1470-490

മാധ്യമങ്ങൾ അതിവൈകാരികത ഒഴിവാക്കണം:ഡോ. എം. വി. പിള്ള

കോവിഡ്-19 വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ അതിവൈകാരികത ഒഴിവാക്കണമെന്ന് പ്രമുഖ കാൻസർ ചികിത്സാ വിദഗ്ദ്ധനും ഇന്റർനാഷണൽ നെറ്റ്വർക്ക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച്ച് പ്രസിഡന്റുമായ ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു. ആരോഗ്യ-പ്രതിരോധ റിപ്പോർട്ടിംഗിൽ ആരോഗ്യശാസ്ത്രത്തെപ്പറ്റി സവിശേഷ അറിവ് സമ്പാദിക്കുന്നത് നന്നാകും. ഇത്തരത്തിൽ മികവുളള 20 ശാസ്ത്രപരിജ്ഞാന റിപ്പോർട്ടർമാരെങ്കിലും ഉണ്ടാകേണ്ടത് സംസ്ഥാനത്തിന് ആവശ്യമാണെന്നും കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ‘വെബിനാറിൽ അദ്ദേഹം പറഞ്ഞു. ‘കോവിഡ് 19 പ്രതിരോധത്തിലെ കേരള ആരോഗ്യമേഖലയുടെ പബ്ലിക് റിലേഷൻസ് പാഠങ്ങൾ’ എന്നതായിരുന്നു വിഷയം.

കോവിഡ് ബാധിച്ച അഞ്ചുമാസം പ്രായമുളള കുഞ്ഞ് മരിച്ചപ്പോൾ കോവിഡ് മരണമെന്ന് സംഭ്രമജനകമായി മാധ്യമങ്ങളിൽ റിപ്പോർട്ടു വന്നു. ഗൗരവമുളള മറ്റ് പല അസുഖങ്ങളും ആ കുഞ്ഞിന് ഉണ്ടായിരുന്നു. മരണ കാരണം കോവിഡാണെന്ന് വൈദ്യശാസ്ത്രം നിഗമനത്തിലെത്തിയിട്ടുമില്ല. ഇത്തരം ഘട്ടങ്ങളിൽ മാധ്യമങ്ങൾ സെൻസേഷണലിസത്തിന് പിന്നാലെ പോകരുത്. പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോർട്ടുകളിലെ ആധികാരികത മികവുറ്റതാണ്. ആരോഗ്യശാസ്ത്രവിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നമ്മുടെ മാധ്യമപ്രവർത്തകരെ മികവുറ്റവരാക്കുന്നതിനുളള മാധ്യമപരിശീലനം ശക്തിപ്പെടുത്തണമെന്നും എം.വി.പിളള അഭിപ്രായപ്പെട്ടു.അതിവൈകാരികമായ റിപ്പോർട്ടിംഗ് കൊവിഡ് പ്രതിരോധത്തെ ദുർബലപ്പെടുത്തുന്ന അനുഭവമുണ്ടെന്ന് കേരള സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ ചൂണ്ടിക്കാട്ടി. പ്രവാസികളുടെയും മറുനാടൻ മലയാളികളുടെയും കേരളത്തിലേക്കുളള വരവിനെ ആസ്പദമാക്കിയുളള റിപ്പോർട്ടുകൾ അദ്ദേഹം ഉദാഹരിച്ചു. കോവിഡിന്റെ സാമൂഹികവ്യാപന ഭീഷണി സംസ്ഥാനം നേരിടുകയാണെങ്കിലും അതിനെ അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന് അഷീൽ പറഞ്ഞു. മഹാമാരിയെ തടഞ്ഞുനിർത്തുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ഇരുവരും വ്യക്തമാക്കി. ബ്രേക്ക് ദ ചെയിൻ വിജയമാക്കാൻ കോടിക്കണക്കിന് രൂപയുടെ മാധ്യമ ഇടമാണ് അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങൾ സൗജന്യമായി നൽകിയതെന്ന് മുഹമ്മദ് അഷീൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.എം.ശങ്കർ, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് വിഭാഗം മേധാവി വി.ജെ.വിനീത എന്നിവരും സംസാരിച്ചു.കോവിഡ് പശ്ചാത്തലത്തിലെ ആരോഗ്യ വാർത്തകളുടെ റിപ്പോർട്ടിംഗിനെ കുറിച്ചുളള മീഡിയ അക്കാദമിയുടെ അടുത്ത വെബിനാർ ജൂലൈ മൂന്നിന് ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ നടക്കും. കോവിഡ് പ്രതിരോധ ഉന്നതാധികാര സമിതി ചെയർമാൻ ഡോ.ബി.ഇക്ബാൽ, ദ ടെലഗ്രാഫ് എഡിറ്റർ ആർ.രാജഗോപാൽ (കൊൽക്കത്ത), ടൈംസ് ഓഫ് ഇന്ത്യ എഡിറ്റർ-റിസർച്ച് രമാ നാഗരാജൻ (ഡൽഹി) എന്നിവർ സംസാരിക്കും.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573