970-250

ഫയലുകൾ നിശ്ചലമാക്കിയാൽ ജനങ്ങളാണ് പ്രതിസന്ധിയിലാവുക

കെ .എം സലീം പത്തനാപുരം.

തങ്ങളുടെസർക്കാർ അധികാരത്തിലെത്തിയാൽ അഞ്ചു വർഷത്തിനകം നടപ്പാക്കാൻ ഉദേശിക്കുന്ന കാര്യങ്ങളെന്തല്ലാമെന്ന് പൊതുജന സമക്ഷം പ്രകടനപത്രികയിലൂടെവ്യക്തമാക്കി കൊണ്ടാണ് ഓരോ പാർട്ടിയും തെരഞ്ഞെടുപ്പുകൾ നേരിടാറുള്ളത്. .

പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ളവയിൽ അഞ്ഞൂറിലധികം വാഗ്ദാനങ്ങൾ നാല് വർഷം കൊണ്ട് നിറവേറ്റാനായെന്നാണ് സർക്കാർ അവകാശപ്പെട്ടിരിക്കുന്നത്. ശേഷിക്കുന്നവ അടുത്ത ആറുമാസത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.

പ്രകടനപത്രികയിലൂടെ ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാതിരിക്കുകയോ, പറഞ്ഞതിന് വിപരീതമായി ചെയ്യുകയോ, ചെയ്യുന്നകാര്യങ്ങൾ ജനദ്രോഹപരമായി മാറുകയോ ചെയ്യുന്നസന്ദർഭങ്ങളിൽ അവ ജനങ്ങൾക്കു മുമ്പിൽതുറന്നു കാണിക്കുകയും അത്തരം കാര്യങ്ങളിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിക്കുന്നതിനാവശ്യമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുകയോ, നിയമ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ഉത്തരവാദിത്വമായി കരുതപ്പെടുന്നത്. അതോടൊപ്പം വാഗ്ദാനങ്ങൾ നിറവേറ്റുന്നതിന്റെ മറവിൽ സാമ്പത്തിക ക്രമക്കേടുകളോ, സ്വജനപക്ഷപാതിത്തമോ, പ്രീണനമോ ഉണ്ടാവുന്നപക്ഷം അത് തുറന്നു കാട്ടുന്നതും പ്രതിപക്ഷ ധർമം തന്നെയാണ്.

സർക്കാർ പ്രഖ്യാപിക്കുന്നതും നടപ്പിലാക്കുന്നതുമായ ഏതൊരു പദ്ധതിയുടെയും ഉപയോക്താക്കളും ഗുണഭോക്താക്കളും സംസ്ഥാനത്തെ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പിന്തുണക്കുന്നവരും ഒരു പക്ഷത്തെയും പിന്തുണക്കാത്തവരും ഉൾപ്പടെയുള്ള മുഴുവൻ ജനളുമാണ്. സർക്കാറിന്റെ തെറ്റായ നടപടികൾ മൂലം നഷ്ടം സംഭവിക്കുന്നതും മേൽ പറഞ്ഞവർക്കെല്ലാമാണ്.

ഇടതുപക്ഷം തെരഞ്ഞെടുപ്പു കാലത്ത് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പൂർണ്ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി പ്രത്യക്ഷത്തിൽ ഭരണമുന്നണിക്ക് ജനങ്ങൾക്കിടയിൽ സ്വീകര്യത വർദ്ധിക്കുമെങ്കിലും യാഥാർത്തത്തിൽ നേട്ടമുണ്ടാവുന്നത് സംസ്ഥാനത്തിനും സംസ്ഥാനത്തെ ജനങ്ങൾക്കുമാണ്.അതേസമയം അവനടപ്പാക്കാതിരിക്കുകയോ നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുകയോ ചെയ്താൽ അതുമൂലമുണ്ടാവുന്ന നഷ്ടവും ജനങ്ങൾക്കാകമാനം തന്നെയാണ്. സർക്കാറിന്റെ വികസന പദ്ധതികളെ കുറിച്ച് ഭരണപക്ഷവും വികസന പദ്ധതികളുടെ മറവിലുള്ള അഴിമതികളെ കുറിച്ച് പ്രതിപക്ഷവും കാര്യമായി പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ സംസ്ഥാനത്തിന് ഒട്ടും ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾക്ക് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആഹ്വാനം ചെയ്തിരിക്കുന്നതായ വാർത്തകളാണ് ഇതിനോടകം പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് ശ്രീ മുല്ലപ്പള്ളിരാമചന്ദ്രൻ സർവീസ് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേർക്കുകയും സർക്കാർ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം നൽകിയെന്നുമാണ് പ്രധാന മാധ്യമങ്ങൾ റിപോർട്ട് ചെയ്തിട്ടുള്ളത്.ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ നിലവിൽ സംസ്ഥാന കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടാണെങ്കിൽ പോലും നേരത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനം കൈകാര്യം ചെയ്ത വ്യക്തിയാണ്. ആ നിലയിൽ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടം സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ട വ്യക്തിയുമാണ്. ഇത്തരത്തിലൊരു യോഗം വിളിച്ചു ചേർക്കുന്നത് നിയമ വിരുദ്ധമാണെന്ന കാര്യം അദ്ദേഹത്തിന് അറിയാതിരിക്കാൻ സാധ്യതയില്ലാത്തതുമാണ്. അക്കാരണത്താൽതന്നെ അദ്ദേഹം ചെയ്തിരിക്കുന്നത് നിയമ വിരുദ്ധ പ്രവർത്തനവുമാണ്. സർക്കാർ ജീവനനക്കാർക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്തൊക്കെ ചെയ്തു കൂട എന്നതു സംബന്ധിച്ച് പെരുമാറ്റ ചട്ടം സംസ്ഥാനത്ത് നിലവിലുണ്ട്. 1960 ലാണ് പ്രസ്തുത ചട്ടം രൂപീകൃതമായത്.ചട്ടം 60 എ,61 പ്രകാരം പിരിച്ചുവിടൽ ഉൾപ്പടെയുള്ള അച്ചടക്ക നടപടികൾക്ക് വിധേയരാകാവുന്ന കുറ്റകൃത്യമാണ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർ ചെയ്തിരിക്കുന്നത്. ഇക്കാര്യത്തിൽ മാതൃകാപരമായ നടപികൾ സ്വീകരിക്കേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്വമാണ്.

ഇടതായാലും വലതായാലും ഭരിക്കുന്ന സർക്കാറുകളുടെ പദ്ധതികളും പ്രഖ്യാപനങ്ങളും ഉദ്യോഗസ്ഥരിലൂടെയാണ് രാജ്യത്ത് നടപ്പിലായി കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തിൽ അലംഭാവവും അനാസ്ഥയും പതിവാക്കിയ ഉദ്യോഗസ്ഥർ ഏറെയുള്ള സംസ്ഥാനമാണ് കേരളം. പ്രതിമാസ അതാലത്തുകൾ സംഘടിപ്പിച്ചാൽ പോലും കെട്ടഴിച്ചു തീർക്കാൻ കഴിയാത്ത വിധമാണ് സർക്കാർ ഉത്തരവുകളും സാധാരണക്കാരുടെ ആവലാതികളുമുൾപ്പടെയുള്ള എണ്ണമറ്റ ഫയലുകൾ ഓരോ ഓഫീസ് മേധാവികളുടെയും ജില്ലാ കലക്ടർമാരുടെയും കാര്യാലയങ്ങളിൽ ചലനമറ്റു കിടക്കുന്നത്.

ഓരോ ഫയലും ഒരോ ജീവിത പ്രശ്നങ്ങളാളെന്ന് കണ്ട് സാധ്യമായ വേഗതയിൽ നടപടി സ്വീകരിക്കണമെന്ന് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രി ശ്രീ പിണയായി വിജയൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നതാണ്. എന്നാൽ സെക്രട്ടറിയറ്റ് മുതൽ താഴെ തട്ടിലുള്ള വില്ലേജ് – പഞ്ചായത്ത് ഓഫീസുകളിലടക്കം ഫയലുകൾ കൂമ്പാരമായി കൊണ്ടിരിക്കുന്നതല്ലാതെ മറിച്ചൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് യാഥാർത്യം. സംസ്ഥാനത്തെ അപൂർവ്വം ചില ഓഫീസുകൾ മാറ്റി നിർത്തിയാൽ മറ്റെല്ലായിടത്തും ഇതു തന്നെയാണ് സ്ഥിതി.

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലായി ഒട്ടനവധി നാശനഷ്ടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. പ്രളയദുരിതാശ്വാസമായി ഒട്ടേറെ പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ പ്രളയത്തിൽ നഷ്ടം സംഭവിച്ചവരുടെ വിവരങ്ങൾ പോലും പരിശോധിച്ച് തീർന്നിട്ടില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രളയം മൂലം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച ജില്ലകളിലൊന്നാണ് മലപ്പുറം. ദുരന്തബാധിതരുടെ വിവരങ്ങൾ യഥാസമയം നൽകുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥകാരണം സമാശ്വാസ ധനസഹായം പോലും ഇനിയും ലഭിക്കാത്തവർ ജില്ലയിൽ ഏറെയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ അധിവസിക്കുന്ന ജില്ലയെന്ന നിലയിൽ ജില്ലാ കലക്ടറുടെ അംഗീകാരത്തിനായി കൂടുതൽ ഫയലുകൾ എത്തുന്നത് സ്വാഭാവികമാണ്. രണ്ട് പാർലമെന്റ് മണ്ഡലങ്ങൾ, പതിനാറ് അസംബ്ലി മണ്ഡലങ്ങൾ, ഒൻപത് മുൻസിപ്പാലിറ്റികൾ, തൊണ്ണൂറ്റി ആറ് പഞ്ചായത്തുകൾ, എന്നിവയ്ക്കു പുറമെ ഹജ് ഹൗസും പ്രവർത്തിക്കുന്ന ജില്ലയാണ് മലപ്പുറം.ഇവയിൽ നിന്നെല്ലാമായി ഭരണപരവും വികസനപരവുമായ ഒട്ടനവധി പേപ്പർ ഫയലുകളാണ് ദിനംതോറും ജില്ലാ കലക്ടറുടെ പരിഗണക്കായി എത്തുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തലുകളൊന്നും ഈ കാര്യാലയത്തിന്റെ പടി കടന്നിട്ടില്ലെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

ഇ ഫയലുകൾ തീർപ്പാക്കുന്നതിൽ കലക്ടർക്കുള്ള താൽപര്യം മാനുവൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ഇല്ലെന്ന ആക്ഷേപമാണ് പൊതുപ്രവർത്തകരും ഉദ്യോഗസ്ഥർ തന്നെയും ഉന്നയിക്കുന്നത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ ഇടപെട്ടതിന് ശേഷവും ചലനമറ്റ് കിടക്കുന്ന അവസ്ഥയാണ് ജില്ലാ ആസ്ഥാനത്തുള്ളതെന്ന ആക്ഷേപം മന്ത്രിതലങ്ങളിൽ പോലും എത്തിയതായ വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഹജ്ജ് ഹൗസിലെ ജീവനക്കാരുടെ വേദനവുമായി ബന്ധപ്പെട്ട ഫയലുകൾക്ക് ചലനമുണ്ടായതു പോലും മന്ത്രിതലത്തിൽ ഇടപെടലുകളുണ്ടായതിനു ശേഷമാണെന്ന കാര്യം ഗൗരവത്തോടെ കാണേണ്ടതാണ്.

ജില്ലാ കലക്ടറുടെ കാര്യാലയത്തിൽ പോലും ഇത്തരത്തിലൊരു അവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ സർവീസ് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് ഫയലുകളുടെ ചലന വേഗത കുറക്കാൻ നിർദ്ദേശം നൽകിയതായ വാർത്ത പുറത്തു വന്നിരിക്കുന്നതെന്ന കാര്യം ജനാധിപത്യ വിശ്വാസികൾ ഗൗരവത്തോടെ കാണേണ്ടതും ശക്തമായി പ്രതിഷേധിക്കേണ്ടതുമാണ്.സംസ്ഥാത്ത് വിവിധങ്ങളായ സർക്കാർ കാര്യാലയങ്ങളിൽ നാടിന്റെ വികസനങ്ങളുമായി ബന്ധപ്പെട്ടതും സാധാരണക്കാരുടേതുൾപ്പടെയുള്ള ജീവിത പ്രശ്നങ്ങൾ അടങ്ങിയതുമായ അനേകം ഫയലുകളാണ് ദിനംതോറും എത്തി കൊണ്ടിരിക്കുന്നത്. അത്തരം ഫയലുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഭദ്രമായി കെട്ടിയൊതുക്കി വെക്കാൻ നിർദ്ദേശിക്കുന്നതിലൂടെ സർക്കാറിനെ അപകീർത്തിപ്പെടുത്തുന്നതിനും അതുവഴി തെരഞ്ഞെടുപ്പിൽ ജയിച്ചു കയറാനാവുമെന്നും ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന രാഷ്ട്രീയ നേതാവ് കരുതുന്നുണ്ടാവാം. അതേ സമയം അത്തരത്തിലൊരു നടപടിയിലൂടെ സംസ്ഥാനത്തെ വികസന പദ്ധതികളും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും നിശ്ചലമാവുമെന്നതിൽ തർക്കമില്ല

people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്

Loading...