1470-490

വെളളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി

വെളളക്കെട്ട് ഒഴിവാക്കാൻ
അടിയന്തിര നടപടിക്ക് ജില്ലാ കളക്ടർ ഉത്തരവിട്ടു

കേരള ഹൈക്കോടതിയുടെ ജൂൺ 26 ലെ ഇടക്കാല ഉത്തരവ് പ്രകാരം തൃശൂർ ജില്ലയിൽ വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള അടിയന്തിര നടപടികൾ സ്വീകരിക്കാൻ ദുരന്തനിവാരണ നിയമം 2005 പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറും ഈ വിഷയത്തിൽ റിപ്പോർട്ട് നൽകിയിരുന്നു.
കോലഴി, ചേർപ്പ്, ചാഴൂർ, അടാട്ട്, അരിമ്പൂർ, മുല്ലശ്ശേരി, പാറളം, തോളൂർ, വെങ്കിടങ്ങ്, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെയും തൃശൂർ കോർപ്പറേഷൻ അയ്യന്തോൾ ഡിവിഷനിലെയും കനാലുകളിലും ജലനിർഗ്ഗമന ചാലുകളിലും ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്നതും അനധികൃതമായി മത്സ്യബന്ധത്തിനായി ഏർപ്പെടുത്തിയിട്ടുളളതുമായ എല്ലാവിധ തടസ്സങ്ങളും രണ്ട് ദിവസത്തിനകം നീക്കം ചെയ്യണം. ഇതിനുളള നടപടികൾ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, കെഎൽഡിസി കൺസ്ട്രക്ഷൻ എഞ്ചിനീയർ എന്നിവർ അടിയന്തരമായി സ്വീകരിക്കണം.
മേൽപ്പറഞ്ഞ തദ്ദേശസ്ഥാപനങ്ങളിലെ തോടുകൾ, കനാലുകൾ, ജലനിർഗ്ഗമന ചാലുകൾ എന്നിവയിൽ വെളളത്തിന്റെ സ്വാഭാവിക ഒഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന എല്ലാ വിധത്തിലുളള അനധികൃത നിർമ്മാണങ്ങൾ, കയ്യേറ്റങ്ങൾ ഉൾപ്പെടെയുളളവ നീക്കം ചെയ്ത് പൂർവ്വസ്ഥിതിയിലാക്കുന്നതിനുളള നടപടികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ ഈ ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനകം പൂർത്തീകരിക്കണം.
ഇവിടങ്ങളിലെ വെളളക്കെട്ടിനിടയാക്കുന്ന മീൻപത്തായങ്ങൾ, കനാലുകൾ എന്നിവയുടെ സ്ലൂയിസുകൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിൽ വരുന്ന താലൂക്ക് തഹസിൽദാർമാർ, വില്ലേജ് ഓഫീസർ, കൃഷി ഓഫീസർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉത്തരവ് ലഭിച്ച് രണ്ട് ദിവസത്തിനുളളിൽ ക്രമാനുസൃതമായി തുറന്ന് വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള നടപടികൾ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കെഎൽഡിസി കൺസ്ട്രക്ഷൻ എഞ്ചിനീയർ എന്നിവർ അടിയന്തരമായി സ്വീകരിക്കേണ്ടതാണെന്നും കളക്ടർ ഉത്തരവിൽ പറഞ്ഞു.
അനധികൃത നിർമ്മാണങ്ങൾ, വെളളക്കെട്ട് എന്നിവ ഒഴിവാക്കുന്നതിനുളള നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് സംരക്ഷണം നൽകാൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. പ്രവൃത്തികളുടെ മേൽനോട്ടം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും കോർപ്പറേഷൻ സെക്രട്ടറിക്കുമായിരിക്കും. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.  

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573