1470-490

വരുന്നൂ ഡ്രൈവറില്ലാ കാറുകൾ

ലോകത്തെ വമ്പൻ വാഹന നിർമാതാക്കളിൽ പലരും ഡ്രൈവറില്ലാ കാറുകളുടെ പണിപ്പുരയിലാണ്. ഈ നിരയിലേക്ക് എത്തുകയാണ് ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡീസും. ജർമൻ ആഡംബര വാഹന നിർമാതാക്കളായ മെഴ്സിഡസ് ബെൻസിന്റെ ഡ്രൈവർ ആവശ്യമില്ലാത്ത ഓട്ടോണമസ് കാർ 2024-ൽ നിരത്തുകളിലെത്തും.

മൊബൈൽ കംപ്യൂട്ടിങ്, വാഹന വിപണികൾക്ക് ആവശ്യമായ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റുകൾ നിർമിക്കുന്ന അമേരിക്കൻ ടെക്നോളജി കമ്പനിയായ എൻവീഡിയ കോർപ്പറേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഈ കാറുകളെത്തുക. ഇരുകൂട്ടരും ഇതു സംബന്ധിച്ച് ധാരണയിലെത്തി.

വാഹനത്തിന്റെ ചിപ്പുകളും സോഫ്റ്റ്വേറുമായിരിക്കും എൻവീഡിയ ലഭ്യമാക്കുക. ഇടപാട് എത്ര തുകയുടേതാണെന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. ഇരു കമ്പനികളും ഡ്രൈവർലെസ് കാറുകളെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാർ സാങ്കേതിക വിദ്യയെയും കുറിച്ച് അഞ്ചു വർഷത്തിലേറെയായി പഠിച്ചുവരികയായിരുന്നു.

തായ്വാൻ വംശജനായ ജെൻസെൻ ഹുവാങ് എന്ന ഇലക്ട്രിക്കൽ എൻജിനീയറുടെ നേതൃത്വത്തിൽ 1993-ൽ അമേരിക്കയിൽ തുടങ്ങിയ കമ്പനിയാണ് എൻവീഡിയ. കമ്പനിയുടെ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ യോഗ്യമായ കമ്പനിയുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഹുവാങ് പറഞ്ഞു.

Comments are closed.