1470-490

സമ്പർക്ക പട്ടികയിലുള്ളവർക്കായി വെള്ളിയാഴ്ച്ച സ്രവ പരിശോധന നടത്തും.

ചൂണ്ടൽ പഞ്ചായത്തിൽ കോവിഡ് സ്ഥീരികരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ളവർക്കായി വെള്ളിയാഴ്ച്ച സ്രവ പരിശോധന നടത്തും. കഴിഞ്ഞ 19 ന് രോഗം സ്ഥീരികരിച്ച മൂന്ന് പേരുടെ സമ്പർക്ക പട്ടികയിലുൾപ്പെടുന്ന നൂറ് പേരുടെ സ്രവ പരിശോധന വെള്ളിയാഴ്ച്ച കേച്ചേരി സിറ്റി പാലസ് ഓഡിറ്റോറിയത്തിലാണ്നടക്കുക. ചൂണ്ടൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഴഞ്ഞി സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പരിശോധന നടക്കുക. സമ്പർക്ക പട്ടികയിലുള്ളവർക്കായി ആന്റിജൻ ടെസ്റ്റാണ് നടത്തുന്നത്. ഇതു വഴി പരിശോധന കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഫലം പുറത്ത് വരും. 20 പേരടങ്ങുന്ന അഞ്ച് ബാച്ചായി തിരിച്ചാണ് പട്ടികയിലുൾപ്പെട്ടവരുടെ സ്രവം ശേഖരിക്കുക. ഒരോ ബാച്ചിലും പരിശോധനക്കായി എത്തേണ്ടവരുടെ ലിസ്റ്റ് മുൻകൂട്ടി നൽകിയിട്ടുണ്ട്. അനുവദിച്ച സമയക്രമം അനുസരിച്ചാണ് പരിശോധനകൾക്കായി എത്തേണ്ടതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം. പറഞ്ഞു. പരിശോധനകൾക്കായി സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് അധികൃതരുടെയും, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

Comments are closed.