1470-490

എന്താണ് ഇമെയിൽ ഫോർജറി

വ്യാജഇമെയിൽ സന്ദേശങ്ങളിലൂടെ നടക്കുന്ന തട്ടിപ്പുകൾ ഇന്ന് സർവ്വ സാധാരണമായിരിക്കുന്നു. ബാങ്കുകളിൽ നിന്നും, സർക്കാർ ഓഫീസുകളിൽ നിന്നുമാണെന്നെല്ലാം പറഞ്ഞ് വരാറുള്ള വ്യാജ ഫോൺ സന്ദേശങ്ങൾക്ക് സമാനമാണ് വ്യാജ ഈമെയിൽ സന്ദേശങ്ങൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകളും. ഒരു പക്ഷെ നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടവും, സുരക്ഷയും, സ്വകാര്യതയുമെല്ലാം ഈ സന്ദേശങ്ങൾ വഴി നഷ്ടപ്പെട്ടേക്കാം.വ്യാജ ഇമെയിലുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന രീതിക്ക് പറയുന്ന പേരാണ് ഇമെയിൽ ഫോർജറി എന്ന്.വ്യാജ മെയിലുകൾ വരുന്നത് ഒരു പക്ഷെ യഥാർഥ ഇമെയിൽ ഐഡിയിൽ നിന്നായിരിക്കും. കണ്ട മാത്രയിൽ മറിച്ചൊന്നും ചിന്തിക്കാതെ അത് ആരും വിശ്വസിച്ചെന്നും വരും. അവർ ചോദിക്കുന്ന പാസ്​വേഡുകളും, മറ്റ് രഹസ്യ വിവരങ്ങളും അറിയാതെ പറഞ്ഞു പോയെന്നും വരും.
സാധാരണക്കാരന്റെ കണ്ണിൽ തട്ടിപ്പിന്റെ യാതൊരുവിധ ലക്ഷണവും കാണിക്കാത്ത ഇത്തരം ഈമെയിൽ കളവുകൾ നടക്കുന്നതെങ്ങനെയാണ് എന്ന് നോക്കാം.

ബാങ്കുകൾ പോലുള്ള പ്രമുഖ സ്ഥാപനങ്ങളുടെയും, കമ്പനികളുടെയും, ഔദ്യോഗിക ഇമെയിൽ അഡ്രസുകളിൽ നിന്നും, പ്രധാനമന്ത്രിയുടെ വരെ ഔദ്യോഗിക മെയിൽ ഐഡിയിൽ നിന്നുമൊക്കെ നിങ്ങൾക്ക് ഇമെയിൽ സന്ദേശം എത്താം. സാധാരണയായി സാമ്പത്തിക ഇടപാട് സ്ഥാപനങ്ങളിൽ നിന്നാണെന്ന് പറഞ്ഞാണ് തട്ടിപ്പ് മെയിലുകൾ ലഭിക്കാറ്. വരുമാന നികുതി വകുപ്പ്, ബാങ്കുകൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഇതിൽപെടും. കോർപറേറ്റ് ഇമെയിലുകൾ ഉപയോഗിച്ച് വ്യവസായ സ്ഥാപനങ്ങൾക്കെതിരെയും ഇമെയിൽ ഫോർജറി തട്ടിപ്പുകൾ നടക്കാറുണ്ട്.

വൻ ക്യാഷ്ബാക്ക് ഓഫറുകളും, ഓഫർ വൗച്ചറുകളുമെല്ലാം ഉണ്ടെന്ന് കാണിച്ചുകൊണ്ട് ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മെയിലുകളും ചിലപ്പോൾ വന്നേക്കാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ അല്ലെങ്കിൽ നിങ്ങളിൽ നിന്നും പണം കവരാൻ കഴിയുന്ന മറ്റ് വഴികളും ഉപയോഗിക്കുന്ന വിധത്തിലായിരിക്കും സന്ദേശങ്ങൾ. മറ്റൊന്ന് നിങ്ങളുടെയോ, നിങ്ങളുടെ സ്ഥാപനത്തിന്റേയോ പേരിൽ മറ്റാർക്കെങ്കിലും വ്യാജ സന്ദേശങ്ങൾ സൃഷ്ടിക്കപ്പെടാം. ഔദ്യോഗിക രഹസ്യ വിവരങ്ങൾ ചോർത്താനും. നിങ്ങളുടെ സ്ഥാപനത്തേയോ, തൊഴിലിനേയോ കുഴപ്പത്തിലാക്കാൻ അത് കാരണമായേക്കും.ഇമെയിലുകളെ വിശ്വസിച്ച് അബദ്ധത്തിൽ ചെന്നുപെടുന്നവർക്ക് നഷ്ടം സുനിശ്ചിതം.

തട്ടിപ്പുകാർക്ക് എങ്ങിനെ യഥാർഥ ഇമെയിൽ ഐഡികൾ ഉപയോഗിക്കാൻ സാധിക്കുന്നു എന്ന സംശയം സ്വാഭാവികമായി നമുക്ക് ഉണ്ടാകാം. എന്നാൽ ഇത് യഥാർത്ഥ ഇമെയിലുകളല്ല. അത് വെറും മുഖംമൂടി മാത്രമാണ്. ഇമെയിൽ സന്ദേശ കൈമാറ്റങ്ങളെ നിയന്ത്രിക്കുന്ന സിമ്പിൾ മെയിൽ ട്രാൻസ്ഫർ പ്രോട്ടോകോളിൽ(SMTP) ഈമെയിലുകളുടെ ആധികാരികത നിശ്ചയിക്കാൻ യാതൊരു വിധ സംവിധാനവും ഏർപ്പെടുത്തിയിട്ടില്ലെന്ന സാഹചര്യമാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. സാങ്കേതിക വിദഗ്ദരായ ഇമെയിൽ തട്ടിപ്പുകാർക്ക് വ്യാജ ഇമെയിൽ ഐഡികൾ നിർമ്മിക്കുക ഏറെ എളുപ്പമുള്ള കാര്യമാണ്. എതെങ്കിലും സ്ഥാപനത്തിന്റേയോ, അധികാരികളുടേയോ ഔദ്യോഗിക ഈമെയിൽ ഐഡികൾ കണ്ടെത്തി. പിഎച്ച് പി സ്ക്രിപ്റ്റിങ്ങിൽ ചില വിദ്യകളെല്ലാം കാണിച്ച് വ്യാജ മെയിൽ ഐഡി സൃഷ്ടിക്കുന്നു. ഇതാണ് സാങ്കേതിക വിദഗ്ദരായ തട്ടിപ്പുകാർ ഒപ്പിക്കുന്നത്.

ഇമെയ്ൽ ഫോർജറിയെ പ്രതിരോധിക്കാം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ എപ്പോഴും ജാഗരൂകരായിരിക്കുക എന്നതാണ് സൈബർ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാനുള്ള പ്രധാന മാർഗം.
രഹസ്യാത്മക വിവരങ്ങളും, പണമിടപാട് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളുമൊന്നും ഒരു ഇമെയിൽ സന്ദേശത്തിന്റെ പുറത്ത് വെളിപ്പെടുത്താതിരിക്കുക. അത്തരം വിവരങ്ങൾ ഇമെയിൽ വഴി അയക്കുന്നതും ഒഴിവാക്കുക.

ബാങ്കിങ് പണമിടപാട് സംബന്ധമായും ഔദ്യോഗിക ഈമെയിൽ ഐഡികളിൽ നിന്നും മെയിലുകൾ ലഭിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട സ്ഥാപനത്തിലേക്ക് ഫോൺ ചെയ്തോ ,നേരിട്ട് അന്വേഷിച്ചോ സ്ഥിരീകരണം വരുത്തുക.

ഇമെയിൽ സേവനം നൽകിവരുന്ന സ്ഥാപനങ്ങളാണ് ജിമെയിൽ, യാഹൂ, റെഡ്ഡിഫ് തുടങ്ങിയവ. ഇവർ നൽകുന്ന ഇമെയിൽ ഐഡികൾക്കൊപ്പം കമ്പനിയുടെ മെയിൽ സെർവർ ഐഡിയും ഉണ്ടാവാറുണ്ട്. ഏത് സെർവർ വഴിയാണ് നിങ്ങൾക്ക് ഇമെയിൽ വന്നതെന്ന് ഇതുവഴി തിരിച്ചറിയാനാവും. @gmail.com എന്നവസാനിക്കുന്ന ഇമെയിലിൽ നിന്നാണ് നിങ്ങൾക്ക് സന്ദേശം ലഭിച്ചതെങ്കിൽ ആ ഇമെയിൽ ഐഡിയുടെ ഡീറ്റെയിൽസ് നോക്കുമ്പോൾ മെയിൽ സെർവർ ഐഡിയായി ‘ജിമെയിൽ’ എന്ന് കാണാൻ സാധിക്കും. ഒരു പോലുള്ള രണ്ട് ഇമെയിൽ ഐഡികൾ ജിമെയിൽ നൽകില്ല. അതിനാൽ വ്യാജൻ നിർമ്മിക്കാൻ മറ്റേതെങ്കിലും മെയിൽ സെർവറുകളെയാണ് സൈബർ കുറ്റവാളികൾ ആശ്രയിക്കുക.
ഉദാഹരണത്തിന്, അവർ ഉണ്ടാക്കുന്ന വ്യാജ മെയിലുകൾക്ക് ഒരു പക്ഷെ @gmail.com, @yahoo.co.in എന്നൊക്കെയായിരിക്കും അവസാന അക്ഷരങ്ങളെങ്കിലും, അവയുടെ മെയിൽ സെർവർ ഐഡിയായി ആ ഇമെയിൽ അഡ്രസുകളുടെ യഥാർത്ഥ പ്രൊവൈഡർമാരായ ജിമെയിൽ എന്നോ യാഹൂ എന്നോ ആയിരിക്കില്ല. ജിമെയിലുമായോ, യാഹൂവുമായോ യാതൊരു ബന്ധവുമില്ലാത്തതും ഒരു പക്ഷെ നിങ്ങൾക്ക് പരിചിതമല്ലാത്തതുമായ പേരായിരിക്കും അവിടെ മെയിൽ സെർവർ ഐഡി ആയുണ്ടാവുക. നിങ്ങൾക്ക് ലഭിക്കുന്ന മെയിലുകൾ വ്യാജനാണോ എന്ന് ഒരു പരിധി വരെയെങ്കിലും തിരിച്ചറിയാൻ ഈ മാർഗം നിങ്ങളെ സഹായിക്കും. എങ്കിലും സംശയം തോന്നിയാൽ വിദഗ്ദാഭിപ്രായം തേടാൻ മറക്കരുത്.

Courtesy : JJSA

Comments are closed.