1470-490

പൊലീസ് സ്റ്റേഷനുകളിൽ ശിശു സൗഹൃദ ഇടങ്ങൾ

വായിക്കാൻ പുസ്തകങ്ങൾ, ചിത്രരചനയ്ക്ക് ചായ പെൻസിലുകൾ, കണ്ട് ആസ്വദിക്കാൻ ടെലിവിഷൻ. ഏതെങ്കിലും വായനശാലകളുടെ കാര്യമല്ല പറഞ്ഞു വരുന്നത് കേരളത്തിലെ പൊലീസ് സ്റ്റേഷനുകളെക്കുറിച്ചാണ്. ജില്ലയിൽ പോലീസ് സ്റ്റേഷനുകൾ ഇനി ശിശു സൗഹൃദ ഇടങ്ങളാവുകയാണ്. തൃശൂർ സിറ്റി പോലീസ് ജില്ലയിൽ ഒല്ലൂർ, നെടുപുഴ, ചാവക്കാട്, വടക്കാഞ്ചേരി, തൃശൂർ ടൗൺ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലാണ് അതാത് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇതിനോടകം ശിശുസൗഹൃദ കേന്ദ്രങ്ങളായി പൊതുജനങ്ങൾക്ക് തുറന്നു കൊടുത്തിട്ടുള്ളത്.വിവിധ ആവശ്യങ്ങൾക്കായി മാതാപിതാക്കൾക്കൊപ്പം പൊലീസ് സ്റ്റേഷനുകളിലേക്കെത്തുന്ന കുട്ടികൾക്ക് ഭയരഹിതരായി സമയം ചെലവഴിക്കാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മവിശ്വാസത്തോടെ സമീപിക്കാവുന്ന കേന്ദ്രങ്ങളായി പോലീസ് സ്റ്റേഷനുകളെ മാറ്റിയെടുക്കുകയുമാണ് ഈ സംവിധാനത്തിലൂടെ വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്. ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ എന്ന ആശയത്തിലൂടെ കുട്ടികൾക്കായി ടി.വി, പുസ്തകങ്ങൾ, ചിത്രം വരയ്ക്കാനുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്. കേരളത്തിലെ 75 പോലീസ് സ്റ്റേഷനുകളിലാണ് കുട്ടികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലവും സംവിധാനങ്ങളും തുറന്നുകൊടുത്തിട്ടുള്ളത്.മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ എല്ലാ കുട്ടികൾക്കും അദൃശ്യമായ സുരക്ഷാവലയം തീർക്കുകയാണ് പോലീസ് സ്റ്റേഷനുകളിലെ ശിശുസൗഹൃദ ഇടങ്ങൾ. ഇതോടെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനത്തിനും, കുട്ടികളെ അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കടമകളെയും കുറിച്ച് ബോധവാൻമാരാക്കുകയുമാണ് ശിശുസൌഹൃദ കേന്ദ്രങ്ങൾ.  

Comments are closed.