1470-490

കാരുണ്യഹസ്തം നീട്ടി മർകസ് ; നാടണഞ്ഞ് രാജി

രാജിയും ഭർത്താവ് ബാബുവും

കെ.പത്മകുമാർ കൊയിലാണ്ടി

കൊയിലാണ്ടി : കോവിഡ് കാലത്തെ പ്രവാസ ജീവിതം നൽകിയ തിക്താനുഭവങ്ങൾക്കൊടുവിൽ പിറന്ന മണ്ണിലെത്തിയ ആഹ്ലാദത്തിലാണ് ഭർതൃമതിയായ രാജി. കഴിഞ്ഞ ഫെബ്രുവരി അവസാന വാരം മകളുടെ പ്രസവ സഹായത്തിന് അബൂദബിയിൽ എത്തിച്ചേർന്നതായിരുന്നു കൊയിലാണ്ടി കോമത്ത്കര ഗൗരീ നന്ദനത്തിൽ പി.കെ.രാജി.
ഒരു മാസത്തെ സന്ദർശക വിസയിൽ എത്തിയ രാജിക്ക് കോവിഡ് ദുരിതകാലം വന്നതോടെ പ്രതിസന്ധിയുടെ നാളുകളായി.
വീട്ടിൽ ഭർത്താവിനും രണ്ട് ആൺമക്കൾക്കും തുണയാകേണ്ട അവസ്ഥയുണ്ടായിട്ടും
മകളുടെ പ്രയാസമോർത്താണ് അബൂദാബിയിലേക്ക് യാത്രതിരിച്ചത്.
വിമാന സർവ്വീസുകൾ പുനരാരംഭിച്ചപ്പോൾ യാത്രക്ക് വേണ്ടി നോർക്കയിൽ രജിസ്റ്റർ ചെയ്തെങ്കിലും പ്രതീക്ഷകൾ വിദൂരത്തായിരുന്നു.
സാമ്പത്തിക പ്രയാസങ്ങളും തൊഴിൽ പ്രശ്നങ്ങളും ഭീമമായ തുകക്ക് ടിക്കറ്റ് എടുക്കുന്നത് തടസ്സമായി. ഇത്തരമൊരു നിസ്സഹായത നേരിട്ടപ്പോഴാണ് കൊയിലാണ്ടിയിലെ തുന്നൽകാരനായ
ഭർത്താവ് ബാബുവിന് മർകസിലെ ഉസ്താദുമാരുടെയും വിദ്യാർഥികളുടെയും വസ്ത്രം തയ്ക്കുന്ന പരിചയം വെച്ച് മർക്കസ് പ്രവർത്തകരുടെ സഹായം തേടിയത്.
തുടർന്ന് മർകസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾ, മർകസ് അലുംനി ചെയർമാൻ സി. പി. ഉബൈദുല്ലാഹ് സഖാഫി,
കൊയിലാണ്ടി സോൺ എസ്.വൈ. എസ് ഭാരവാഹിയായ അബ്ദുൽ കരീം നിസാമി
തുടങ്ങിയവർ രാജിയുടെ പ്രശ്ന പരിഹാരത്തിനായി തീവ്ര ശ്രമം നടത്തുകയായിരുന്നു. തുടർന്ന് മർകസ് യു.എ.ഇ അലുംനിയുടെ ചാർട്ടർ വിമാനത്തിൽ സൗജന്യമായി നാടണയുകയും ചെയ്തു. മർകസ്സിന്റെ കാരുണ്യ പ്രവർത്തനത്തിന് കാന്തപുരം ഉസ്താദിനോടും പ്രസ്ഥാനത്തിനോടും നന്ദി അറിയിച്ചു കൊണ്ടുള്ള രാജിയുടെ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
അബൂദബിയിലെ ദൽമയിൽ നിന്ന് യാത്രക്ക് വേണ്ടി തലേ ദിവസം ദുബൈയിലെത്തിയപ്പോൾ താമസ സൗകര്യം ഒരുക്കിത്തന്ന മർകസ് പൂർവ്വ വിദ്യാർഥി പൂനൂർ സ്വദേശി ശംസുവിനും കുടുംബത്തിനും യു.എ.ഇ യിലെ മർകസ് അലുംനി സാരഥികൾക്കും രാജിയുടെ കുടുംബം കടപ്പാട് അറിയിച്ചു.187 പേർക്കാണ് സൗജന്യമായി യാത്ര ചെയ്യാനായി യു.എ.ഇ മർകസ് അലുംനി ചാർട്ടേഡ് വിമാനം ഒരുക്കിയത്. ഇന്നലെ രാത്രി കരിപ്പുരിലെത്തിയ രാജി ക്വോറന്റൈനിൽ കഴിയുന്നതിന് സ്വദേശമായ എകരൂലിലേക്ക് മടങ്ങി

Comments are closed.