കളളക്കടത്ത്: ജ്വല്ലറികളിൽ റെയ്ഡ്

തിരുവനന്തപുരം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോടുള്ള ജ്വല്ലറിയിലും കസ്റ്റംസ് പരിശോധന. അരക്കിണറിലുള്ള ജ്വല്ലറിയിൽ കസ്റ്റംസ് കോഴിക്കോട് യൂണിറ്റാണ് പരിശോധന നടത്തുന്നത്. സരിത്തിന്റെ കുറ്റസമ്മതമൊഴി ഉൾപ്പെടെ ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശി സംജു(39)വിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കള്ളക്കടത്ത് സ്വർണം ജ്വല്ലറികൾക്ക് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ മുഖ്യകണ്ണിയെന്ന സംശയത്തിലാണ് അറസ്റ്റ്. എരഞ്ഞിക്കലിലെ മിയാമി കൺവൻഷൻ സെന്റർ പാർട്ണറാണ് സംജുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. സംജുവിന്റെ സഹോദരനെയും ഭാര്യപിതാവിനെയും സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ ഡിആർഐ പിടികൂടിയിരുന്നു.
സ്വർണക്കടത്തുകേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്തതിൽനിന്ന് വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില ജ്വല്ലറികളിലും കസ്റ്റംസ് പരിശോധനയുണ്ടായി. കേസിൽ 2 പേരെകൂടി ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. മലപ്പുറം സ്വദേശികളായ അബ്ദുൾ ഹമീദ്, അബൂബക്കർ പഴേടത്ത് എന്നിവരാണ് അറസ്റ്റിലായത്.
Comments are closed.