1470-490

ചൂണ്ടൽ; രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്റ്മെന്റ് സോൺ

ചൂണ്ടൽ പഞ്ചായത്തിലെ രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്റ്മെന്റ് സോണിൽ ഉൾപ്പെടുത്തി. നാല് പറപ്പൂക്കാവ്, 14 കേച്ചേരി എന്നി വാർഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം കണ്ടെയ്ന്റ്മെന്റ് സോണിൽ ഉൾപ്പെടുത്തിയ നാല് വാർഡുകൾക്ക് പുറമെയാണിത്. ചിറനെല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കൾക്ക് കോവിഡ് സ്ഥീരികരിച്ച പശ്ചാത്തലത്തിലാണ് പഞ്ചായത്തിലെ പട്ടിക്കര, ചിറനെലൂർ, ആയമുക്ക്, മണലി എന്നി വാർഡുകൾ കഴിഞ്ഞ ദിവസം കണ്ടെയ്ന്റ്മെന്റ് സോണിൽ ഉൾപ്പെടുത്തിയിരുന്നത്. മൂവരുടെയും സമ്പർക്ക പട്ടിക വിപുലമായതിനെ തുടർന്നാണ് രണ്ട് വാർഡുകൾ കൂടി കണ്ടെയ്ന്റ്മെന്റ് സോണുകളായി പ്രഖ്യാപ്പിച്ചത്. പഞ്ചായത്തിലെ പ്രധാന കേന്ദ്രമായ കേച്ചേരി കണ്ടെയ്ന്റ്മെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ അത്യാവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ഒഴികെയുള്ളവ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കുകയില്ല. പഴം,പച്ചക്കറി, പലചരക്ക്, എന്നിവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് പ്രവർത്തിക്കാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. ഇത് സംബന്ധിച്ച് വ്യാപാരികളും പഞ്ചായത്ത് അധികൃതരും തമ്മിൽ ധാരണയുണ്ട്. ബാങ്കുകൾ രണ്ട് മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഒരു സമയം മൂന്ന് ഇടപാടുകാരെ മാത്രമെ ബാങ്കിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. വടക്കാഞ്ചേരി, പന്നിത്തടം റോഡുകളിലൂടെ വാഹനങ്ങൾ കടത്തിവിടുമെങ്കിലും ഉൾ പ്രദേശങ്ങളിലെ റോഡുകൾ പൂർണ്ണമായും അടച്ചിടും. കോവിഡ് സ്ഥീരികരിച്ചവരുടെ സമ്പർക്ക പട്ടികയിൽ നൂറിലേറെ പേർ ഇതിനകം നിരീക്ഷണത്തിലാണ്. പരിശോധകർക്കായി ഇവരുടെ സ്രവം വെള്ളിയാഴ്ച്ച കേച്ചേരിയിൽ വെച്ച് സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.

Comments are closed.