1470-490

ഗുരുവായൂർ: കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഗുരുവായൂർ: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; ഗുരുവായൂരിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ താൽക്കാലികമായി ഓട്ടം നിർത്തി. ഗുരുവായൂർ ഡിപ്പോയിലെ കണ്ടക്ടറായ എടപ്പാൾ സ്വദേശിയ്ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇത് തുടർന്ന് ഗുരുവായൂർ ഡിപ്പോയിലെ ബസുകൾ ഇന്ന് നിരത്തിലിറങ്ങിയില്ല. ഈ മാസം 25നാണ് ഇയാൾ അവസാനമായി ജോലിയ്‌ക്കെത്തിയിരുന്നത്. അന്ന് രാവിലെ 8.45 ന് ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് കാഞ്ഞാണി വഴി 10 ന് തൃശൂരിൽ എത്തിയ ബസ്സിൽ ജോലി ചെയ്തിരുന്നു. 15, 22 തിയതികളിലും ഇയാൾ ജോലിയ്‌ക്കെത്തിയിരുന്നു. ആ ദിവസങ്ങളിൽ വൈറ്റില, പാലക്കാട് റൂട്ടുകളിലെ ബസുകളിലാണ് ജോലി ചെയ്തിട്ടുള്ളതെന്നും പറയുന്നു.
ഇന്ന് രാവിലെ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാൾ ജോലി ചെയ്ത മൂന്ന് ബസുകൾ ഒഴികെയുള്ള ബസുകൾ സർവീസ് നടത്താൻ അധികൃതർ ശ്രമം നടത്തിയെങ്കിലും ജോലിയെടുക്കാൻ മറ്റു ജീവനക്കാർ തയ്യാറായില്ല. ഇതേ തുടർന്ന് ഗുരുവായൂരിൽ നിന്നുള്ള സർവീസുകൾ നിർത്തിവെയ്ക്കുകയായിരുന്നു.
25ന് ഇയാൾ ജോലിയ്ക്ക് വരുമ്പോൾ പനിയുണ്ടായിരുന്നതായി മറ്റു ജീവനക്കാർ പറയുന്നുണ്ട്. എടപ്പാൾ സ്വദേശിയായ ഇയാളുടെ സമീപവാസികൾക്ക് നേരത്തെ കോവിഡ് കണ്ടെത്തിയിരുന്നുവത്രെ.
കണ്ടക്ടർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ സന്ദർശനം നടത്തി. ബസ് സ്റ്റാന്റും പരിസരവും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.

Comments are closed.