1470-490

മാതാവും കുഞ്ഞും മരിക്കാനിടയായ സംഭവം: കുഞ്ഞിൻ്റെ പോസ്റ്റ്മോർട്ടം നടത്തി.

തലശ്ശേരി: പ്രസവത്തെ തുടർന്ന് മാതാവും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ പൊലിസ് അന്വേഷണത്തിൻ്റെ ഭാഗമായി സംസ്കരിച്ച കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മുഴപ്പിലങ്ങാട് എ.കെ.ജി റോഡിൽ ഹിദായ മസ്ജിദിന് സമീപം പരേതനായ കരിയാടൻ അബൂബക്കറിൻ്റെയും ആയിശയുടെയും മകൾ അപ്സരാസിലെ ഷഫ്ന (32)യും കുഞ്ഞുമാണ് പ്രസവത്തെ തുടർന്ന് കഴിഞ്ഞ 11 ന് മരിച്ചത്. തലശ്ശേരി ജോസ്ഗിരി ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണ കാരണമെന്ന് കാണിച്ച് ബന്ധുക്കൾ എടക്കാട് പൊലിസിന് പരാതി നൽകിയിരുന്നു. മനുഷ്യാവകാശ കമ്മീഷനും രംഗത്തെത്തിയിരുന്നു. ഷഫ്നയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും കുഞ്ഞിൻ്റെ നടത്തിയില്ലായിരുന്നു. ഇതിനെ തുടർന്നായിരുന്നു ഇന്നലെ രാവിലെ 10 ഓടെ ബന്ധപ്പെട്ട അധികൃതർ ചേർന്ന് തലശ്ശേരി സ്റ്റേഡിയം പഴയജുമാ മസ്ജിദ് പള്ളി ഖബർസ്ഥാനിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്.
ജോസ് ഗിരി ആശുപത്രിയിൽ വച്ച് പെൺകുഞ്ഞിനെ പ്രസവിച്ച ഉടനെ രക്തസ്രാവം ഗുരുതരമായി തുടർന്നതിനെ തുടർന്ന് ഷഫ്നയെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ചാല ബൈപ്പാസ് റോഡിലെ മിംസ് ആശുപത്രിയിലും പെൺ കുഞ്ഞിനെ കണ്ണൂർ കൊയിലി ആശുപത്രിയിലേക്കും പിന്നീട് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. പൂർണ ആരോഗ്യവതിയായിരുന്ന ഷഫ്നയെന്നും ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ പറയുന്നത്. തലശ്ശേരി തഹസിൽദാർ ഷാജി, ഫോറൻസിക് ഓഫിസർ ഗോപാലകൃഷ്ണപിള്ള, തലശ്ശേരി ഡി.വൈ.എസ്.പി മൂസ വള്ളിക്കാടൻ, സി.ഐ സനൽകുമാർ, എസ്.ഐ സി.ഐ രാജേഷ്, തലശ്ശേരി ഡി.വൈ.എസ്.പി ഓഫിസിലെ എസ്.ഐമാരായ വി.വി വേണുഗോപാൽ, സുരേഷ് എന്നിവർ മൃതദേഹം പുറത്തെടുക്കാനെത്തിയിരുന്നു. കുഞ്ഞിൻ്റെ ബന്ധുക്കളായ എം. മുഹമ്മദ്, പി. മുസ്തഫ, സി. ഫൈസൽ എന്നിവരും എത്തിയിരുന്നു. തലശ്ശേരിയിലെ സാമൂഹ്യ പ്രവർത്തകൻ മൊയ്തുവാണ് മൃതദേഹം പുറത്തെടുത്തത്.

Comments are closed.