട്ടുണ്ടെന്നും കർഷക വിരുദ്ധ ബിൽ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് പ്രതിപക്ഷം അറിയിച്ചിരിക്കുന്നത്.നരേന്ദ്ര മോദി സർക്കാറിന്റെ മുൻകാല ചെയ്തികൾ ഓർമ്മയിലുള്ളവരൊക്കെയും പ്രതിപക്ഷ നടപടിയെ കൊറോണ കാലത്തെ മികച്ച തമാശയായിട്ടല്ലാതെ കണക്കാക്കുമെന്നു കരുതാനാവില്ല.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയമത്തിന്റെ പേരിൽ കർഷക സമരം അടിച്ചൊതുക്കാൻ നരേന്ദ്ര മോദി സർക്കാറിന് പ്രയാസമുണ്ടാവാൻ ഇടയില്ല. ആ നിലയിൽ സമരം പരാജയപ്പെടാനുള്ള സാധ്യതയും ഇല്ലായ്കയില്ല. അത്യാവശ്യത്തിനു പോലും ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ അനേകായിരങ്ങൾ മൃതിയടഞ്ഞ രാജ്യങ്ങളെ കുറിച്ച് കേട്ടറിവുള്ളവരാണ് രാജ്യത്തുള്ളത്. അത്തരത്തിലൊരവസ്ഥയിലേക്ക് രാജ്യം അടുത്തു കൊണ്ടിരിക്കുന്നതായ മുന്നറിയിപ്പുകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

കോൺഗ്രസ് സർക്കാറുകൾ നടപ്പാക്കിയിരുന്നതും നരേന്ദ്ര മോദി സർക്കാർ പിന്തുടരുന്നതുമായ കർഷകനയം ഉടച്ചുവാർത്തുകൊണ്ടല്ലാതെ രാജ്യത്തിന്റെ കൂട്ടമരണത്തിലേക്കുള്ള വഴിയടക്കാനാവില്ല.കോൺഗ്രസ് പാർട്ടിയോ അവരുടെ സാമ്പത്തികനയങ്ങൾ പിൻതുടരുന്ന നരേന്ദ്രമോദിയോ അതിന് തയ്യാറാവുമെന്ന് കരുതാനുമാവില്ല. അക്കാരണത്താൽ തന്നെ കോർപ്പറേറ്റുകളുടെ ആജ്ഞാനുവർത്തികളായ കോൺഗ്രസ് ബി .ജെ. പി ഇതര സർക്കാറിനെ തെരഞ്ഞെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളാണ് രാജ്യത്ത് തുടക്കം കുറിക്കേണ്ടത്.നിലവിൽ കർഷക സമരത്തിൽ പങ്കാളിത്വം വഹിച്ചുകൊണ്ടിരിക്കുന്ന ഇരുറോളം കർഷക സംഘടനകൾ അത്തരത്തിലൊരു പ്രവർത്തനത്തെയാണ് പിന്തുണക്കേണ്ടത്. ലോക്ക് ഡൗൺ പിൻവലിച്ചാലുടൻ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിപാടികളുമാണ് രാജ്യത്ത് ഉയർന്നു വരേണ്ടത്. രാജ്യത്തെ കുത്തക വ്യവസായികളുടെ ചൊൽപ്പടിയിൽ നിന്ന് കർഷകനും തൊഴിളാലിയും ഉൾപെടുന്ന മഹാ ഭൂരിപക്ഷം രക്ഷപ്പെടാൻ അതല്ലാതെയുള്ള മറ്റേതൊരു മാർഗവും പരിഹാരമാവില്ല.

people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Loading...