1470-490

വിനീഷയുടെ മരണം കൊലപാതകമെന്ന് അമ്മ

മാഹി: പത്ത് വയസ്സിന് താഴെയുള്ള നാല് പിഞ്ചുമക്കളുടെ അമ്മയായ  ചാലക്കരയിലെ വളളിൽ വിനീഷ ചെക്യാട്ടെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരണപ്പെട്ടത് സ്വാഭാവികമല്ലെന്നും, ആ സൂത്രിതമായ കൊലപാതകമായിരുന്നുവെന്നും അമ്മ രത്നവല്ലി  പറഞ്ഞു.ഇത് സംബന്ധിച്ച് താൻ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ആത്മഹത്യയെന്ന് ഭർതൃവീട്ടുകാരും ഭർത്താവ്  സജീവനും ആവർത്തിച്ചു പറഞ്ഞ ഈ മരണത്തിന്റെ പിന്നിലുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്ത് വന്നത്.  
മകളുടെ മരണത്തിന് പിന്നില്‍ മകളുടെ ഭര്‍ത്താവ് ചെക്യാട് സ്വദേശി സജീവനാണെന്നാണ് അമ്മയുടെ പരാതി. ക്രൂരമായ ലൈംഗിക – മാനസിക പീഡനത്തിന് മകൾ വിധേയമായിട്ടുണ്ടെന്നും, സഹിക്കവയ്യാതെ മകൾ ചാലക്കരയിലെ തന്റെ വീട്ടിൽ മുൻപ് പല തവണ ഓടിപ്പോന്നിട്ടുണ്ടെന്നും, നാട്ടുകാർ ഇടപെട്ട് മേലിൽ അത്തരം സംഭവങ്ങളുണ്ടാകില്ലെന്ന് സജീവൻ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് മക്കളോടൊപ്പം ഭർതൃവീട്ടിൽ പോയതെന്നും രത്നവല്ലി കണ്ണീരോടെ പറഞ്ഞു.
തൻ്റെ ഏക മകളെ മരുമകൻ തീക്കൊളുത്തി കൊന്നതാണെന്നും തനിക്കും വിനീഷയുടെ നാല് പിഞ്ചു കുട്ടികൾക്കും നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാദാപുരം അസി. പൊലീസ് സൂപ്രണ്ടിനും, വളയം സിഐക്കുമാണ്
 അമ്മ രത്നാവല്ലി പരാതി നൽകിയിട്ടുള്ളത്.
വിനീഷയെ 2020 ഏപ്രില്‍ 24നാണ് ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പ്രാഥമിക ശുശ്രുഷക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി.
27 ദിവസത്തെ ചികിത്സക്ക് ശേഷം 2020 മെയ് 21 നാണ് മെഡിക്കല്‍ കോളേജില്‍ വച്ച് വിനീഷ മരണപ്പെട്ടത്.
മുപ്പത് ശതമാനം മാത്രം പൊള്ളലേറ്റ വിനീഷയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെയാണെന്ന് ബന്ധുക്കൾ പറയുന്നു.
മര്‍ദ്ദിക്കുന്ന പ്രകൃതക്കാരനായിരുന്നു സജീവനെന്നും അമ്മ പറയുന്നു .
വിവാഹ ജീവിതത്തിലെ പത്ത് വര്‍ഷങ്ങളും വിനീഷക്ക് ദുരിതകാലമായിരുന്നു. പലപ്പോഴും വളരെ മോശമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നു. ലൈംഗിക ചൂഷണങ്ങള്‍ പോലും വിനീഷ അനുഭവിച്ചതായി അമ്മ രത്‌നവല്ലി പറയുന്നു.
ലൈംഗിക അവയവത്തില്‍ എന്തോ ആയുധം ഉപയോഗിച്ച് ഒരിക്കല്‍ മുറിവ് ഉണ്ടാക്കിയിരുന്നു.
മകളെ ഉപദ്രവിക്കുന്നത് തടഞ്ഞാല്‍ അമ്മയെയും ഉപദ്രവവിക്കാറുണ്ടായിരുന്നുവത്രെ.
മകള്‍ മരിച്ചതിനു ശേഷമാണ് രത്‌നവല്ലി ഈ കാര്യങ്ങള്‍ പുറത്ത് പറയുന്നത്. സജീവന്‍ ഇവരെ വീട്ടില്‍ വന്നു ഭീക്ഷണിപ്പെടുത്തിയിരുന്നതായും അവർ പറഞ്ഞു. നിത്യവൃത്തിക്ക് പോലുമാവാത്ത ഇവർക്ക്  കേസ്സ് നടത്താനോ, ഇതിന്റെ പിറകെ പോകാനോ ആവാത്ത അവസ്ഥയാണുള്ളത്.
ഏകമകളുടെ ജീവന്‍ നഷ്ടമായത് ഇപ്പോഴും താങ്ങാനാവാതെ വിറങ്ങലിച്ചു നില്‍ക്കുന്ന അമ്മയ്ക്ക് വേണ്ടത് നീതിയാണ്. രത്ന വല്ലിക്ക് ഭർത്താവില്ല. വൃദ്ധയും രോഗിയുമായ അമ്മ നാരായണിക്കൊപ്പമാണ് ചാലക്കരയിലെ വീട്ടിൽ ഇവർ താമസിക്കുന്നത്.നാലാം ക്ലാസ്സുകാരനായ മൂത്ത കുട്ടിയെ ഭർതൃവീട്ടുകാർ രത്ന വല്ലിക്ക് വിട്ടു നൽകിയിട്ടില്ല. കൈക്കുഞ്ഞടക്കമുള്ള മൂന്ന് കുട്ടികൾ രത്നവല്ലിക്കൊപ്പമാണുള്ളത്.കുട്ടികളെയും രോഗിയായ അമ്മയേയും സംരക്ഷിക്കാനാവാതെ ഉഴലുകയാണിവർ. കുട്ടികളെ വീട്ടിലാക്കി കൂലിവേലക്ക് പോകാനും ഇവർക്കാവുന്നില്ല. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ് ഈ നിർദ്ധന കുടുംബം.
സ്വന്തം മകളുടെ മരണത്തിന് കാരണക്കാരയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നാണ് ഈ അമ്മയുടെ ആവശ്യം.

Comments are closed.