1470-490

കോവിഡ് ചികിത്സയിലെ ഹോമിയോ അപകടം

ഡോ. ജിനേഷ്. പി. എസ്സ്

കഴിഞ്ഞ ദിവസം മരിച്ച 24 വയസ്സുകാരനായ കണ്ണൂർ സ്വദേശിക്ക് സ്രവ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു എന്ന് വാർത്ത.

“നിരീക്ഷണ കാലാവധി കഴിഞ്ഞ് രോഗലക്ഷണം ഉണ്ടായിട്ടും ആരോഗ്യ വിഭാഗത്തെ അറിയിക്കാതെ അടുത്ത ബന്ധുവഴി ഒരു സ്വകാര്യ ഹോമിയോ ഡോക്ടറുടെ അടുക്കൽ ചികിത്സ തേടിയെന്ന് റിപ്പോർട്ടുണ്ട്.” 24 ന്യൂസിൽ നിന്നുള്ള ഭാഗമാണ്. ഈ വാർത്ത എത്രമാത്രം സത്യമാണ് എന്നറിയില്ല.

പക്ഷേ സത്യമാണെങ്കിൽ അത്യധികം ഖേദകരമാണ് എന്ന് പറയാതെ വയ്യ.

ആധുനിക വൈദ്യശാസ്ത്ര ചികിത്സ തേടുന്നവർ മരിക്കുന്നില്ലേ എന്ന് ചോദിച്ച് തർക്കിക്കാൻ വരുന്നവരോട് മറുപടി പറഞ്ഞ് സമയം കളയാനില്ല.

ലളിതമായി പറയാം,

ആധുനിക വൈദ്യശാസ്ത്ര ഈ ചികിത്സാരീതിയിൽ കഴിഞ്ഞ് ആറുമാസം കൊണ്ട് തന്നെ വളരെ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ തന്നെ ആശുപത്രികളിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും വളരെയധികം വർദ്ധിച്ചിട്ടുണ്ട്. പല മരുന്നുകളും ചികിത്സാ രീതികളും ഇപ്പോൾ വളരെ പെട്ടെന്ന് തന്നെ നൽകാൻ സാധിക്കുന്നുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സിക്കുന്ന ടീമിൽ അംഗമായ ഡോ. Shameer Vkയുടെ വാക്കുകൾ ഒന്നു ശ്രദ്ധിക്കാം: “രക്തക്കുഴലുകളെ ബാധിച്ച് രക്തപ്രവാഹം കുറഞ്ഞ് പല അവയവങ്ങൾക്കും പ്രവർത്തനക്ഷമത നഷ്ടപ്പെടും എന്നതിനാൽ ആ ഘടകങ്ങൾ പരിശോധിച്ചറിയാൻ വേണ്ട ടെസ്റ്റുകൾ (D dimer പോലത്തെ) കോവിഡ് ന്യൂമോണിയയിൽ സ്ഥിരമായി ചെയ്തു തുടങ്ങി. ആ ഫലങ്ങൾക്ക് അനുസരിച്ചു രക്തത്തിലെ ക്ലോട്ട് അലിയിക്കുന്ന ഹെപ്പാരിൻ പോലത്തെ മരുന്നുകളും ഉപയോഗിച്ച് തുടങ്ങി. അതുപോലെ ഗുരുതരാവസ്ഥയിൽ ആകുന്നവർക്ക് നേരിട്ട് വെൻറിലേറ്റർ ചികിത്സയിലേക്ക് പോകുന്നതിനു മുൻപ് മിനുട്ടിൽ വളരെ കൂടുതൽ അളവിൽ ഓക്സിജൻ നൽകാൻ കഴിയുന്ന HFNC പോലത്തെ സംവിധാനങ്ങൾ ഉപയോഗിച്ചു തുടങ്ങി. ഇവരിൽ പലർക്കും വെൻ്റിലേറ്റർ സഹായം വേണ്ടി വരുന്നില്ല. ഇപ്പോൾ സ്റ്റിറോയ്ഡ്, ടോസിലീസുമാബ് തുടങ്ങിയ മരുന്നുകളും ആവശ്യാനുസരണം ഉപയോഗിക്കപ്പെടുന്നു. പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും പ്ലാസ്മ ചികിത്സയും നിലവിൽ ഉപയോഗിക്കുന്നു. രോഗത്തിന്റെ തുടക്കകാലത്ത് നൽകുന്ന, ഇവിടെ ലഭ്യമല്ലാതിരുന്ന ഫാവിപിറവിർ പോലെ ഉള്ള ആന്റിവൈറൽ മരുന്നുകൾ പലതും ഇപ്പോൾ എളുപ്പത്തിൽ ലഭിക്കാൻ തുടങ്ങി. ഇതിനോടൊപ്പം ചികിത്സിക്കുന്നവരുടെ ആത്മവിശ്വാസവും ഉയർന്നു തുടങ്ങി.”

വാക്സിൻ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല എന്നത് ശരിയാണ്. ഗവേഷണങ്ങളും ട്രയലുകളും നടന്നുകൊണ്ടിരിക്കുകയാണ്. പല രാജ്യങ്ങളിലായി ആയിരക്കണക്കിന് പേരിൽ ട്രെയലുകൾ നടക്കുന്നു. ഇനിയും കുറച്ചു മാസങ്ങൾ കൂടി എടുക്കാതെ വാക്സിൻ പുറത്തിറങ്ങാൻ സാധ്യതയില്ല.

കോവിഡിന് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു പ്രതിരോധ മരുന്നും കണ്ടെത്തിയിട്ടില്ല. ഒരു ചികിത്സാ വിഭാഗങ്ങളിലും കണ്ടെത്തിയിട്ടില്ല.

ഇന്ത്യയിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ പ്രതിരോധ മരുന്നുണ്ട് എന്ന് അവകാശപ്പെട്ട ആയുഷ് വകുപ്പ് ഇവിടെ ഉണ്ടായിരുന്നു. ഇപ്പോൾ ഇന്ത്യയിൽ കേസുകൾ കുതിച്ചുയരുകയാണ്. ആയുഷ് വകുപ്പ് പറയുന്ന ഈ “പ്രതിരോധം” സ്വീകരിച്ച എത്രപേർക്ക് അസുഖം വന്നു എന്ന് തുറന്നുപറയാൻ സർക്കാർ തയ്യാറാകണം.

⭕കോവിഡിന് മരുന്നുണ്ട് എന്ന വ്യാജ പ്രചരണം നടത്തിയ പതഞ്ജലി അവകാശവാദം പിൻവലിച്ചിട്ടുണ്ട്. പിൻവലിക്കേണ്ടി വന്നു എന്നതാണ് സത്യം. ഇപ്പോൾ മറ്റു ചിലർ അവകാശവാദങ്ങളുമായി എത്തിയിട്ടുണ്ട്.

ഇതാണ് നിലവിലുള്ള സാഹചര്യം.

പലപ്പോഴും അശാസ്ത്രീയ പ്രചരണങ്ങളുടെ ഇരയായി മാറുന്നത് സാധാരണക്കാരായ ജനങ്ങളാണ്.

⭕ആധുനിക വൈദ്യശാസ്ത്ര ചികിത്സ തേടിയവരും മരിച്ചിട്ടുണ്ട്. പക്ഷേ ഓരോ ദിവസവും പുരോഗമിക്കുന്ന ചികിത്സാ രീതിയിലൂടെ ഗുരുതരാവസ്ഥയിൽ എത്തുന്ന പരമാവധി ആൾക്കാരെ രക്ഷപ്പെടുത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിക്കുന്നുണ്ട്. രോഗം ബാധിച്ച 80 ശതമാനത്തിലധികം പേർക്കും ഗുരുതരാവസ്ഥ ഉണ്ടാകാത്ത അസുഖമായതിനാൽ ചികിത്സതേടണ്ട എന്ന് വിചാരിക്കരുത്. കാരണം ഗുരുതരാവസ്ഥയിൽ എത്തുന്ന ആ ചെറിയ ശതമാനത്തിൽ നമ്മളോരോരുത്തരും പെടുമോ ഇല്ലയോ എന്ന് നമുക്കറിയില്ല.

അതുകൊണ്ട് ദയവുചെയ്ത് അശാസ്ത്രീയ അവകാശവാദങ്ങൾക്ക് തല വെച്ച് കൊടുക്കരുത്. ഓരോ ജീവനും വിലയേറിയതാണ്.

Comments are closed.