1470-490

തിയ്യറ്ററുകൾ അടച്ച് പൂട്ടിയിട്ട് നൂറ് ദിനങ്ങൾ പിന്നിട്ടു

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സിനിമ തിയ്യറ്ററുകൾ അടച്ച് പൂട്ടിയിട്ട് നൂറ് ദിനങ്ങൾ പിന്നിട്ടു. മൾട്ടിപ്ലക്സുകൾ ഉൾപ്പെടെ അറുന്നൂറ്റി അമ്പതോളം തിയ്യറ്ററുകളാണ് അടച്ച് പൂട്ടിയത്. ആയിര കണക്കിന് വരുന്ന ജീവനക്കാരുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിൽ. സൂപ്പർ ഹിറ്റ് സിനിമകൾ നൂറ് ദിനങ്ങൾ പ്രദർശിപ്പിച്ചതിന്റെ ആഘോഷങ്ങൾ കണ്ട തിയ്യറ്റർ ഉടമകളും ജീവനക്കാരും ചരിത്രത്തിൽ സമാനതകളില്ലാത്ത വർത്തമാന കാല അവസ്ഥക്ക് മുന്നിൽ പകച്ച് നിൽക്കുകയാണ്. അറനൂറ്റി അമ്പതോളം വരുന്ന തിയ്യറ്ററുകളിലായി നാലായിരത്തോളം വരുന്ന ജീവനക്കാരാണുള്ളത്. ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുന്നവർ, ടിക്കറ്റ് കളക്ട് ചെയ്യുന്നവർ, കാന്റീൻ ജീവനക്കാർ, പോസ്റ്റർ ഒട്ടിക്കുന്നവർ, പോസ്റ്റർ ഡിസൈൻ ചെയ്യുന്നവർ, പോസ്റ്റർ പ്രിന്റ് ചെയ്യുന്നവർ, ഫ്ലക്സ് കെട്ടുന്നവർ, സാറ്റ്‌ലൈറ്റ് മേഖലയിലുള്ളവർ, വിതരണക്കമ്പനികൾ, റെപ്രസൻറേറ്റീവ്സ്, ക്ലീനിങ്ങ് തൊഴിലാളികൾ തുടങ്ങിയവരിൽ ഇതിൽ ഉൾപ്പെടും. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുമുണ്ട്. മൂന്ന് മാസത്തിലേറെയായി വരുമാനം നിലച്ച തൊഴിലാളി കുടുബങ്ങളുടെ ജീവിതം ചോദ്യചിഹ്നമായി മാറിയെങ്കിലും യാതൊരുവിധ സഹായവും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. തൊഴിലാളികൾ സമാനമായ സ്ഥിതിയാണ് ഈ മേഖലയിലെ തിയ്യറ്റർ ഉടമകൾക്കുമുള്ളത്. ഭീമമായ സംഖ്യ ലോൺ എടുത്ത് തിയ്യറ്റർ നടത്തിയിരുന്ന ഉടമകൾ ലോണിന്റെ തിരിച്ചടവ്, കറന്റ് ബില്ല്, തുടങ്ങിയവക്ക് പണം കണ്ടെത്താനാകാതെ നെട്ടോട്ടത്തിലാണ്. പല തിയ്യറ്ററുകളിലും പ്രോജക്ട്റുകൾ ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രോജക്ടറിന്കേടുപ്പാടുകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് പറയുന്നു. കൂടാതെ ജനറേറ്ററും ആഴച്ചയിൽ രണ്ടോ, മൂന്നോ വട്ടം പ്രവർത്തിക്കേണ്ടി വരുന്നുണ്ട്. വരുമാനം പൂർണ്ണമായും നിലച്ച അവസ്ഥയിൽ ഇതിനെല്ലാമുള്ള പണം കണ്ടെത്താൻ തിയ്യറ്റർ ഉടമകൾ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കൂടാതെ പുതിയ റിലീസ് ചിത്രങ്ങൾക്കായി നൽകിയ പണം തിരിച്ച് കിട്ടാത്ത സ്ഥിതിയിലുമാണ്. കലകാരൻമാർക്ക് നൽകിയ ആയിരം രൂപയെങ്കിലും ഈ മേഖലയിലെ തൊഴിലാളികൾ നൽകാൻ സർക്കാർ തയ്യാറകണമെന്ന് സിനിമ പ്രവർത്തകനും പ്രൊഡക്ഷൻ കൺട്രോളറുമായ ഷാജി പട്ടിക്കര പറഞ്ഞു. തിയ്യറ്റർ തൊഴിലാളികളെ സംരക്ഷിക്കാൻ ചലച്ചിത്ര താരങ്ങളും സംഘടനകളും മുന്നോട്ട് വരണമെന്നും ഷാജി കൂട്ടി ചേർത്തു. തിയ്യറ്ററുകൾ പൂര പറമ്പാകുന്ന വേനലവധിയും, വിഷുവും, ഈസ്റ്ററും, ചെറിയ പെരുന്നാളും കഴിഞ്ഞ് പോയി. ഇനി തിയ്യറ്ററുകൾ തുറന്നാൽ തന്നെ എന്താകുമെന്ന ആശങ്കയും തിയ്യറ്റർ ഉടമകൾക്കും തൊഴിലാളികൾക്കുമുണ്ട്. ആരാധനാലയങ്ങളിലുൾപ്പെടെ ആളുകള പ്രവേശിക്കുന്നതിന് അനുമതി നൽകിയ സർക്കാർ, സിനിമ തിയ്യറ്ററുകളുടെ കാര്യത്തിൽ എന്ന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കാത്തിരിപ്പിലാണ് ഉടമകൾക്കൊപ്പം തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങും.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260