1470-490

സമൂഹവ്യാപന സാധ്യത : ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

കോവിഡ് 19 സമൂഹവ്യാപന സാധ്യത :
ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

കോവിഡ് സമൂഹവ്യാപന സാധ്യത പരിശോധിക്കുന്നതിനായി ജില്ലയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് റിസല്‍ട്ടുകള്‍ ലഭിക്കുന്നതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇന്നലെ (ജൂലൈ 18) രോഗം സ്ഥിരീകരിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച നാല് പേരെയും ഇതര സംസ്ഥാനത്ത് നിന്ന് വന്ന രണ്ട് പേരെയും കണ്ടെത്തിയത് ആന്റിജന്‍ പരിശോധനയിലൂടെയായിരുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ ആരോഗ്യപ്രവര്‍ത്തകയും, പള്ളിവികാരിയും, സി.സി.സി വളണ്ടിയറും ഉള്‍പ്പെടുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, അഗ്നിശമനസേന, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, കച്ചവടക്കാര്‍, വാഹന തൊഴിലാളികള്‍, തെരുവ് കച്ചവടക്കാര്‍, ഭക്ഷണം വിതരണം ചെയ്യുന്നവര്‍, പെട്രോള്‍ബാങ്ക് ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സാമ്പിളുകളാണ് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കുന്നത്. ഇങ്ങനെ എടുക്കുന്ന സാമ്പിളുകളില്‍ പോസിറ്റീവ് റിസല്‍ട്ട് ലഭിക്കുന്നത് കൂടുതല്‍ ആള്‍ക്കാരിലേക്ക് രോഗം പകരുന്നു എന്നതിന്റെ സൂചനയാണ്. എന്നാല്‍ ഇവരില്‍ പലരും ഒരു രോഗലക്ഷണവും പ്രകടിപ്പിക്കാത്തവരാണെന്നുള്ളതും ആശങ്കയുണര്‍ത്തുന്നു.

ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവായാല്‍ കോവിഡ് രോഗബാധ സ്ഥിരീകരിക്കാം. എന്നാല്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായതിനാല്‍ ഒരാള്‍ക്ക് കോവിഡ് രോഗബാധ ഇല്ലെന്ന് ഉറപ്പിക്കാനും കഴിയില്ല. ഇവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ രോഗബാധ ഉണ്ടാവാനും സാധ്യതയുണ്ട്. അതിനാല്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായവര്‍ നിരുത്തരവാദപരമായി സമൂഹത്തില്‍ ഇറങ്ങി നടന്നാല്‍ രോഗപകര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുമെന്നും ഡി.എം.ഒ മുന്നറിയിപ്പ് നല്‍കി. അതിനാല്‍ ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണം. പൊന്നാനി താലൂക്കില്‍ ഇതുവരെ 9,908 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 132 പേരാണ് പോസിറ്റീവായിട്ടുള്ളത്. താനൂരില്‍ മൂന്ന് പേരും, നിലമ്പൂര്‍ ഒരാള്‍, മഞ്ചേരി നാല് പേരും പോസിറ്റീവായിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.

പൊതുജനങ്ങള്‍ കൃത്യമായി പാലിക്കേണ്ട നിര്‍ദേശങ്ങള്‍

  • ഒഴിച്ചുകൂടാന്‍ പറ്റാത്ത ആവശ്യങ്ങള്‍ക്ക് മാത്രം വീട്ടില്‍നിന്നും പുറത്തിറങ്ങുക.
    *60 വയസിന് മുകളിലുള്ളവര്‍, ചെറിയ കുട്ടികള്‍, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും പുറത്തിറങ്ങരുത്.
    *പുറത്ത് പോയിവന്നാല്‍ ശരീരം ശുചിയാക്കണം
    *മാസ്‌ക് ശരിയാംവിധം ഉപയോഗിക്കുക. സംസാരിക്കുമ്പോഴും, ശ്വാസോഛ്വാസം നടത്തുമ്പോഴും, തുമ്മുമ്പോഴും ചുമക്കുമ്പോഴുമാണ് രോഗപകര്‍ച്ചാ സാധ്യത കൂടുന്നത്. സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തിവെക്കരുത്
    *ഇടക്കിടെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. ഇതിന് കഴിയാത്ത സന്ദര്‍ഭങ്ങളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം
  • ശാരീരിക അകലം പാലിക്കണം.

Comments are closed.