1470-490

പാലത്തായി കേസിൽ പുനരന്വേഷണം: കോടതിയും സർക്കാരും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടതിന്റെ ശുഭസൂചന

പാലത്തായി കേസിൽ പുനരന്വേഷണം; കോടതിയും സർക്കാരും പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ടതിന്റെ ശുഭസൂചന
ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള

കേരളീയ സമൂഹത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന പാലത്തായി പീഡന കേസിൽ ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് കേരള ഘടകം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.

ഓച്ചിറ :കേരളീയ സമൂഹത്തെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന പാലത്തായി പീഡന ക്കേസിൽ ജംഇയ്യത്തുൽ ഉലമ ഏ ഹിന്ദ് കേരള ഘടകം കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി. കേവലം ഒരു പ്രാദേശിക ബലാത്സംഗ കേസിൽ ജംഇയ്യത്തുൽ ഉലമാ ഏ ഹിന്ദ് പോലൊരു സംഘടന ഇടപെടേണ്ടതല്ലെങ്കിലും, അതിനപ്പുറമുള്ള തലങ്ങളിലേക്ക് കേസ് വഴിമാറി എന്നത് തികച്ചും ഗുരുതരമാണെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സ്റ്റേറ്റ് ഭാരവാഹികളുടെ യോഗം വിലയിരുത്തി.
കേന്ദ്ര ഭരണ കക്ഷിയുടെ പ്രിയങ്കരനായ പ്രതി പൊലീസിലെ ദുസ്വാധീനങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുന്നു എന്നത് മാത്രമല്ല, പ്രതിയെ രക്ഷിക്കാനായി കേസിന് വർഗീയഛായ നൽകാനും സി.എ.എ യെ ന്യായീകരിച്ച പ്രതിക്കെതിരെ ജിഹാദികൾ നടത്തുന്ന കടന്നാക്രമണമെന്ന് വരുത്തി തീർത്ത് സമൂഹത്തിലും, സമുദായങ്ങൾക്കിടയിലും വലിയ ധ്രുവീകരണം സൃഷ്ടിച്ച് മതവൈരം വളർത്താനും, കേരളത്തിന്റെ സൗഹാർദ്ദാന്തരീക്ഷം തകർക്കാനും കേന്ദ്ര ഭരണകക്ഷിയുടെ സംസ്ഥാന ഘടകവും, നേതാക്കളും ശ്രമം നടത്തുന്നു എന്നത് കൂടിയാണ് പ്രശ്നത്തെ കൂടുതൽ ഭയാനകമാക്കുന്നത്.
അനാഥയായ പ്രായം തികയാത്ത ഒൻപത് വയസ്സുകാരി പെൺകുട്ടിക്ക് നീതി നൽകാൻ ഏറ്റവും ബാധ്യസ്ഥനായ ഐ ജി റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥൻ ഇരയെ അവഹേളിച്ചും, പ്രതിയെ രക്ഷിച്ചും നടത്തിയ പ്രതികരണം പരസ്യമായതിലൂടെ മറ്റൊരു സെൻകുമാർ പോലീസ് തലപ്പത്ത് സ്വാധീനം ചെലുത്തുന്നതിന്റെ ദുസ്സൂചനയാണ് നൽകുന്നത്. മതവിഭാഗങ്ങൾക്കിടയിലെ സൗഹൃദത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ജംഇയ്യത്ത് ഉലമാ ഏ ഹിന്ദിന് അതിനാൽ തന്നെ ഈ പ്രശ്നത്തിന് നേരെ കണ്ണടയ്ക്കാനാവില്ല. കോടതി പുനരന്വേഷണം പ്രഖ്യാപിച്ചതും, അന്വേഷണ ചുമതല വനിതാ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചതും യാഥാർത്ഥ്യമാണെങ്കിൽ കോടതിയും ഗവണ്മെന്റും പ്രശ്നത്തിന്റെ ഗൗരവം ഉൾകൊണ്ടതിന്റെ ശുഭസൂചനയായി കാണുന്നു. അതോടൊപ്പം ഇരയ്ക്ക് നീതി ലഭിക്കാനും പ്രതി ശിക്ഷിക്കപ്പെടാനും, പ്രതിയെ രക്ഷിക്കാനായി വർഗീയചേരിതിരിവുകൾ സൃഷ്ടിക്കാനുള്ള നീക്കത്തിനെതിരെയും ബഹുമാനപ്പെട്ട കോടതിയുടെയും, സർക്കാരിന്റെയും നിതാന്ത ജാഗ്രത ഉണ്ടാവണമെന്നും ജംഇയ്യത്ത് യോഗം അഭ്യർത്ഥിച്ചു.
ഇവ്വിഷയകമായി നീതിക്ക് വേണ്ടിയുള്ള എല്ലാ ഇടപെടലുകൾക്കും കക്ഷിരാഷ്ട്രീയ മത -ജാതി ചിന്തകൾക്കതീതമായി ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള ഘടകം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്റ് മൗലാനാ പി.പി. ഇസ്ഹാഖ് ഖാസിമിയുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ യോഗത്തിൽ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അബ്ദുൽ ഗഫാർ കൗസരി എടത്തല ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി വി.എച്ച് അലിയാർ ഖാസിമി ആനുകാലിക പ്രശ്നങ്ങളെ കുറിച്ച് പ്രമേയം അവതരിപ്പിച്ചു.
യോഗത്തിൽ മുഹമ്മദ് ശരീഫ് അൽ കൗസരി തൊടുപുഴ, അബ്ദുശ്ശകൂർ ഖാസിമി, അബ്ദുൽ കരീം ഹാജി ജലാലിയ്യ, ശൈഖ് അൻസാരി നദ്‌വി, റസൂൽ ഗഫൂർ സാഹിബ് കോഴിക്കോട് , ഷംസുദ്ദീൻ ഖാസിമി പട്ടാമ്പി , അർഷദ് ബിൻ നൂഹ് മൗലാനാ ആലുവ, ഉബൈദുല്ലാഹ് ഖാസിമി കണ്ണൂർ, അഷ്റഫ് അലി കൗസരി തിരുവനന്തപുരം, മുഫ്തി താരിഖ് ഖാസിമി കായംകുളം, ഹാഫിസ് അൻസാരി കൗസരി കാഞ്ഞാർ, അബ്ദുസ്സലാം ഹുസ്നി കാഞ്ഞിപ്പുഴ, ഷറഫുദ്ദീൻ അസ് ലമി കാഞ്ഞിപ്പുഴ, മുഫ്തി മുഹമ്മദ് ഖാസിമി മഞ്ചേരി, ഇൽ യാസ് ഹാദി ഓച്ചിറ തുടങ്ങിയവർ പങ്കെടുത്തു

Comments are closed.