1470-490

തൃശൂർ ജില്ലയിൽ കീം പ്രവേശന പരീക്ഷ എഴുതിയത് 9769 പേർ

കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിൽ മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷ എഴുതിയത് 9769 വിദ്യാർത്ഥികൾ. 11,800 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരുന്നത്. വിവിധ കാരണങ്ങളാൽ 2031 കുട്ടികൾ പരീക്ഷ എഴുതിയില്ല. 65 വിദ്യാർത്ഥികൾ പരീക്ഷാസെന്ററുകളിൽ ഒരുക്കിയ ക്വാറന്റൈൻ മുറികളിലാണ് പരീക്ഷ എഴുതിയത്.ജില്ലയിൽ നാൽപത് പരീക്ഷാ സെന്ററുകളിലായി 680 ക്ലാസ് മുറികളാണ് കീം പ്രവേശനപരീക്ഷയ്ക്കായി സജ്ജമാക്കിയിരുന്നത്. വിദ്യാർത്ഥികളെ കൈകൾ കഴുകിച്ചും തെർമൽ സ്‌കാനർ ഉപയോഗിച്ച് താപനില പരിശോധിച്ചുമാണ് ഹാളുകളിലേക്ക് കടത്തി വിട്ടത്. ക്വാറന്റൈനിൽ ഇരിക്കുന്ന വിദ്യാർത്ഥികൾക്കും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും വരുന്നവർക്കും പ്രത്യേകം മുറികളാണ് ഒരുക്കിയത്. കുടിവെള്ളം കയ്യിൽ കരുതാൻ അനുവാദം നൽകിയിരുന്നു.പരീക്ഷയ്ക്ക് മുന്നോടിയായി 21 പരീക്ഷ സെന്ററുകൾ ഫയർഫോഴ്സും 10 സെന്ററുകൾ കോർപ്പറേഷനും 9 സെന്ററുകൾ സന്നദ്ധപ്രവർത്തകരും ശുചീകരിച്ചിരുന്നു. കെഎസ്ആർടിസി യാത്രാ സൗകര്യം ഒരുക്കി. ഗതാഗതനിയന്ത്രണം, പരീക്ഷ നടത്തിപ്പ് ക്രമീകരണം, കണ്ടെയ്ൻമെന്റ് സോണിലെ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും യാത്ര ചുമതല എന്നിവ പോലീസ് വകുപ്പ് നിർവ്വഹിച്ചു. സാമൂഹ്യ സന്നദ്ധതസേവന ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത സന്നദ്ധപ്രവർത്തകരും പരീക്ഷാനടത്തിപ്പിന് സഹായമൊരുക്കി.പരീക്ഷ കഴിഞ്ഞിറങ്ങുന്ന വിദ്യാർത്ഥികളുടെ ഗ്ലൗസും മാസ്‌ക്കും സുരക്ഷിതമായി നിർമാർജ്ജനം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. ആരോഗ്യപ്രവർത്തകരുടെയും കുടുംബശ്രീ പ്രവർത്തകരുടെ സേവനവും ഓരോ സെന്ററുകളിലും ഉറപ്പാക്കിയിരുന്നു.

Comments are closed.