1470-490

നിരവധി കേസുകളില്‍ പ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍.

ആളൂര്‍: മോഷ്ടിച്ച സ്‌കൂട്ടറില്‍ വടിവാളും മുളകുപൊടിയുമായി കവര്‍ച്ചക്കൊരുങ്ങി ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കറങ്ങിനടന്ന് വീടുകള്‍ ലക്ഷ്യം വക്കുന്നതിനിടയില്‍ ആളൂര്‍ പൊലീസിന്റെ പിടിയിലായ പ്രവീണിന്റെ കൂട്ടുപ്രതികളായ സഹോദരങ്ങള്‍ അറസ്റ്റില്‍. നിരവധി കേസുകളില്‍ പ്രതികളായ കാട്ടൂര്‍ ഇല്ലിക്കാട് കോളനി സ്വദേശികളായ വെള്ളൂന്നി വീട്ടില്‍ രാജന്റെ മക്കളായ ജിബിന്‍രാജ് എന്ന മണികണ്ഠന്‍ (24), ബിബിന്‍ രാജ് (20) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് കൊലപാതകശ്രമവും മോഷണവുമടക്കം നിരവധി കേസുകള്‍ തൃശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്. കഴിഞ്ഞ മാസം മാനാട്ടുകുന്നില്‍ പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് പൊലീസിനെ വെട്ടിച്ച് പോകുന്നതിനിടയില്‍ സ്‌കൂട്ടറടക്കം പ്രതികള്‍ റോഡില്‍ മറിഞ്ഞുവീണതിനെ തുടര്‍ന്ന് ഒന്നാം പ്രതി പ്രവീണിനെ പിടികൂടിയെങ്കിലും ഇപ്പോള്‍ അറസ്റ്റിലായ സഹോദരങ്ങള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടുന്നതിനായി ആളൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദിനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയായിരുന്നു. ഇന്ന് രാവിലെ പ്രതികള്‍ ഇരിങ്ങാലക്കുടയിലും പരിസരത്തും കറങ്ങി നടക്കുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആളൂര്‍ എസ്‌ഐ ടി.എ. സത്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഇരിങ്ങാലക്കുട ചെട്ടിപറമ്പില്‍ പ്രതികളെ കീഴടക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ എസ്‌ഐമാരായ രവി, കെ.കെ.രഘു, എഎസ്‌ഐ ദാസന്‍, പൊലീസുകാരായ അനൂപ്, ലാലന്‍, വൈശാഖ്, പ്രവീണന്‍, ശ്രീജിത്ത്, സുനില്‍, ജോബി, ശ്യാം, മഹേഷ് എന്നിവരുമുണ്ടായി.

Comments are closed.