1470-490

പാഠപുസ്തക വിതരണം പൂർത്തിയായി

ഒന്നുമുതൽ പത്തുവരെയുള്ള
ക്ലാസ്സുകളിലെ പാഠപുസ്തകം വിതരണം പൂർത്തിയായി

സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള 1 മുതൽ 10 വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂർത്തിയായി. ഈ അധ്യയനവർഷത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്‌കൂളുകൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ അതത് സ്‌കൂളുകൾക്ക് ജില്ല ഡിപ്പോകളിൽ നിന്നും വിതരണം ചെയ്തു. മുൻവർഷങ്ങളിലെ പോലെ ഈ വർഷവും കെ ബി പി എസിന്റെ പൂർണ്ണ നിയന്ത്രണത്തിലും മേൽനോട്ടത്തിലും ആണ് പാഠപുസ്തക വിതരണം നടന്നത്. പാഠപുസ്തകങ്ങൾ കെബിപിഎസിൽ നിന്നും ജില്ലകളിലെ ഡിപ്പോകളിൽ എത്തിച്ച ശേഷം സ്‌കൂൾ സൊസൈറ്റികളിലേക്ക് കൈമാറി.
ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ ഗവൺമെൻറ്, എയ്ഡഡ്, അൺഎയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് 3.03 കോടി വാല്യം ഒന്ന് പുസ്തകങ്ങളാണ് ആവശ്യമായി വന്നത്. സംസ്ഥാനമൊട്ടാകെ 3292 സ്‌കൂൾ സൊസൈറ്റികൾക്ക് പാഠപുസ്തകങ്ങൾ എത്തിച്ചു നൽകി. മാനേജർ നിലവാരത്തിലുള്ള ഉദ്യോഗസ്ഥരെ 14 ജില്ലകളിലെയും പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് കെബിപിഎസ് ചുമതലപ്പെടുത്തിയിരുന്നു. ഈ വർഷം ഒരോ സൊസൈറ്റിക്കും ആവശ്യമായ പാഠപുസ്തകങ്ങൾ തരംതിരിച്ച് പായ്ക്ക് ചെയ്ത് എത്തിച്ചത് അതത് ജില്ലകളിലെ കുടുംബശ്രീ പ്രവർത്തകരാണ്.
പാഠപുസ്തക വിതരണം ത്വരിതപ്പെടുത്തുന്നതിനായി തൃശൂർ, കോഴിക്കോട്, കൊല്ലം, കണ്ണൂർ ജില്ലകളിൽ നിലവിലുള്ള ഡിപ്പോകൾക്ക് പുറമേ കൂടുതൽ ഡിപ്പോകൾ തുറന്നു. കോവിഡ് 19 നിയന്ത്രണങ്ങൾക്കിടയിലും, മൂന്നു മുതൽ നാലു മാസം വരെ സാധാരണ നീണ്ടുനിൽക്കുന്ന പാഠപുസ്തക വിതരണം ഈ വർഷം രണ്ടു മാസത്തിൽ കുറഞ്ഞ സമയം എടുത്താണ് പൂർത്തീകരിച്ചത്. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് പാഠപുസ്തക വിതരണം ആദ്യഘട്ടത്തിൽ ആരംഭിച്ചത്. പാഠപുസ്തക വിതരണം ആരംഭിച്ച ഘട്ടത്തിൽ വയനാട് ജില്ലയിലെ ഡിപ്പോ കൺടൈൻമെന്റ് സോണിൽ ഉൾപ്പെട്ടങ്കിലും അവിടെയും പാഠപുസ്തക വിതരണം പൂർണതോതിൽ പൂർത്തിയാക്കി. നിലവിൽ വാല്യം രണ്ട് പാഠപുസ്തകങ്ങളുടെ അച്ചടി പുരോഗമിക്കുകയാണെന്നും കെ ബി പി എസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സൂര്യ തങ്കപ്പൻ അറിയിച്ചു.

Comments are closed.