1470-490

കോവിഡ് 19 ടെസ്റ്റുകളെ അറിയാം

ആർ.ടി- പി.സി.ആർ. ടെസ്റ്റ്

മൂക്കിൽ നിന്നോ തൊണ്ടയിൽ നിന്നോ സ്രവമെടുത്ത് അംഗീകൃത ലാബുകളിൽ പരിശോധിക്കുന്നു. പരിശോധനയ്ക്ക് ആറുമുതൽ എട്ടുമണിക്കൂർ വരെ സമയമെടുക്കും. ഫലം മിക്കവാറും അടുത്ത ദിവസം മാത്രമേ പ്രഖ്യാപിക്കാൻ സാധിക്കൂ. പോസിറ്റീവ് ആണെങ്കിൽ ആ വ്യക്തിയെ കോവിഡ് 19 ചികിത്സയ്ക്ക് വിധേയനാക്കുന്നു.

ട്രൂനാറ്റ് ടെസ്റ്റും ജീൻ എക്സ്പെർട് ടെസ്റ്റും

ആർ.ടി.-പി.സി.ആർ. ടെസ്റ്റിന്റെ രണ്ട് വകഭേദങ്ങളാണ് ട്രൂനാറ്റ് ടെസ്റ്റും ജീൻ എക്സ്പെർട് ടെസ്റ്റും. ഒരു സമയം മൂന്ന്-നാല് സാമ്പിൾ മാത്രമേ ടെസ്റ്റിന് വിധേയമാക്കാൻ പറ്റൂ. ഫലം അറിയാൻ രണ്ടുമൂന്നു മണിക്കൂർ എടുക്കും. അടിയന്തിര ഘട്ടങ്ങളിൽ മാത്രമേ ഇവ ഉപയോഗിക്കൂ.

ആന്റിജൻ ടെസ്റ്റ്

തൊണ്ടയിലെയോ മൂക്കിലേയോ സ്രവമെടുത്ത് പരിശോധിക്കുന്നു. കോവിഡ് 19 വൈറസിന്റെ പുറമേയുള്ള ആവരണം പ്രോട്ടീൻ നിർമ്മിതമാണ്. ഈ പ്രോട്ടീൻ സാന്നിധ്യമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. പരിശോധന സ്ഥലത്ത് വെച്ചുതന്നെ അരമണിക്കൂറിനകം ഫലം ലഭിക്കുന്നു. ഫലം പോസിറ്റീവായാൽ കോവിഡ് 19 ചികിത്സയ്ക്ക് വിധേയമാക്കും.

ആന്റിബോഡി ടെസ്റ്റ്

ആന്റിബോഡി ടെസ്റ്റിനായി സിരകളിൽ നിന്നും അഞ്ച് മില്ലിലിറ്റർ രക്തം എടുക്കുന്നു. ഫലം 20 മിനിറ്റിനകം ലഭിക്കുന്നു. ശരീരത്തിൽ കൊറോണ വൈറസ് ബാധ ഉണ്ടെങ്കിൽ ഫലം പോസിറ്റീവ് ആയിരിക്കും. രണ്ടുതരം ആന്റിബോഡികളാണ് ഉണ്ടാകുന്നത്. ഐ.ജി.ജിയും ഐ.ജി.എമ്മും.
ഐ.ജി.എം. പോസിറ്റീവ് ആണെങ്കിൽ രോഗവ്യാപന ശേഷി ഉണ്ടാകാം. ഐ.ജി.ജി. പോസിറ്റീവ് ആണെങ്കിലും ആ രോഗിക്ക് രോഗവ്യാപനശേഷി ഉണ്ടായിരിക്കില്ല. അതിനാൽ രോഗവ്യാപനശേഷി ഉണ്ടോ എന്നറിയുന്നതിന് ആന്റിബോഡി ടെസ്റ്റ് പോസിറ്റീവ് ആയിട്ടുള്ളവരെ ആർ.ടി-പി.സി.ആർ. ടെസ്റ്റിന് വിധേയമാക്കുന്നു.

കോവിഡ് രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ദിശ 1056/1077/0471 2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് അവരുടെ നിർദേശപ്രകാരം മാത്രം ആശുപത്രിയിൽ പോവുക.

കടപ്പാട്:
നാഷണൽ ഹെൽത്ത് മിഷൻ

Comments are closed.