1470-490

കോവിഡ്: ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം


തൃശൂർ ജില്ലാ വികസന സമിതി യോഗം
കോവിഡ്-19 വ്യാപനം ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന ഘട്ടമായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. മാസ്‌കുകൾ ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിനും വിമുഖത കാണിക്കുന്ന ചിലരെങ്കിലും നമുക്കിടയിലുണ്ട്. പോലീസിനെയോ അധികാരികളെയോ ഭയപ്പെട്ടുകൊണ്ട് അവരെ കാണുമ്പോൾ മാത്രമല്ല മാസ്‌ക് ധരിക്കേണ്ടത്. ചിലയിടങ്ങളിൽ കുട്ടികൾ കൂട്ടംകൂടി കളികളിൽ ഏർപ്പെടുന്നതായി കാണുന്നു. ഇത് രോഗവ്യാപനത്തിന് ഇടയാക്കിയേക്കാം. തെരുവ് കച്ചവടങ്ങളിലും കൂടുതൽ നിയന്ത്രണങ്ങൾ ജനങ്ങൾ സ്വമേധയാ ഏർപ്പെടുത്തണം. വൈറസ് വ്യാപനം അദൃശ്യമായി നമുക്ക് ചുറ്റുമുണ്ടെന്ന തിരിച്ചറിവ് ഓരോ പൗരനും ഉണ്ടാകേണ്ടതുണ്ട്. പ്രായമായവരും കുട്ടികളും വളരെ പ്രധാനപ്പെട്ടതാണെന്ന ബോധ്യവും ഉണ്ടാവണം. ജില്ലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും ഡോക്ടർമാരേയും നഴ്സുമാരേയും ജീവനക്കാരേയും പോലീസിനേയും മറ്റ് മുൻനിര പ്രവർത്തകരേയും യോഗം അഭിനന്ദിച്ചു. കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, കഴിയുന്നത്ര യോഗങ്ങളെല്ലാം ഓൺലൈനായി നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ജെ. റീന അഭ്യർത്ഥിച്ചു. കഴിയുന്നതും കൂട്ടം കൂടാതെയിരിക്കുക. നിലവിൽ ആർക്കും എപ്പോൾ വേണമെങ്കിലും കോവിഡ് ബാധിക്കാനുള്ള സാഹചര്യമുണ്ട്. ജനങ്ങളെല്ലാവരും പ്രത്യേകിച്ച്, മറ്റ് അസുഖങ്ങൾ ഉള്ളവർ, 60 വയസ്സിന് മുകളിലുള്ളവർ, 10 വയസ്സിന് താഴെയുള്ളവർ എന്നിവർ ശ്രദ്ധയോടെയിരിക്കണമെന്ന് ഡി.എം.ഒ അറിയിച്ചു. എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻറർ (സി.എഫ്.എൽ.ടി.സി) തുടങ്ങാൻ വേണ്ട നടപടിക്രമങ്ങൾ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ കിടക്കകൾ ഉള്ളതും ഏറ്റവും സൗകര്യമുള്ളതുമായ സ്ഥലങ്ങളിൽ ആദ്യം സി.എഫ്.എൽ.ടി.സി തുടങ്ങും. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്, സജ്ജമായ മറ്റ് സ്ഥാപനങ്ങൾ തുടങ്ങും.
ആരോഗ്യ വകുപ്പിന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരെ തന്നെയാണ് സി.എഫ്.എൽ.ടി.സികളിൽ വിന്യസിക്കുന്നത്. ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും ഇതിനായി പൂൾ ഉണ്ടാക്കി. ആയുർവേദം, ഹോമിയോ വകുപ്പുകളിലെ ഡോക്ടർമാരേയും മറ്റ് ജീവനക്കാരേയും ഈ പൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ നാല് സി.എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നുണ്ട്. ഒരു സി.എഫ്.എൽ.ടി.സിയിൽ നാല് ഡോക്ടർമാരും എട്ട് സ്റ്റാഫ് നഴ്സും ആറ് നഴ്സ് ഗ്രേഡ്-2വും രണ്ട് നഴ്സിംഗ് അസിസ്റ്റൻറും ഒരു ഡാറ്റ എൻട്രി ഓപ്പറേറ്ററും രണ്ട് സെക്യൂരിറ്റി ജീവനക്കാരും വേണം. സി.എഫ്.എൽ.ടി.സികളിലെ ബയോമെഡിക്കൽ മാലിന്യം ഒഴിച്ചുള്ള ഖരമാലിന്യങ്ങളുടെ സംസ്‌കരണം അതത് തദ്ദേശ സ്ഥാപനങ്ങളാണ് നോക്കേണ്ടത്. കൂടുതൽ വളണ്ടിയർമാരുടെ സേവനം ആവശ്യമുണ്ടെന്നും ഡി.എം.ഒ പറഞ്ഞു.
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം ഏർപ്പെടുത്തിയ ഏറ്റവും മികച്ച പഞ്ചായത്തിനുള്ള ദീൻദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്‌കാരം-2020 നേടിയ തൃശൂർ ജില്ലാ പഞ്ചായത്തിനെ യോഗം അഭിനന്ദിച്ചു.
ഓൺലൈനായി നടത്തിയ യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് അധ്യക്ഷത വഹിച്ചു. ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.എൽ.എമാരായ ബി.ഡി. ദേവസ്സി, പ്രൊഫ. കെ.യു. അരുണൻ, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, കെ.വി. അബ്ദുൽഖാദർ, യു.ആർ. പ്രദീപ്, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Comments are closed.