1470-490

എല്‍ഇഡി ബള്‍ബുകളുടെ നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ.

എല്‍ഇഡി ബള്‍ബുകളുടെ നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കുറ്റിച്ചിറ പുളിങ്കര സ്വദേശി പെല്ലിശേരി വിട്ടില്‍ ലിന്റോ (35)യെയാണ് ഇന്‍സ്‌പെക്ടര്‍ ബി.കെ.അരുണിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത് .ബൾബുകൾ നിര്‍മ്മിക്കുവാന്‍ സാമഗ്രികള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംരഭകരില്‍ നിന്ന് നാല ലക്ഷം രൂപയോളം തട്ടിയെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. കൊരട്ടി ജംക്ഷനില്‍ ഇയാള്‍ നടത്തിവരികയായിരുന്ന ലിമിങ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് തട്ടിപ്പു നടത്തിയത്. എല്‍ഇഡി ബള്‍ബിന്റെ നിര്‍മ്മാണ സാമഗ്രികള്‍ നല്‍കാമെന്നും തിരിച്ചെടുക്കുമ്പോള്‍ ബള്‍ബ് ഒന്നിന് 30 രൂപ വീതം നല്‍കാമെന്നും വിശ്വസിപ്പിച്ച് പലരില്‍ നിന്നായി പണം വാങ്ങുകയും ഇതു നല്‍കാതെ ഇയാള്‍ മുങ്ങുകയും ചെയ്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും നിര്‍മ്മാണ സാമഗ്രികള്‍ എത്താതായതോടെ സംരഭകര്‍ കൊരട്ടിയിലെ ഓഫിസിലെത്തുകയും ഇയാള്‍ മുങ്ങിയതറിഞ്ഞ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന ഇയാള്‍ വീട്ടിലെത്തിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. എസ്‌ഐമാരായ സി.കെ.സുരേഷ്, സി.ഒ.ജോഷി, എഎസ്‌ഐ എം.എസ്.പ്രദീപ്, സീനിയര്‍ സിപിഒ വി.ആര്‍.രഞ്ജിത് എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കോടതി ഇയാളെ റിമാന്‍ഡു ചെയ്തു. ഇയാളുടെ ഓഫിസില്‍ പൊലീസ് തിരച്ചില്‍ നടത്തി പിടിച്ചെടുത്ത 45 ലക്ഷം രൂപയോളം വിലമതിക്കുന്ന ബള്‍ബുകളും കോടതിയില്‍ സമര്‍പ്പിച്ചു. നേരത്തെ സമാനമായ രീതിയില്‍ പണം തട്ടിയതിന് പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയാണ് വീണ്ടും തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

Comments are closed.