കടലാക്രമണ ഭീഷണി; പ്രത്യേക ജാഗ്രതാ നിർദ്ദേശം

21/07/2020 മുതൽ 23/07/2020 വരെയുള്ള തീയതികളിൽ കേരള തീരത്തോട് ചേർന്ന അറബിക്കടൽ, ലക്ഷദ്വീപ്, മാലിദ്വീപ് മേഖല എന്നീ സമുദ്ര പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും മോശം കാലാവസ്ഥക്കും ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്നും മൽസ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള തീരത്തോട് ചേർന്ന അറബിക്കടലിൽ മോശം കാലാവസ്ഥയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ് കർശനമായി പാലിക്കേണ്ടതാണ്.
22/07/2020 രാത്രി 11.30 വരെയുള്ള സമയത്ത് പൊഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം (INCOIS) അറിയിച്ചു. പ്രസ്തുത മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശ ജില്ലകളിൽ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
കടലാക്രമണ/തീരശോഷണ ഭീഷണി നിലനിൽക്കുന്ന തീരങ്ങളിൽ അപകടസാധ്യത മുന്നിൽ കാണുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണ്. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടും ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് ബുക്ക് 2020 ലെ നിർദേശങ്ങൾക്ക് അനുസൃതമായിട്ടും ആയിരിക്കണം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടത്.
കടലാക്രമണം രൂക്ഷമാകുന്ന പ്രദേശങ്ങളിൽ കടലിനോട് ചേർന്ന് അപകട ഭീഷണി നിലനിൽക്കുന്ന രാത്രി സമയങ്ങളിൽ വീടുകളിൽ ആളുകൾ കഴിയുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്.
താൽക്കാലിക പരിഹാര നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പിനും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദേശം നൽകേണ്ടതാണ്.
മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് അറിയിപ്പ് നൽകേണ്ടതാണ്.
Comments are closed.