1470-490

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ തിരൂരിലെ പരിശോധന കേന്ദ്രം

തിരൂര്‍: നാഴികയ്ക്ക് നാല്‍പ്പതു വട്ടം കോവിഡ് പ്രോട്ടോക്കോളിനെ കുറിച്ച് ബോധവത്കരണം നടത്തുന്ന ആരോഗ്യവകുപ്പിന്റെ മൂക്കിന് താഴത്ത് ഗുരുതര കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം. സാമൂഹിക അകലം പോലും പാലിക്കാതെ ജനം തിങ്ങി നിരങ്ങി നില്‍ക്കുകയാണിവിടെ. വിവിധയിടങ്ങളില്‍ നിന്നുള്ള ഹെല്‍ത്ത് സെന്ററുകളില്‍ നിന്നയച്ചവര്‍ തമ്മില്‍ യാതൊരു തരത്തിലും സാമൂഹിക അകലം പാലിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല ഇവിടെ.
ആളുകള്‍ തിങ്ങി കൂടാതിരിക്കാനും സാമൂഹിക അകലം പാലിക്കാനുമാണ് ഓരോരുത്തര്‍ക്കും വ്യത്യസ്ത സമയം നല്‍കുന്നത്. ഇതും ഇവിടെ പാലിക്കപ്പെടുന്നില്ല. രണ്ടു മുതല്‍ അഞ്ചു മണിക്കൂര്‍ വരെ കാത്തിരിക്കുകയാണ് കോവിഡ് ടെസ്റ്റിനായി എത്തുന്ന ജനങ്ങള്‍. ഇക്കൂട്ടത്തില്‍ ശാരീരിക ആസ്വാസ്ഥ്യമുള്ളവരും ഗര്‍ഭിണികളും പിഞ്ചു കുഞ്ഞുങ്ങളുമെല്ലാമുണ്ട്.
എടപ്പാള്‍ വട്ടംകുളം ഹെല്‍ത്ത് സെന്ററില്‍ നിന്നും ഗര്‍ഭിണിയുമായി ഒരു കുടുംബം ആംബുലന്‍സില്‍ എത്തിയിരുന്നു. വട്ടംകുളം ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് ഇവരെ അയച്ചത്. ഒമ്പതു മാസമായ ഗര്‍ഭിണിയും രണ്ടു ചെറിയ കുട്ടികളും മൂന്നു മണിക്കൂറിലേറെയാണ് സാമൂഹിക അകലം പോലും പാലിക്കാത്ത ഇവിടെ കാത്തു നിന്നത്. ഒടുവില്‍ ലിസ്റ്റില്‍ പേരില്ലെന്നും പിന്നീട് വരാനുമായിരുന്നു നിര്‍ദേശം. അല്ലെങ്കില്‍ മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പോകണമെത്രെ. രാവിലെ പതിനൊന്നു മണിയോടെ ആംബുലന്‍സിലെത്തിയ മറ്റൊരു യുവാവിനും സമാനമായ അവസ്ഥ. ഭക്ഷണം പോലും കഴിക്കാതെ കാത്തു നിന്ന യുവാവ് ഒടുവില്‍ ബഹളം വച്ചു. തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡിന് സമീപത്തെ കോവിഡ് പരിശോധന കേന്ദ്രത്തിലാണ് യാതൊരു നിയന്ത്രണവും പാലിക്കാതെ പരിശോധന നടത്തുന്നത്. കോവിഡ് പരിശോധനയ്‌ക്കെത്തുന്നവര്‍ കാന്റീനില്‍ പോലും പോകരുതെന്ന കര്‍ശന നിര്‍ദേശം നല്‍കിക്കൊണ്ട് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ടിവിടെ. പക്ഷേ മണിക്കൂറുകള്‍ നില്‍ക്കുന്നവര്‍ക്ക് ഒരു തുള്ളി വെള്ളമോ ഇരിക്കാന്‍ ആവശ്യത്തിന് ഇരിപ്പിടമോ ഇവിടെ കരുതിയിട്ടില്ല. വരുന്നവര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ എന്നു നോക്കാന്‍ ഇവിടെ സെക്യൂരിറ്റി ജീവനക്കാരോ പോലീസോ ഇല്ല. തൃക്കണ്ടിയൂരില്‍ നിന്നും ശാരീരിക അസ്വാസ്ഥ്യത്തോടെയെത്തിയയാളും രണ്ടു മണിക്കൂറോളം കാത്തു നിന്നു മടങ്ങുകയായിരുന്നു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ കോവിഡ് പരിശോധനക്കെത്തിയതിന്റെ പേരില്‍ കോവിഡ് ബാധിക്കുന്നവരുണ്ടാകുമോ എന്ന ആശങ്കയാണ് പരിശോധനയ്‌ക്കെത്തുന്നവര്‍ പങ്കു വയ്ക്കുന്നത്. തുടക്കത്തില്‍ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തിരുന്ന കോവിഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി തുടങ്ങുന്നതിന്റെ സൂചനകളാണിതെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് തിരൂര്‍ ജില്ലാ ആശുപത്രിയിലെ അനുഭവം.

മെഡ്‌ലിങ് മീഡിയ തിരൂര്‍ ബ്യൂറോ.

Comments are closed.