കടലിലേക്ക് പഴമെറിയൽ: അന്ധവിശ്വാസം തള്ളിക്കളയണം: ഐ എസ് എം

കോഴിക്കോട്: കടലോര നിവാസികളുടെ ഐശ്വര്യത്തിനും മൽസ്യലഭ്യത സുലഭമാക്കാനും കടലിൽ പഴമെറിയൽ ചടങ്ങ് നടത്തിയത് തികഞ്ഞ അന്ധവിശ്വാസവും അനാചാരവുമാണെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കണ്ണൂർ പഴയങ്ങാടി കടപ്പുറത്ത് നടന്ന പഴമെറിയൽ ചടങ്ങ് ദൈവിക വിധി വിശ്വാസത്തിലുള്ള കടുത്ത വ്യതിചലനമാണ്. മൽസ്യസമ്പത്ത് ഉണ്ടാകുന്നതും അത് യഥാസന്ദർഭങ്ങളിൽ ലഭ്യമാകുന്നതും ഇത്തരത്തിലുള്ള അബദ്ധജടിലമായ ചടങ്ങുകൾ നടത്തിയിട്ടല്ല. ഇത്തരം പ്രവർത്തനങ്ങളിലൂടെ സമൃദ്ധി കൈവരുമെങ്കിൽട്രോളിംഗ് നിരോധന കാലത്തും കടൽക്ഷോഭ ഘട്ടങ്ങളിലും മൽസ്യത്തൊഴിലാളികളെ സഹായിക്കാൻ ഫിഷറീസ് വകുപ്പ് കോടികൾ ചിലവഴിക്കേണ്ട ആവശ്യമില്ല. ഇത്തരം ചടങ്ങുകൾ നടത്താത്ത പ്രദേൾങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മൽസ്യ ചാകര ഉണ്ടാകുന്നത് എങ്ങിനെയെന്ന് ഇതിന് നേതൃത്വം നൽകിയവർ പറയണം.
സമുദായ നേതൃത്വത്തിൻ്റെ പരിവേഷമണിയുന്നവർ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് കൂട്ടുനിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും വിശ്വാസി സമൂഹം ഇത് തള്ളിക്കളയണമെന്നും ഐ.എസ് .എം ആവശ്യപ്പെട്ടു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ: ഫുക്കാർ അലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് പദ്ധതികൾ അവതരിപ്പിച്ചു. ഷാ നിഫ് വാഴക്കാട്, അബ്ദു സ്സലാം മുട്ടിൽ, ഷമീർ ഫലാഹി, അബ്ദുൽ ജലീൽ മദനി, ഫൈസൽ മതിലകം, യൂനുസ് നരിക്കുനി, ടി.വി. ജലീൽ, അഫ്ന്താഷ് ചാലിയം, മുഹ്സിൻ തൃപ്പനച്ചി, യു.ഷാനവാസ് , ജാബിർ വാഴക്കാട് എന്നിവർ സംസാരിച്ചു.
Comments are closed.