1470-490

മലബാർ സമരം: മുൻവിധികളല്ല വസ്തുതകളാണ് ആധാരമാക്കേണ്ടത്.

മലബാർ സമരം: മുൻവിധികളല്ല വസ്തുതകളാണ് ആധാരമാക്കേണ്ടത്. ചരിത്ര സെമിനാർ

ഗ്രീന സ്ക്വയർ: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത പോരാട്ടങ്ങളാണ് മലബാർ സമരമെന്നും മുൻ വിധികളല്ല വസ്തുതകളാണ് ഇതിന്റെ പുനർ വായനക്ക് ആധാരമാക്കേണ്ടതെന്നും ഗ്രീൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഓൺലൈൻ ചരിത്ര സെമിനാർ അഭിപ്രായപ്പെട്ടു. ‘വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: ജീവിതവും പോരാട്ടവും’ എന്ന ശീർഷകത്തിലായിരുന്നു സെമിനാർ. ഇന്ത്യയിലെ ആദ്യത്തെ കൊളോണിയൽ വിരുദ്ധ സമരങ്ങൾ മലബാറിൽ നിന്നാണ് തുടക്കം കുറിച്ചത്. അതാത് കാലത്തെ വൈദേശിക ശക്തികൾക്കെതിരായ ചെറുത്ത് നിൽപ്പുകൾക്ക് നായകത്വമേകിയ കുഞ്ഞാലി മരക്കാർ മുതൽ വാരിയംകുന്നൻ വരെയുള്ള സമര പോരാളികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു. വെറും ഗറില്ലാ പോരാട്ടത്തിലൂടെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആറ് മാസത്തേക്ക് മലബാറിൽ നിന്ന് കെട്ട്കെട്ടിക്കാൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിക്കായി. അക്കാലത്തെ ഏറ്റവും പ്രചാരമുള്ള ലണ്ടൻ ടൈംസ് അടക്കമുള്ള പത്രങ്ങൾ ഈ സംഭവം ഏറെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ബ്രിട്ടീഷ് പാർലമെന്റിൽ ഈ പരാജയം ഗൗരവ്വമായ ചർച്ചകൾക്ക് കാരണമായി. അക്കാലത്ത് അവർക്കേറ്റ കനത്ത ആഘാതമായിരുന്നു മലബാറിലേത്. എന്നാൽ ഈ വീറുറ്റ സമരത്തെയും അതിന്റെ നായകരെയും തെറ്റിദ്ധരിപ്പിക്കാനും തമസ്കരിക്കാനുമുള്ള ബോധ പൂർവ്വമുള്ള ശ്രമങ്ങളാണ് നിർഭാഗ്യവശാൽ പിന്നീടുണ്ടായത്. ആ ജ്വലിക്കുന്ന സമര സ്മരണകൾക്ക് നൂറാണ്ട് തികയുമ്പോഴും ഇത് അഭംഗുരം തുടരുകയാണ്. ഇപ്പോഴത്തെ
വിവാദങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും മലബാർ സമരങ്ങളുടെ യാഥാർത്ഥ്യങ്ങൾ പൊതു ശ്രദ്ധയിലെത്തിക്കാൻ കൂടുതൽ ഗൗരവ്വമായ ശ്രമങ്ങളുണ്ടാവണമെന്നും സെമിനാർ നിരീക്ഷിച്ചു.

ചരിത്ര ഗവേഷകനും കൊണ്ടോട്ടി മോയീൻകുട്ടി വൈദ്യർ സ്മാരക അക്കാദമി ചെയർമാനുമായ ഡോ: ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.
ഗ്രീൻ ഫൗണ്ടേഷൻ പ്രസിഡന്റ് അരീക്കൻ ലതീഫ് അധ്യക്ഷത വഹിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകൻ പി ടി നാസർ, ഐ പി എച്ച് അസിസ്റ്റന്റ് ഡയറക്ടർ കെ ടി ഹുസൈൻ, പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ കെ പി ഒ. റഹ് മത്തുള്ള, മാപ്പിള ചരിത്ര ഗവേഷകൻ മാലിക് മഖ്ബൂൽ ആലുങ്ങൽ എന്നിവർ പ്രസംഗിച്ചു.
ജന:സെക്രട്ടറി ഫൈസൽ മാലിക് വി എൻ സ്വാഗതവും ട്രഷറർ പി കെ.അലിഹസ്സൻ നന്ദിയും പറഞ്ഞു

Comments are closed.