1470-490

സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ്; 300 പേര്‍ ക്വാറന്റൈനില്‍

മലപ്പുറം: തേഞ്ഞിപ്പലം ചേലേമ്ബ്ര പാറയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത 300 പേരോട് ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം. ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
10ന് അന്തരിച്ച കെ അബ്ദുല്‍ ഖാദര്‍ മുസല്യാരുടെ മൃതദേഹം അന്തിമോപചാരം അര്‍പ്പിക്കാനായി മന്‍ഹജുര്‍ റഷാദ് ഇസ്ലാമിക് കോളജില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. അന്ന് ചടങ്ങില്‍ പങ്കെടുത്ത കാവനൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് 300 പേരോട് 14 ദിവസം ക്വാറന്റൈനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. സമ്ബര്‍ക്ക പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് വിവര ശേഖരണം തുടങ്ങി.
ബന്ധപ്പെട്ടവര്‍ വാര്‍ഡ് മെമ്ബറെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിക്കണം. പാറയില്‍ അങ്ങാടിയിലെ കടകളും കോളജും പള്ളിയും തല്‍ക്കാലം അടയ്ക്കാനും നിര്‍ദേശിച്ചു.
കോവിഡ് ബാധിച്ച്‌ കാവനൂര്‍ സ്വദേശിയുടെ റൂട്ട് മാപ് തയാറാക്കിയപ്പോഴാണ് ചേലേമ്ബ്രയിലെ ചടങ്ങിനെപ്പറ്റി അറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. ജില്ലയിലും പുറത്തുമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. കോവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ ചടങ്ങ് നടത്തിയതിന് എതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അറിയിച്ചു.
മറ്റ് ജില്ലകളില്‍ നിന്ന് വന്നവരെപ്പറ്റിയുള്ള വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കും. പനി, ജലദോഷം, തുമ്മല്‍ തുടങ്ങിയ രോഗ ലക്ഷണമുള്ളവര്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.

Comments are closed.