1470-490

ടൈ ഗ്ലോബൽ മത്സരത്തിൽ നടക്കാവ് ഗവൺമെന്റ് സ്‌കൂൾ ഫൈനലിൽ

കോഴിക്കോട്: ഹൈസ്‌കൂൾ – ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായുള്ള ടൈ യങ് എന്റർപ്രണേഴ്‌സ് ബിസിനസ് പ്ലാൻ അന്താരാഷ്ട്ര മത്സരത്തിൽ ടൈ കേരളയെ പ്രതിനിധീകരിച്ച് കോഴിക്കോട് നടക്കാവ് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫൈനലിൽ എത്തി. ലോകമെമ്പാടുമുള്ള 23 ടീമുകളിൽ നിന്നും 8 ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. കൊറോണ പ്രതിസന്ധിമൂലം യാത്ര റദ്ദ് ചെയ്യപ്പെട്ട ടീം അമേരിക്കയിലെ സിയാറ്റിലിൽ നടന്ന മത്സരത്തിൽ ഓൺലൈൻ വഴിയാണ് പങ്കെടുത്തത്.
ലോകമെമ്പാടുമുള്ള വിദ്യാർഥികൾക്ക് സംവദിക്കാനായി “വേൾഡ് ക്ലാസ്” എന്ന പേരിൽ രൂപകൽപ്പന ചെയ്ത ആപ്പ് ആണ് റഹ്മാ സുഹൈർ, റാണ ഫാത്തിമ, ഷിയാന മക്സ്സൂദ് , അർച്ചന അരുൺ, അഞ്ജന അരുൺ എന്നിവരുൾപ്പെടുന്ന 5 അംഗ ടീമിനെ ഫൈനലിൽ എത്തിച്ചത്.
കെ ഇ എഫ് ഹോൾഡിങ്‌സിന്റ്റെ സാമൂഹ്യ സേവന വിഭാഗമായ ഫൈസൽ ആൻഡ് ഷബാന ഫൌണ്ടേഷൻ പിന്തുണയ്ക്കുന്ന സ്കൂളാണ് ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സർക്കാർ വിദ്യാലയം എന്ന ബഹുമതി നേടിയ നടക്കാവ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ. കോഴിക്കോട് നോർത്ത് എം.എൽ.എ.യായ എ. പ്രദീപ് കുമാർ വിഭാവനം ചെയ്ത പ്രിസം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു 120 വർഷം പഴക്കമുള്ള വിദ്യാലയം 2013-ൽ ഫൗണ്ടേഷൻ പുനർനിർമിച്ചത്. നടക്കാവ് സ്കൂൾ വികസന മാതൃക കേരള സര്‍ക്കാര്‍, സംസ്ഥാനത്തെ 1000 സ്‌കൂളുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
9 മുതൽ 17 വരെ ഗ്രേഡുകളിലെ വിദ്യാർഥികൾക്കായി ക്ലാസ് റൂം സെഷനുകൾ, മെന്ററിംഗ്, ബിസിനസ്-പ്ലാൻ മത്സരം എന്നിവ സംയോജിപ്പിച്ച് സംരംഭകത്വം, നേതൃത്വപരമായ കഴിവുകൾ എന്നിവ പഠിപ്പിക്കുന്നതിനും അവരെ സംരംഭകരായും ഭാവി നേതാക്കളായും വളർത്തിയെടുക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ആഗോള സംരംഭമാണ് ടൈ.
ആദ്യമായാണ് ഒരു സർക്കാർ സ്കൂൾ ടൈ ഗ്ലോബൽ ഫൈനൽ മത്സത്തിൽ പങ്കെടുക്കുന്നത്. സംസ്ഥാനത്തിലെ സർക്കാർ സ്കൂളുകളുടെ പ്രതിനിധികളായിട്ടാണ് ഈ വിദ്യാർഥികൾ ഇന്ന് ലോകത്തിനു മുന്നിൽ നിൽക്കുന്നത്. ഇത് നാടിനും കേരളത്തിന്റെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിനും വളരെ അഭിമാനകരമായ നിമിഷമാണെന്നും കോഴിക്കോട് നോർത്ത് എംഎൽഎയായ എ. പ്രദീപ് കുമാർ പറഞ്ഞു.
സർക്കാർ സ്കൂളുകളിലെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുള്ള ആളുകളുടെ മനോഭാവത്തിൽ മാറ്റം വരുവാൻ ഇത്തരം അവസരങ്ങൾ പ്രയോജനകരമാകുമെന്ന് വിദ്യാർഥികളെ അഭിനന്ദിച്ചുകൊണ്ട് ഫൗണ്ടേഷൻ സ്ഥാപകനും കെഫ് ഹോൾഡിങ്‌സ് കമ്പനി ചെയർമാനുമായ ഫൈസൽ കോട്ടിക്കോളോൻ പറഞ്ഞു.
നടക്കാവ് സ്കൂൾ വിദ്യാർത്ഥികൾ ഫൈനലിന് യോഗ്യത നേടിയതിൽ ടൈ കേരള അഭിമാനിക്കുന്നതായി പ്രസിഡന്റ് അജിത് എ മൂപ്പൻ കൂട്ടിച്ചേർത്തു.
വിദ്യാർഥികളിൽ വ്യാവസായിക അവബോധമുണ്ടാക്കാനും അവരിലെ നേതൃപാടവം വികസിപ്പിക്കാനും ഇത്തരം മത്സരങ്ങൾ സഹായകരമാകുമെന്ന് ഫൈസൽ ആൻഡ് ഷബാന ഫൌണ്ടേഷൻ ഡയറക്ടർ ഡോക്ടർ ജോസഫ് സെബാസ്റ്റ്യൻ പറഞ്ഞു.

Comments are closed.