1470-490

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം: പുതിയ മാര്‍ഗ നിര്‍ദേശങ്ങളായി


മലപ്പുറം: കോവിഡ് രോഗവ്യാപനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങളായതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങളില്‍ നിന്നോ മറ്റുള്ള വ്യക്തി / സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നോ നേരിട്ട് തപാലുകള്‍ സ്വീകരിക്കാതെ ഫ്രണ്ട് ഓഫീസില്‍ സ്ഥാപിച്ചിട്ടുള്ള ബോക്‌സില്‍ നിക്ഷേപിക്കുന്നതിന് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പരാതികള്‍, അപേക്ഷകള്‍ എന്നിവ ഓണ്‍ലൈനായി(ഇ-മെയില്‍) വഴി സമര്‍പ്പിക്കുന്നതിന് പരമാവധി പ്രോത്സാഹിപ്പിക്കും. അപേക്ഷകര്‍ക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള ഓഫീസ് മെയില്‍ ഐ.ഡി / വാട്‌സ്ആപ് നമ്പര്‍ എന്നിവ പൊതുജനങ്ങള്‍ക്ക് കാണത്തക്ക വിധത്തില്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും. ബ്രേക് ദി ചെയ്ന്‍’ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ പൊതുജനങ്ങളെ വളരെ അടിയന്തര ആവശ്യങ്ങള്‍ക്ക് പോലും ഓഫീസിനകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സന്ദര്‍ശകരുടെ പേരും, വിലാസവും, മൊബൈല്‍ നമ്പറും സന്ദര്‍ശക രജിസ്റ്ററില്‍ നിര്‍ബന്ധമായും രേഖപ്പെടുത്തും. ഔദ്യോഗികാവശ്യത്തിന് നേരിട്ട് ബന്ധപ്പെടുന്നതിന് അപേക്ഷകനോ മറ്റുള്ളവരോ ആവശ്യമുന്നയിക്കുന്ന പക്ഷം സാമൂഹിക അകലം പാലിച്ച് ഫ്രണ്ട് ഓഫീസില്‍ വന്ന് അപേക്ഷകനെ നേരില്‍ കേള്‍ക്കുകയോ, ടെലിഫോണ്‍ മുഖേന ബന്ധപ്പെടുന്നതിന് നിര്‍ദേശിക്കും. ജീവനക്കാരെ നേരിട്ട് ഓഫീസ് ടെലിഫോണില്‍ ബന്ധപ്പെടുന്നതിനായി ടെലഫോണ്‍ നമ്പര്‍ പൊതുജനങ്ങള്‍ക്ക് ദൃശ്യമാകുന്ന വിധം ഫ്രണ്ട് ഓഫീസില്‍ പ്രദര്‍ശിപ്പിക്കും. അതത് സെക്ഷന്‍ ക്ലര്‍ക്കുമാര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും പ്രസിദ്ധപ്പെടുത്തും.
ഓഫീസിലേക്കുള്ള പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കും. കൗണ്ടര്‍ വഴി നേരിട്ട് പണം സ്വീകരിക്കുകയാണെങ്കില്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഓഫീസ് പ്രവര്‍ത്തനം / ജീവനക്കാരുടെ വിന്യാസം എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഓരോ സര്‍ക്കാര്‍ ഓഫീസും കര്‍ശനമായി പാലിക്കണം. കോവിഡ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചും മാത്രമാണ് ജീവനക്കാര്‍ ഒദ്യോഗിക കൃത്യ നിര്‍വഹണത്തില്‍ ഏര്‍പ്പെടുന്നതെന്ന് ഓഫീസ് വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

Comments are closed.