970-250

കോവിഡ് പ്രോട്ടോകോള്‍ ഇലക്ട്രിക് ഇന്‍സ്‌പെക്ടറേറ്റിന് ബാധകമല്ലേ?

കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറത്തു വിട്ട നിര്‍ദേശങ്ങള്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നതായി ആക്ഷേപം. യാതൊരു മുന്‍കരുതലുമെടുക്കാതെ ഉദ്യോഗസ്ഥ സംഘങ്ങള്‍ വ്യവസായ ശാലകള്‍ കയറിയിറങ്ങുകയാണെന്നാണ് വ്യാപക പരാതി. വ്യവസായികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനായാണ് ഇത്ര തിടുക്കത്തില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതെന്നാണ് പരക്കെ ആക്ഷേപം. നിരവധി പരാതികളാണ് കാലങ്ങളായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്. എന്നാല്‍ വൈദ്യുതി വകുപ്പോ സര്‍ക്കാരോ ഇതു കണ്ടില്ലെന്നു നടിക്കുകയാണെന്നാണ് പരാതി.
ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ഓഫീസിലേക്ക് അപേക്ഷകര്‍ക്ക് പ്രവേശനമില്ല. ഓഫീസുകളി ലേക്ക് കടക്കണമെങ്കില്‍ കടുത്ത നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുറമെ നിന്നുള്ളവരില്‍ നിന്നും രോഗം പടരാതിരിക്കാനാണ് എന്നാണ് ഇവരുടെ അവകാശവാദം.
എന്നാല്‍ ഈ ഓഫീസിലെ ഉദ്യോഗസ്ഥര്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടത്തോടെ കാറില്‍ ചെന്ന് മറ്റു വ്യവസായ സ്ഥാപനങ്ങളില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് വ്യവസായികള്‍ ചോദിക്കുന്നത്.
പരിശോധന നടത്തുന്ന ഇലക്ട്രിക്കല്‍ റൂമില്‍ സാമൂഹിക അകലം പാലിക്കാതെ തിങ്ങിനിറഞ്ഞാണ് ഈ സ്ഥാപനത്തിലെ ഇലക്ട്രീഷ്യന്‍മാരും ഇന്‍സ്‌പെക്ഷനെത്തുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നില്‍ക്കുന്നത്. ഇത്തരത്തില്‍ ഇന്‍സ്‌പെക്ഷനെത്തുന്ന ഇലക്ട്രിഷ്യന്‍മാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ കോവിഡ് പോസിറ്റിവായാല്‍ ദിവസങ്ങളോളം വ്യവസായ സ്ഥാപനങ്ങള്‍ പൂട്ടിയിടേണ്ടി വരുന്ന അവസ്ഥയിലാണ്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടായിട്ടും സര്‍ക്കാരിനും ഇലക്ട്രിസിറ്റി വകുപ്പിനും യാതൊരു കുലുക്കവുമില്ല.

പ്രളയവും, കൊറോണയും കാരണം ബിസിനസ് പാടെ തകര്‍ന്ന നിലയിലാണ് എല്ലാവരുടെയും. ഈ സാഹചര്യത്തില്‍ പരിശോധനയുടെ പേരില്‍ വ്യവസായ സ്ഥാപനങ്ങളില്‍ കൂട്ടത്തോടെ നടത്തുന്ന പരിശോധന ഈ പഞ്ഞം നിറഞ്ഞ കാലത്തും വ്യവസായികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനാണെന്നാണ് പരാതി.
ഒരു ഉദ്യോഗസ്ഥന്‍ വന്ന് ഇന്‍സ്‌പെക്ഷന്‍ ചെയ്യേണ്ടിടത്ത് 3 പേരാണ് (AEI, Dy EI, EI) കയറിച്ചെല്ലുന്നത്. ഇതിന് പിന്നില്‍ കാരണം പലതാണ്.

1, വൈദ്യുതിയുടെ നിയമം പറഞ്ഞു പേടിപ്പിച്ച് ആളെ എണ്ണി പണം വാങ്ങുക.
2, കൊറോണ കാലമായതിനാല്‍ ബസ്സിലും, ട്രെയിനിലും വരാന്‍ ഉദ്യോഗസ്ഥര്‍ക്ക് പേടിയുള്ളതിനാല്‍ ടാക്‌സി കാര്‍ വിളിച്ചാണ് പല ഉദ്യോഗസ്ഥരും ജോലിക്ക് വരുന്നതും, വീട്ടിലേക്ക് തിരിച്ചുപോകുന്നതും, കൂടാതെ സ്വന്തം വീട്ടാവശ്യങ്ങള്‍ക്ക് വേണ്ടി യാത്ര ചെയ്തിരിക്കുന്ന ടാക്‌സിയുടെ വാടക കൂടി കൊടുക്കുതീര്‍ക്കൂന്നതിനായി പല സ്ഥാപനങ്ങളിലും പരിശോധന നടത്തി, അവിടുന്നെല്ലാം ടാക്‌സിയുടെ വാടക എന്ന പേരില്‍ പണം വാങ്ങുന്നുവെന്ന് വ്യവസായികള്‍ പറയുന്നു. ടാക്‌സി ഓടിയെത്തിയത്തിന്റെ കിലോമീറ്ററും വെയ്റ്റിങ് ചാര്‍ജും കണക്കാക്കിയാണ് വ്യവസായികളില്‍ നിന്നും പണം വാങ്ങുന്നത്. ഇതില്‍ ഡ്രൈവര്‍ക്ക് പണം നല്‍കിയതിനു ശേഷമുള്ള തുകയും ഇവര്‍ പങ്കു വച്ചെടുക്കുകയാണെന്നാണ് പരാതി.

ഫീസ് അടയ്ക്കാന്‍ വ്യവസായികള്‍ തയാറാണ്. എന്നാല്‍ ഇന്‍സ്‌പെക്ഷന് വേണ്ടി വരുന്ന വന്‍ അനധികൃത സാമ്പത്തിക ബാധ്യതയാണ് വ്യവസായികളെ ബുദ്ധിമുട്ടിക്കുന്നത്. കാരണം ഈ ഇന്‍സ്‌പെക്ഷന്റെ പേരു പറഞ്ഞാണ് പലരും ഓഫിസില്‍ നിന്നു വീട്ടിലേയ്ക്കും തിരിച്ചും ടാക്‌സി വിളിച്ചു പോയിക്കൊണ്ടിരിക്കുന്നത്.

വര്‍ഷത്തില്‍ ഒരു തവണ മാത്രം പോയി പരിശോധന നടത്തേണ്ടിടത്ത് മിനിമം രണ്ട് തവണയെങ്കിലും പോകുകയാണ് ഉദ്യോഗസ്ഥരുടെ പതിവ്. ഒരു പോക്കില്‍ ഒരു ഇന്‍സ്‌പെക്ഷന്‍ മാത്രമേ ചെയ്യൂ. ഉദ്യോഗസ്ഥരുടെ ഈ യാത്രകള്‍ കാരണം ഉദ്യോഗസ്ഥര്‍ ഓഫിസുകളില്‍ എത്തുന്നില്ലെത്രെ. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു, അപേക്ഷകര്‍ അന്വേഷിച്ചു ചെന്നാല്‍ മറ്റൊരു ദിവസ്സം വന്നാല്‍ സാറുമാരെ കാണാം എന്ന മറുപടിയാണ് ക്ലര്‍ക്കുമാര്‍ നല്‍കുന്നത്, ഉദ്യോഗസ്ഥര്‍ എവിടെ ഇന്‍സ്‌പെക്ഷന് പോയി എന്നതിന് ഈ ഓഫീസില്‍ രേഖയുമില്ല, രജിസ്റ്ററുമില്ല. ഇത് അന്വേഷിക്കുവാന്‍ അതാത് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണത്തിനുമായി ആരുമില്ല, കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമങ്ങള്‍ പറഞ്ഞ് വ്യവസായങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍മാരായ 177 പേരെ നിയന്ത്രിക്കുവാന്‍ സര്‍ക്കാരിന് നേരവുമില്ല. ഈ ചൂഷണത്തില്‍ നിന്നും വാണിജ്യ വ്യവസായ സ്ഥാപനങ്ങളെ രക്ഷപെടുത്തുവാന്‍ 2017 ല്‍ കേരള സര്‍ക്കാര്‍ പുറപ്പെടുവിപ്പിച്ച G.O.(P)No. 1/2017/PD, തിയ്യതി 28/1/2017. S.R.O No. 77/2017 പിന്‍വലിക്കുകയും പകരം CEA (MRS&ES) REGULATION 2010 ലെ 30, 32, 43 മാത്രമായി നിയമം നടപ്പിലാക്കുകയും വേണമെന്നാണ് വ്യവസായികളുടെ ആവശ്യം. മറ്റു സംസ്ഥാനങ്ങളിലൊന്നുമില്ലാത്ത നിയമങ്ങളാണ് വൈദ്യുതി വകുപ്പ് വ്യവസായികളുടെ മേല്‍കെട്ടി വയ്ക്കുന്നത്. ഇന്ത്യയിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ചയില്‍ കേരളം ഇരുപത്തിഎട്ടാം സ്ഥാനത്താണ്. ഇതിനു കാരണം വൈദ്യുതി വകുപ്പു തന്നെയാണെന്നാണ് വ്യവസായികളുടെ അഭിപ്രായം.

Loading...