1470-490

അദ്ധ്യാപകന് ആദരവുമായി യൂസഫലി കേച്ചേരി ട്രസ്റ്റ്.

പാരമ്പര്യമായി ലഭിച്ച ഭൂമി ഭവന രഹിതർക്ക് ദാനം ചെയ്ത അദ്ധ്യാപകന് ആദരവുമായി യൂസഫലി കേച്ചേരി ട്രസ്റ്റ്.മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ തനിക്കു പൂർവ്വികമായി ലഭിച്ച ഭൂമി ഭൂരഹിതരായ 17 കുടുംബങ്ങൾക്ക് സൗജന്യമായി വീതിച്ചു നൽകിയ  പെരിന്തൽമണ്ണ ആരംപുളിക്കൽ അബ്ദുൽ ജബാറിന്റെയും സൈനബാ ബീവിയുടെയും മകനായ ബഷീർ മുഹമ്മദിനെ യൂസഫലി കേച്ചേരി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു .നിർധനരും നിരാലംബരുമായ 17 കുടുംബങ്ങൾക്കായാണ് തന്റെ പേരിലുള്ള 74 സെന്റ് ഭൂമി, ബഷീർ മുഹമ്മദ് ദാനമായി നൽകിയത്.ട്രസ്റ്റ് പ്രസിഡന്റ് സലിം ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് മുഖ്യരക്ഷാധികാരി പത്മശ്രീ ഡോ.ടി.എ.സുന്ദർമേനോൻ , ബഷീർ മുഹമ്മദിനെ പൊന്നാട അണിയിച്ച് ആദരിച്ചു . ബഷീർ മുഹമ്മദിന്റെ പുണ്യ പ്രവൃത്തി മാതൃകാപരമാണെന്നും മറ്റുള്ളവർക്ക് ഇതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളാവുന്നതാണെന്നും ഡോ.സുന്ദർ മേനോൻ പറഞ്ഞു . ജനങ്ങൾ കടുത്ത വിഷമം അനുഭവിക്കുന്ന ഈ കോവിഡ് കാലത്തും വലിയ നന്മ ചെയ്യാൻ തോന്നിയ അദ്ധ്യാപകൻ നൻമയുടെ മനുഷ്യ രൂപമാണെന്നുംഡോ .ടി.എ.സുന്ദർ മേനോൻ കൂട്ടിച്ചേർത്തു.കോട്ടയം മുട്ടപ്പള്ളി ഡോ.അംബേദ്കർ മെമ്മോറിയൽ യു.പി.സ്കൂളിലെ അറബി അദ്ധ്യാപകനായ ബഷീർ മുഹമ്മദിന്, സ്കൂളിലെ ചാരിറ്റി പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച പ്രചോദനമാണ് ഭൂദാനത്തിന് പ്രേരണയായത്.താൻ വീതിച്ചു നൽകിയ ഭൂമി ലഭിച്ചവർക്ക് ആ ഭൂമിയിൽ വീട് വെച്ചു നൽകാൻ തയ്യാറുള്ള സുമനസ്സുകളെ തേടുകയാണെന്നും കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തൃശ്ശൂരിലെ യൂസഫലി കേച്ചേരി ട്രസ്റ്റിന്റെ ആദരം ലഭിച്ചതിൽ തനിക്ക് അഭിമാനമുണ്ടെന്നും ഇത് തന്റെ മാതാപിതാക്കളുടെ അനുഗ്രഹമായി  കരുതുന്നുവെന്നും ബഷീർ മുഹമ്മദ് പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ കോവിഡ് നിയന്ത്രണ നിർദ്ദേശം കർശനമായി പാലിച്ചു കൊണ്ടാണ് ആദര ചടങ്ങ് സംഘടിപ്പിച്ചത്.

Comments are closed.