കൊവിഡ് 19 വ്യാപനമുണ്ടായാൽ സംസ്ഥാനത്ത് പട്ടിണി മരണങ്ങളുമുണ്ടാവും.

കെ .എം സലീം പത്തനാപുരം.
2020 മാർച്ച് 24ന് ഇന്ത്യയിൽ ലോക്ക് ഡൗൺ നിയമം പ്രാഖ്യാപിക്കുമ്പോൾ കേരളത്തിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം രണ്ടക്കം തികഞ്ഞിരുന്നില്ല. പിന്നീട് രാജ്യമൊന്നാകെ ഈ നിയമത്തിന് കീഴിലായതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ച സമയത്തും രാജ്യത്ത് അനിയന്ത്രിതമായവൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.
എങ്കിലും രാജ്യത്തെ ജനങ്ങളാകെ വൈറസ് ബാധയേൽക്കാതിരിക്കാൻ കാര്യമായി ശ്രദ്ധിച്ചിരുന്നു. കരുത്തരും കാര്യശേഷിയുള്ളവരുമാണെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന രാജ്യങ്ങളിലൊക്കെയും വൈറസ് ബാധയെ തുടർന്ന് മരണപ്പെടുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നതായ വാർത്തകളായിരുന്നു ഇതിനുള്ള കാരണം.
സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയമം പ്രഖ്യാപിച്ചതോടെ ജനങ്ങൾക്ക് നിരവധി പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നെങ്കിലും അതൊന്നും തന്നെ സഹിക്കാവുന്നതിലധികമായിരുന്നില്ല. ലോക്ക് ഡൗണിന്റെ ഭാഗമായി തൊഴിൽ നഷ്ടപ്പെട്ടുവെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ അത്തരക്കാരുടെ കുടുംബം പട്ടിണിയിലാവുന്ന അവസ്ഥയും സംസ്ഥാനത്തുണ്ടായില്ല.
കമ്യൂണിറ്റി കിച്ചൺ മുഖേനയുള്ള ഭക്ഷണവിതരണവും, സന്നദ്ധ സംഘടനകൾ വഴിയുള്ള സഹായങ്ങളും, സർക്കാറിന്റെ ഭക്ഷ്യധാന്യകിറ്റുവിതരണവും, സംസ്ഥാന സക്കറിന്റെ സൗജന്യ റേഷനും, പ്രധാനമന്ത്രിയുടെ റേഷനരിയു മെല്ലാമായി സംസ്ഥാത്തുള്ളവർക്ക് പട്ടിണിയോർത്ത് ഭയപ്പെടേണ്ടിയും വന്നില്ല.
എന്നാൽ സംസ്ഥാനത്തിന് പുറത്തുള്ളവരുടെ സ്ഥിതി അങ്ങനെയായിരുന്നില്ല. ലോക്ക് ഡൗൺ നിയമം പ്രഖ്യാപിച്ചതോടെ തൊഴിൽ നഷ്ടപ്പെടുകയും വെള്ളവുംഭക്ഷണവും ലഭിക്കാതെ വരികയും ചെയ്തതിന്റെ ഭാഗമായി അഞ്ഞൂറിലധികം കിലോമീറ്ററുകൾക്കകലെയുള്ള സ്വ: ഭവനങ്ങളിലേക്ക് അനേകർക്കാണ് നടന്നു പോവേണ്ടി വന്നത്. അവരിൽ കുട്ടികളും പ്രായം ചെന്നവരുണ്ടായിരുന്നു, പൂർണ്ണ ഗർഭിണികളും അവശരായ രോഗികളുമുണ്ടായിരുന്നു. വഴിയരികിൽ പ്രസവിക്കേണ്ടി വന്നവരും,തണൽ മരക്കൊമ്പിൽ കുടുംബസമേതം ജീവിതം അവസാനിപ്പിച്ചവരുമുണ്ടായിരുന്നു. നിയമപാലകരാൽ ക്രൂരമായ മർദ്ധനങ്ങൾ ഏൽക്കേണ്ടി വന്നവരുണ്ടായിരുന്നു.
സമാന നിയമത്തിന് വിധേയരായ കേരളവാസികൾ സ്വന്തം ഭവനങ്ങളിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ അതെല്ലാം കാണുകയും ചെയ്തിരുന്നു. ആദിവസങ്ങലൊക്കെയും വൈറസ് ബാധിതരുടെ എണ്ണത്തിൽ ലോകരാജ്യങ്ങളുടെ എത്രയോ പിറകിലായിരുന്നു ജനസംഖ്യയിൽ രണ്ടാം സ്ഥാനമുള്ള സ്വതന്ത്ര ഭാരതം.
വൈറസ് ബാധയുടെ കാര്യത്തിൽ രാജ്യത്തെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം സുരക്ഷിത മേഘലയായിരുന്നു. പോലീസും ആരോഗ്യ വകുപ്പും ജാഗ്രതയോടെ നില കൊള്ളുകയും ,സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുകയും, വ്യക്തമായ വിവരങ്ങളും കർശനമായ നിർദ്ദേശങ്ങളും നൽകി കൊണ്ടിരിക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടെ സേവനങ്ങൾ അയൽ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുക്കാൻ കഴിയുന്ന വിധത്തിൽ സംസ്ഥാനത്തെ സാഹചര്യം ഭദ്രമായിരുന്നു. ഒരു ഘട്ടത്തിൽ സംസ്ഥാനം കോവിഡ് വി മുക്തമായി പ്രഖ്യാപിച്ചേക്കുമെന്ന് പോലും ജനം കരുതിയിരുന്നു.
ആ ദിനങ്ങളിലൊക്കെയും അയൽ സംസ്ഥാനങ്ങളിലെ സ്ഥിതിവിവര കണക്കുകളോർത്ത് ഓരോ മലായാളിയും ഭയപ്പെട്ടിരുന്നു. തങ്ങളുടെ സംസ്ഥാനം അത്തരത്തിലൊരു അവസ്ഥയിലകപ്പെടാതിരിക്കാൻ ഓരോരുത്തരും പരമാവധി ശ്രദ്ധിച്ചിരുന്നു. അതിന്റെ ഭാഗമായി സർക്കാറിന്റെ നിർദേശങ്ങൾ സാധ്യമായ രീതിയിൽ പാലിക്കുകയും ചെയ്തിരുന്നു.
ലോക്ക് ഡൗൺ നിയമത്തിൽ ഇളവ് പ്രഖ്യാപിക്കുന്നത് വരെ കേരളത്തിലെ സ്ഥിതി ആശ്വാസകരമായിരുന്നു.എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഓരോ ദിനങ്ങളും ആശങ്കയുടേതായി മാറിക്കൊണ്ടിരിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണത്തിൽ വലിയ തോതിലുള്ള വർദ്ധനവുണ്ടായി കൊണ്ടിരിക്കുന്നു. മരണപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നു.സമ്പർക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവരുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നത് മൂലം ഇളവുകളേതുമില്ലാതിരുന്ന ലോക്ക് ഡൗൺ കാലത്തേക്ക് തിരിച്ച് പോവേണ്ടിവന്നേക്കാമെന്ന് വലിയ വിഭാഗമാളുകൾ ഭയപ്പെടുന്നു.
ഇത്രയും നാൾ ആരോഗ്യ പ്രവർത്തകരും, പോലീസും, സന്നദ്ധ സേവകരും കഠിനാധ്വാനം ചെയ്ത തൊക്കെയും വിഫലമാവുന്നതോർത്ത് സാമുഹ്യ പ്രതിബദ്ധതയുള്ളവരത്രയും സങ്കടപ്പെടുന്നു. അതേ സമയം ലോകാരോഗ്യ സംഘടനയും കേന്ദ്ര-സംസ്ഥാന സർക്കാറുകളും നൽകി കൊണ്ടിരിക്കുന്ന നിർദ്ദേശങ്ങളും, മുന്നറിയിപ്പുകളും തൃണവൽക്കരിച്ചു കൊണ്ട് മുതിർന്നവർ ഉൾപ്പടെയുള്ള ചെറിയ വിഭാഗം നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നു. ബസ് വെയ്റ്റിങ്ങ് ഷെഡ്ഡുകൾ,തട്ടുകടകൾ, മാർക്കറ്റ് പരിസരങ്ങൾ, പണികൾ നിർത്തിവെച്ച തൊഴിൽ സ്ഥാപനങ്ങളുടെ അകത്തളങ്ങൾ എന്നു തുടങ്ങി ചാറ്റൽ മഴയേൽക്കാതെ സൊറ പറഞ്ഞിരിക്കാൻ സൗകര്യമുള്ള ഇടങ്ങളിലെല്ലാം അത്തരം സംഘങ്ങൾ പതിവ് കാഴ്ചകളായി മാറിയിരിക്കുന്നു. പോലീസ് അത്തരം സംഘങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. ആരോഗ്യ വകുപ്പിലെ ജീവനക്കാർക്കാവട്ടെ അത്തരക്കാരെ ശ്രദ്ധിക്കാൻ സമയമില്ലാത്ത അവസ്ഥയിലുമായിരിക്കുന്നു.
ഇത്തരത്തിലൊരു സാഹചര്യങ്ങളിലൂടെ സംസ്ഥാനം കടന്നു പോയി കൊണ്ടിരിക്കുമ്പോഴും സർക്കാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. രണ്ട് മീറ്റർ അകലം പാലിക്കണമെന്ന് നിർദ്ദേശിക്കുമ്പോഴും മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികൾ തോളോട് തോൾ ചേർന്ന് കൊണ്ടുള്ള ഉദ്ഘാടനങ്ങളുടെയും സമരങ്ങളുടെയും മുൻനിരയിൽ പ്രത്യക്ഷപ്പെടുകയോ സംഘടിപ്പിക്കുകയോ ചെയ്തു കൊണ്ടിരിക്കുന്നു. വിദ്യാലയങ്ങളും, വിവാഹമണ്ഡപങ്ങളും, ഭക്ഷണ ശാലകളും അടഞ്ഞുകിടക്കുന്ന തൊഴിച്ചാൽ ബാക്കിയുള്ള കാര്യങ്ങളത്രയും ലോക്ക് ഡൗൺപ്രഖ്യാപിക്കുന്നതിനു മുമ്പുള്ള അവസ്ഥയിലായിരിക്കുന്നു.
വൈറസ് ബാധ തടയുന്നതിന് വേണ്ടി സർക്കാർ സ്വീകരിച്ച നടപടികളുടെ പേരിൽ ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ സംസ്ഥാനം ഇന്ന് ഏത് സമയവും സാമുഹ്യ വ്യാപനം നടന്നതായി പ്രഖ്യാപിച്ചേക്കാമെന്ന അവസ്ഥയിലെത്തിനിൽക്കുന്നു. നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്നവർക്കെതിരായി കർശന നടപടികൾ സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പുകൾ പ്രഖ്യാപനങ്ങളിലും പെറ്റികേസുകളിലുമായി ഒതുങ്ങുന്നു. ഈ നില ഇനിയും തുടർന്നാൽ സംസ്ഥാനം പൂർണ്ണമായും അടച്ചിടേണ്ട സാഹചര്യം അകലെയല്ലന്ന് സർക്കാർ തുറന്ന് പറയേണ്ടിയിരിക്കുന്നു. അതോടൊപ്പം സർക്കാറിൽ നിന്നും സഹായ മനസ്കരിൽ നിന്നും ലോക്ക് ഡൗൺ സമയത്ത് ലഭിച്ച സഹായങ്ങളും ആനുകൂല്യങ്ങളും ഇനിയും ലഭിക്കാനിടയില്ലന്ന കാര്യം പൊതു സമൂഹവും തിരിച്ചറിയേണ്ടിയിരിക്കുന്നു.
ലോക്ക് ഡൗണിന് ശേഷം സംസ്ഥാനത്തെ ജീവിത നിലവാരം അൽപമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് കാരണമായത് നാട്ടിലെ തൊഴിൽ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനായതിലൂടെയും, തൊഴിലാളികൾക്ക് നിർമ്മാണമേഖലയിലേക്ക് തിരിച്ചു പോവാൻ സാധിച്ചതുകൊണ്ടുമാണെന്ന യാഥാർത്യം പൊതുജനങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് വൈറസ് വ്യാപനമുണ്ടായതായി പ്രഖ്യാപിക്കപ്പെടുകയും, നിയന്ത്രണത്തിന്റെ ഭാഗമായി പൂർണ്ണതോതിൽ ലോക്ക് ഡൗൺപ്രഖ്യാപിക്കുകയും ചെയ്യാനിടവന്നാൽ തൊഴിൽ സ്ഥാപനങ്ങൾ അടച്ചിടുന്നതോടൊപ്പം നിർമ്മാണമേഖലയും ഒരിക്കൽ കൂടി നിശ്ചലമാവും. മഹാഭൂരിപക്ഷം കുടുംബങ്ങളും പട്ടിണിയിലേക്ക് തള്ളിവിടപ്പെടും. ഭരണ- പ്രതിപക്ഷ തരം തിരിവില്ലാതെ ഏതൊരു കേരളീയനും അത് തിരിച്ചറിയാനാവണം. അതോടൊപ്പം സംസ്ഥാനം അത്തരമൊരു അവസ്ഥയിലേക്കെത്തിപ്പെടാതിരിക്കുന്നതിന് വേണ്ടിയുള്ള നിയമങ്ങൾ പാലിക്കാൻ തയ്യാറാവുകയും, നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ടവരിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യണം. എന്തുകൊണ്ടെന്നാൽ ഇളവുകളേതുമില്ലാത്ത ലോക്ക് ഡൗണിലേക്കുള്ള തിരിച്ചു പോക്ക് കേരളത്തിൽ അനേക കുടുംബങ്ങളിൽ പട്ടിണി മരണങ്ങൾക്ക് ഇടവരുത്തും എന്നതാണ്.
കെ.എം സലീം. പത്തനാപുരം.
people’s Roar എന്ന കോളം വിവിധ വിഷയങ്ങളിൽ പൊതു ജനങ്ങൾക്ക് പ്രതികരിക്കാനുള്ള താണ്’ ഈ അഭിപ്രായ പ്രകടനങ്ങൾ Meddling Media യുടേതല്ല. വ്യക്തികളുടെ കാഴ്ചപ്പാടുകൾ മാത്രമാണ്
Comments are closed.